അർജന്റീന ഫാൻസ്‌ പോലെയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ, ക്ലബ്ബിലേക്ക് തിരിച്ചു വരുമെന്ന് പെരേര ഡയസ് | Kerala Blasters

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി മികച്ച പ്രകടനം നടത്തിയ താരമാണ് ജോർഗെ പെരേര ഡയസ്. കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലിൽ വരെ എത്തിക്കുന്നതിൽ നിർണായക പങ്ക് അർജന്റീന താരം വഹിച്ചു. പതിനെട്ടു മത്സരങ്ങൾ ലീഗിൽ കളിച്ച താരം എട്ടു ഗോളുകളും ഒരു അസിസ്റ്റുമാണ് ക്ലബിനായി സ്വന്തമാക്കിയത്. എന്നാൽ സീസൺ അവസാനിച്ചതോടെ കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും മുംബൈ സിറ്റിയിലേക്ക് ചേക്കേറുകയായിരുന്നു താരം.

ബ്ലാസ്റ്റേഴ്‌സിന്റെ ഓഫർ തഴഞ്ഞാണ് ഡയസ് മുംബൈ സിറ്റിയെ തിരഞ്ഞെടുത്തത് എന്നാണു ഏവരും കരുതിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലൂടെ തനിക്ക് ടീമിൽ തുടരാൻ താൽപര്യം ഉണ്ടായിട്ടും മാനേജ്‌മെന്റ് അത് വേണ്ടെന്നു വെക്കുകയായിരുന്നു എന്ന് താരം വെളിപ്പെടുത്തി. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ കളിക്കളത്തിൽ കാണിക്കുന്ന ആവേശത്തെയും താരം പ്രശംസിക്കുകയുണ്ടായി.

“കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ എല്ലാ സത്യവും അറിയണമെന്നും, എനിക്കും കുടുംബത്തിനും നേരെയുള്ള രോഷം അവസാനിപ്പിക്കണം എന്നും ഞാൻ ആഗ്രഹിക്കുന്നു. വളരെയധികം വ്യത്യസ്‌തതയുള്ള, ആവേശം നിറഞ്ഞ ഈ ആരാധകരെ ഞാൻ വളരെയധികം ഇഷ്‌ടപ്പെടുന്നു. ക്ലബിനും ഫുട്ബോളിനും അർജന്റീനിയൻസ് നൽകുന്ന പിന്തുണ പോലെയാണത്. ഒരിക്കൽ തിരിച്ചു വന്ന് അവർ ആഗ്രഹിച്ചത് നേടിക്കൊടുക്കാൻ കഴിയുമെന്ന് കരുതുന്നു.” ഡയസ് പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സ് തനിക്ക് പുതിയ ഓഫർ നൽകി അതിൽ ഒപ്പിട്ടു തിരിച്ചയച്ചെങ്കിലും പിന്നീട് തന്നെ വേണ്ടെന്ന അറിയിപ്പാണ് ലഭിച്ചതെന്നും താരം പറഞ്ഞു. അതിനു ശേഷം പരിശീലകനിൽ നിന്നും സ്പോർട്ടിങ് ഡയറക്റ്ററിൽ നിന്നും താനൊരു വാക്ക് പോലും കേട്ടിട്ടില്ലെന്നും ഡയസ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഡയസ് തീരുമാനം എടുക്കാനുള്ള സമയം വൈകിപ്പിച്ചതു കൊണ്ടാണ് താരത്തെ ഒഴിവാക്കിയതെന്നാണ് സ്‌കിങ്കിസ് പറഞ്ഞത്.

ഡയസിനെ പോലെ കഴിഞ്ഞ സീസണിൽ മിന്നുന്ന പ്രകടനം നടത്തിയ ഒരു താരം കരാർ പുതുക്കാമെന്ന് അറിയിച്ചിട്ടും വിട്ടു കളഞ്ഞിട്ടുണ്ടെങ്കിൽ അത് വലിയൊരു പിഴവ് തന്നെയാണെന്നതിൽ സംശയമില്ല. ഈ സീസണിൽ 16 മത്സരങ്ങളിൽ മുംബൈ സിറ്റിക്ക് വേണ്ടി ആദ്യ ഇലവനിൽ ഇറങ്ങിയ താരം പതിനൊന്നു ഗോളുകളും ആറ് അസിസ്റ്റുകളുമാണ് ടീമിന് വേണ്ടി സ്വന്തമാക്കിയത്.

Kerala Blasters Fans Are Like Argentinean Fans Says Pereyra Diaz

ArgentinaJorge Pereyra DiazKerala Blasters
Comments (0)
Add Comment