“കേരള ബ്ലാസ്റ്റേഴ്‌സ് കടുപ്പമേറിയ എതിരാളികളെങ്കിലും ജയിക്കാനുള്ള പദ്ധതി ഞങ്ങളുടെ കയ്യിലുണ്ട്”- ആത്മവിശ്വാസത്തോടെ ഹൈദരാബാദ് പരിശീലകൻ | Kerala Blasters

ഇന്റർനാഷണൽ ബ്രേക്കിനു ശേഷമുള്ള ആദ്യത്തെ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് നാളെ കൊച്ചിയുടെ മൈതാനത്ത് ഇറങ്ങുകയാണ്. സീസണിൽ കളിച്ച ആറു മത്സരങ്ങളിൽ നിന്നും നാല് വിജയം നേടിയ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് നിൽക്കുന്നത്. പതിനൊന്നാം സ്ഥാനത്തു നിൽക്കുന്ന ഹൈദരാബാദ് എഫ്‌സിയാണ് നാളെ നടക്കാനിരിക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. അതിനാൽ വിജയം നേടാമെന്ന പ്രതീക്ഷ ബ്ലാസ്റ്റേഴ്‌സിനുണ്ട്.

പോയിന്റ് ടേബിളിൽ ഹൈദരാബാദ് എഫ്‌സി പിന്നിൽ നിൽക്കുകയാണെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ വിജയം നേടാൻ തന്നെയാണ് ടീം ഇറങ്ങുന്നതെന്നാണ് അവരുടെ പരിശീലകനായ താങ്‌ബോയ് സിങ്‌ടോ പറയുന്നത്. രണ്ടു വർഷത്തോളം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ടെക്‌നിക്കൽ ഡയറക്‌ടറും അസിസ്റ്റന്റ് കോച്ചുമായിരുന്ന അദ്ദേഹം ഈ സീസണിനു മുന്നോടിയായാണ് ഹൈദരാബാദിന്റെ പരിശീലകനായത്. കഴിഞ്ഞ ദിവസം സിങ്‌ടോ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.

“കേരളത്തിലേക്ക് പോകുന്നതിനു ഒരു പ്രത്യേക പ്രാധാന്യമുണ്ട്. എല്ലാവർക്കും അറിയുന്നതു പോലെത്തന്നെ കേരളം ഫുട്ബോളിനെ സമ്പന്നമാക്കുന്ന ഇടമാണ്, അവിടുത്തെ അന്തരീക്ഷം കളിക്കാർക്കും ആവേശം നൽകും, നല്ല ഓർമകളും. ആക്രമണനിരയെയും ഗോളടിക്കാനുള്ള മികവിനെയുമാണ് ഞങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിച്ചത്. പരിശീലനത്തിൽ ശ്രദ്ധിച്ചതും അതു തന്നെ. കേരളം വലിയൊരു ഭീഷണിയാണ്, എന്നാൽ എക്കാലവും നിലനിൽക്കുന്ന ഒരു ഓർമ സൃഷ്‌ടിക്കുകയാണ് ഞങ്ങളുടെ ലക്‌ഷ്യം.”

“ഈ ബ്രേക്ക് ഞങ്ങൾക്ക് ഗുണമാണ് ചെയ്‌തത്‌. എങ്കിലും തുടർച്ചയായ മത്സരങ്ങൾ കളിക്കുന്നതാണ് താരങ്ങൾക്ക് ഗുണം ചെയ്യുക. എങ്കിലും ഫിഫയുടെ ആഗോളതലത്തിലുള്ള കലണ്ടറിനെ ഞാൻ ബഹുമാനിക്കുന്നു. ഞങ്ങൾ ആദ്യത്തെ മൂന്നു മത്സരത്തിൽ തോറ്റെങ്കിലും അതിനു ശേഷമുള്ള മൂന്നെണ്ണത്തിൽ സമനില നേടി തിരിച്ചു വന്നു. ഫലങ്ങൾ നോക്കുകയാണെങ്കിൽ ഞങ്ങൾ തോറ്റത് വലിയ മാർജിനിലല്ല. ഈ ബ്രേക്ക് കട്ടിമാണി അടക്കം ചില താരങ്ങൾ തിരിച്ചെത്താനും സഹായിച്ചു.” സിങ്‌ടോ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകക്കൂട്ടം ടീമിന്റെ ആത്മവിശ്വാസത്തെ തളർത്തില്ലെന്നും തന്റെ കളിക്കാർക്ക് വലിയ ആരാധകരുള്ള സ്റ്റേഡിയത്തിൽ കളിച്ച് പരിചയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വമ്പൻ ആരാധകരുള്ള സ്റ്റേഡിയത്തിൽ കളിക്കുന്നത് താരങ്ങൾ ഇഷ്‌ടപ്പെടുന്ന കാര്യമാണെന്ന് പറഞ്ഞ സിങ്‌ടോ അവർ മാനസികമായും ശാരീരികാപരമായും തയ്യാറെടുത്തു കഴിഞ്ഞുവെന്നും വ്യക്തമാക്കി. മത്സരത്തിൽ ക്ലീൻ ഷീറ്റ് നേടുകയാണ് ടീമിന്റെ ലക്ഷ്യമെന്നും അവർ വ്യക്തമാക്കി.

Kerala Blasters Fans Not A Concern For Hyderabad FC Says Singto

Hyderabad FCIndian Super LeagueISLKerala BlastersThangboi Singto
Comments (0)
Add Comment