കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരുന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസം ക്ലബ് നടത്തിയിരുന്നു. മൂന്നു വർഷം ടീമിനെ നയിച്ച ആരാധകരുടെ പ്രിയങ്കരനായ ഇവാൻ വുകോമനോവിച്ചിന് പകരക്കാരനായി നാല്പത്തിയെട്ടുകാരനായ സ്വീഡിഷ് പരിശീലകൻ മൈക്കൽ സ്റ്റാറെ ബ്ലാസ്റ്റേഴ്‌സ് നിയമിച്ചു. ആദ്യമായാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരു സ്വീഡിഷ് സ്വദേശി മുഖ്യപരിശീലകനായി എത്തുന്നത്.
പുതിയ പരിശീലകനെ നിയമിച്ചതിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരിൽ നിന്നും സമ്മിശ്രമായ അഭിപ്രായങ്ങളാണ് കേൾക്കുന്നത്. പരിചയസമ്പന്നനായ പരിശീലകനാണെങ്കിലും അദ്ദേഹം വേണ്ടത്ര കിരീടങ്ങൾ നേടിയിട്ടില്ല എന്നതാണ് ആരാധകരിൽ ചിലർ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം മറ്റു ചിലർ അദ്ദേഹത്തിന് ടീമിനെക്കൊണ്ട് മികച്ച പ്രകടനം നടത്തിക്കാൻ കഴിയുമെന്ന് വിശ്വസിക്കുകയും ചെയ്യുന്നു.
അതേസമയം സ്വീഡിഷ് പരിശീലകന് ആരാധകർ നൽകുന്ന പിന്തുണക്ക് യാതൊരു കുറവുമില്ല. കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകനെ പ്രഖ്യാപിക്കുന്നതിന് തൊട്ടു മുൻപാണ് മൈക്കൽ സ്റ്റാറെ ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങുന്നത്. ഒരു ദിവസം പിന്നിട്ടപ്പോഴേക്കും അദ്ദേഹത്തിന്റെ ഫോളോവേഴ്‌സിന്റെ എണ്ണം ഒരു ലക്ഷം കവിഞ്ഞിട്ടുണ്ട്.
അതിനു പുറമെ പുതിയ പരിശീലകനെ സ്നേഹത്തോടെ പുതിയ പേരുകൾ നൽകാനും ആരാധകർ മുന്നിലുണ്ട്. മുൻപ് ഇവാൻ വുകോമനോവിച്ചിനെ ഇവാനാശാൻ എന്ന് സ്നേഹത്തോടെ വിളിച്ച ആരാധകർ മൈക്കൽ സ്റ്റാറെയെ മൈക്കിളേട്ടൻ, മിഖായേൽ മാലാഖ എന്നീ പേരുകളാണ് വിളിക്കുന്നത്. പുതിയ പരിശീലകന് വലിയ പിന്തുണയും അവർ വാഗ്‌ദാനം ചെയ്യുന്നു.
ഒട്ടനവധി വർഷങ്ങളുടെ പരിചയസമ്പത്തുള്ള പരിശീലകനാണ് മൈക്കൽ സ്റ്റാറെ. അദ്ദേഹത്തിന്റെ ഒരേയൊരു പോരായ്‌മ ഏഷ്യയിൽ പരിശീലിപ്പിച്ച ടീമുകളിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നത് മാത്രമാണ്. എന്നാൽ അദ്ദേഹം പരിശീലിപ്പിച്ചതും വമ്പൻ ടീമുകളെ ആയിരുന്നില്ല. അതുകൊണ്ടു തന്നെ ബ്ലാസ്റ്റേഴ്‌സിൽ അത്ഭുതങ്ങൾ സൃഷ്‌ടിക്കാൻ കഴിയുമെന്ന പ്രതീക്ഷ ആരാധകർക്കുണ്ട്.
Kerala Blasters Fans Support Mikael Stahre