ഇന്ത്യൻ സൂപ്പർ ലീഗിലെ പുതിയ മാർക്കറ്റ് വാല്യൂ പുറത്തു വിട്ടപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഉണ്ടാക്കിയത് വലിയ കുതിപ്പ്. കഴിഞ്ഞ ദിവസമാണ് പ്രമുഖ വെബ്‌സൈറ്റായ ട്രാൻസ്‌ഫർ മാർക്കറ്റ് ഇന്ത്യൻ സൂപ്പർ ലീഗ് താരങ്ങളുടെ പുതിയ മാർക്കറ്റ് വാല്യൂ പുറത്തു വിട്ടത്. ലിസ്റ്റിലുള്ള പത്ത് പേരിൽ അഞ്ചും കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളാണെന്നത് അഭിമാനകരമായ നേട്ടം തന്നെയാണ്.
എഫ്‌സി ഗോവ താരമായ ജയ് ഗുപ്‌ത ഒന്നാം സ്ഥാനത്തുള്ള ലിസ്റ്റിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നത് കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ സച്ചിൻ സുരേഷാണ്. ഗുപ്‌ത മാർക്കറ്റ് വാല്യൂവില 1.2 കോടി രൂപയുടെ വർദ്ധനവ് ഉണ്ടാക്കിയപ്പോൾ സച്ചിൻ സുരേഷിന്റെ മൂല്യം ഒരു കോടിയാണ് വർധിച്ചിരിക്കുന്നത്. ഈ സീസണിൽ താരം ടീമിനായി നടത്തിയ മികച്ച പ്രകടനമാണ് മൂല്യം ഇങ്ങിനെ വർധിക്കാൻ കാരണമായത്.
മൂല്യം വർധിച്ച താരങ്ങളിൽ സച്ചിൻ സുരേഷിന് തൊട്ടു പിന്നിൽ ബ്ലാസ്റ്റേഴ്‌സ് ഡിഫൻഡർ മിലോസ് ഡ്രിഞ്ചിച്ച് നിൽക്കുന്നുണ്ട്. താരത്തിന്റെ മൂല്യവും ഒരു കോടി രൂപ വർധിച്ച് 2.8 കോടി രൂപയിലേക്ക് എത്തിയിട്ടുണ്ട്. ഇതിനു പുറമെ മൂല്യം വർധിച്ച താരങ്ങൾ മൊഹമ്മദ് അയ്‌മൻ, ദിമിത്രിയോസ് ഡയമെന്റക്കൊസ്, ഡൈസുകെ സകായ് എന്നിവരാണ്. രണ്ടു പേരുടെ മൂല്യം എൺപത് ലക്ഷവും ഡൈസുകെയുടെ അറുപതു ലക്ഷവുമാണ് വർധിച്ചത്.
മൊഹമ്മദ് അയ്‌മന്റെ മൂല്യം എൺപതു ലക്ഷം വർധിച്ച് ഒരു കോടി രൂപയിലേക്ക് മുന്നേറിയപ്പോൾ ദിമിത്രിയോസിന്റെ മൂല്യം നാല് കോടിയിൽ നിന്നും നാല് കോടി എൺപത് ലക്ഷമായാണ് വർധിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും മൂല്യം കൂടിയ താരങ്ങളിലൊരാളാണ് ദിമിത്രിയോസ്. ബ്ലാസ്റ്റേഴ്‌സിന്റെ ജാപ്പനീസ് താരമായ സകായിയുടെ മൂല്യം അറുപത് ലക്ഷം വർധിച്ച് 2.2 കോടി രൂപയായി മാറിയിട്ടുണ്ട്.
ഇതിനു പുറമെ നാൽപത് ലക്ഷം മൂല്യം വർധിച്ച വിബിൻ മോഹനൻ പതിമൂന്നാം സ്ഥാനത്ത് നിൽക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ മൂല്യത്തിലുണ്ടായ ഈ വർദ്ധനവ് വളരെയധികം അഭിമാനിക്കാൻ വക നൽകുന്ന ഒന്നാണ്. അതിനു പുറമെ ആദ്യ ഇരുപത് പേരിൽ ഇടം പിടിച്ച ആറിൽ മൂന്നു താരങ്ങളും ബ്ലാസ്റ്റേഴ്‌സ് അക്കാദമി വളർത്തിയെടുത്ത താരങ്ങളാണെന്നതും ശ്രദ്ധേയമാണ്.
Kerala Blasters Gain After Market Value Update