അഡ്രിയാൻ ലൂണ ക്ലബ് വിടാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങളുടെ ഇടയിൽ താരത്തെ നിലനിർത്താനുള്ള നീക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് നേതൃത്വം നടത്തുന്നുവെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ മൂന്ന് സീസണുകളായി ടീമിന്റെ പ്രധാന താരമായ അഡ്രിയാൻ ലൂണക്ക് കൂടുതൽ മെച്ചപ്പെട്ട കരാർ ബ്ലാസ്റ്റേഴ്സ് നേതൃത്വം ഓഫർ ചെയ്തുവെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ.
ഈ സീസൺ കഴിയുന്നതോടെ കേരള ബ്ലാസ്റ്റേഴ്സുമായുള്ള ലൂണയുടെ കരാർ അവസാനിക്കാൻ പോവുകയാണ്. സീസണിൽ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് യോഗ്യത നേടിയതിനാൽ ലൂണയുടെ കരാർ സ്വയം പുതുക്കപ്പെടുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അക്കാര്യത്തിൽ വ്യക്തമായ സ്ഥിരീകരണം ലഭിച്ചിരുന്നില്ല. അതിനിടയിലാണ് ബ്ലാസ്റ്റേഴ്സ് പുതിയ ഓഫർ നൽകിയിരിക്കുന്നത്.
🥇💣 Kerala Blasters is willing to give an extension to Adrian Luna with an improved offer. @IFTnewsmedia #KBFC pic.twitter.com/NmATMErQ2H
— KBFC XTRA (@kbfcxtra) May 9, 2024
പുതിയ ഓഫർ പ്രകാരം അഡ്രിയാൻ ലൂണക്ക് നിലവിൽ ലഭിക്കുന്നതിനേക്കാൾ പ്രതിഫലം ബ്ലാസ്റ്റേഴ്സ് നേതൃത്വം ഓഫർ ചെയ്തിട്ടുണ്ട്. നിലവിൽ തന്നെ ഐഎസ്എല്ലിൽ ഏറ്റവുമധികം പ്രതിഫലം ലഭിക്കുന്ന താരങ്ങളിൽ ഒരാളാണ് അഡ്രിയാൻ ലൂണ. കരാർ പുതുക്കാനുള്ള ഈ ഓഫർ ടീമുമായി വൈകാരികമായ ബന്ധമുള്ള താരം സ്വീകരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
ലൂണ തുടരുമോയെന്ന കാര്യത്തിൽ സംശയങ്ങൾ ഉണ്ടാകാൻ കാരണം ഇവാൻ വുകോമനോവിച്ച് ക്ലബ് വിട്ടതാണ്. പുതിയ പരിശീലകന്റെ പദ്ധതികളിൽ തനിക്ക് കൃത്യമായ സ്ഥാനം ലഭിക്കുമോയെന്ന് ഉറപ്പു വരുത്താൻ ലൂണ ആഗ്രഹിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സ് പുതിയ ഓഫർ നൽകിയ സാഹചര്യത്തിൽ താരം ക്ലബ് വിടുന്നുണ്ടെങ്കിൽ അത് സ്വന്തം തീരുമാനപ്രകാരം തന്നെയാകും.
ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയപ്പെട്ട താരമാണ് അഡ്രിയാൻ ലൂണ. യുറുഗ്വായ് പ്ലേ മേക്കർ ടീമിനൊപ്പം തുടരണമെന്ന് തന്നെയാണ് ഏവരും ആഗ്രഹിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അക്കാര്യത്തിൽ ഉറപ്പു പറയാൻ കഴിയില്ല. എന്തായാലും താരം തുടരുന്നില്ലെങ്കിൽ അത് സ്വന്തം താല്പര്യപ്രകാരം തന്നെയാകുമെന്നാണ് അനുമാനിക്കേണ്ടത്.
Kerala Blasters Give Extension Offer To Adrian Luna