ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാളും കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ ഇന്നലെ നടന്ന മത്സരം ഒട്ടനവധി നിർണായക മുഹൂർത്തങ്ങളിലൂടെയാണ് കടന്നു മത്സരത്തിന്റെ ആദ്യത്തെ മുപ്പതു മിനുട്ട് വിരസമായാണ് കടന്നു പോയതെങ്കിലും അതിനു ശേഷം ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. തിരിച്ചടിക്കാനുള്ള ഈസ്റ്റ് ബംഗാളിന്റെ ശ്രമങ്ങൾക്കു മുന്നിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധവും സച്ചിൻ സുരേഷും വൻമതിൽ കെട്ടിയപ്പോൾ ബ്ലാസ്റ്റേഴ്സ് ഒരു ഗോൾ കൂടി നേടി മത്സരം ഉറപ്പിച്ചു. അവസാന മിനുട്ടിൽ നേടിയ പെനാൽറ്റി ഗോളാണ് ഈസ്റ്റ് ബംഗാളിന് ആശ്വസിക്കാൻ വക നൽകിയത്.
അതേസമയം ഇന്നലത്തെ മത്സരത്തിലെ വിജയം മത്സരം തുടങ്ങുന്നതിനു മുൻപ് കേരള ബ്ലാസ്റ്റേഴ്സിനെ പരിഹസിച്ച ഈസ്റ്റ് ബംഗാൾ ആരാധകർക്ക് കളിക്കളത്തിൽ നൽകിയ മറുപടി കൂടിയായിരുന്നു. മത്സരത്തിന് മുൻപ് ഈസ്റ്റ് ബംഗാൾ ആരാധകർ ഉയർത്തിയ ടിഫോയിൽ ഉണ്ടായിരുന്ന ചിത്രം ഈസ്റ്റ് ബംഗാളിന്റെ ട്രോഫി ക്യാബിനറ്റ് കണ്ടു പകച്ചു നിൽക്കുന്ന ബ്ലാസ്റ്റേഴ്സ് ആരാധകനായിരുന്നു. “അയ്യോ, ലെഗസി അടിപൊളി” എന്നു ബ്ലാസ്റ്റേഴ്സ് ആരാധകൻ പറയുന്നതും ടിഫോയിൽ എഴുതിയിരുന്നു.
Well well well 🤭🤭🤭🤣🤣
Legacy in the mud 😭🤣#ISL #KBFC pic.twitter.com/ri292f2I9q— Arjid (@ArjidB) November 4, 2023
ഒരു നൂറ്റാണ്ടിലധികം പാരമ്പര്യമുള്ള ഈസ്റ്റ് ബംഗാൾ ഫുട്ബോൾ ക്ലബ് നിരവധി കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം 2014ൽ രൂപീകൃതമായ കേരള ബ്ലാസ്റ്റേഴ്സ് മൂന്നു തവണ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ കളിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഒരിക്കൽപ്പോലും കിരീടം സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. അതിനെയാണ് ഈസ്റ്റ് ബംഗാൾ ആരാധകർ പരിഹസിച്ചത്. എന്നാൽ ഈസ്റ്റ് ബംഗാൾ ആരാധകരുടെ പരിഹാസത്തിനു കളിക്കളത്തിലെ പ്രകടനവും വിജയവും കൊണ്ട് മറുപടി നൽകാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു.
📷 : East Bengal Ultras Tifo pic.twitter.com/XKroN8n80g
— VOIF (@VoiceofIndianF1) November 4, 2023
അതേസമയം മത്സരത്തിന് ശേഷം ബ്ലാസ്റ്റേഴ്സ് ഫാൻ പേജുകൾ ഈസ്റ്റ് ബംഗാളിനെ തിരിച്ചും ട്രോളാൻ തുടങ്ങിയിട്ടുണ്ട്. മത്സരത്തിൽ ഈസ്റ്റ് ബംഗാൾ പരാജയം വഴങ്ങി ലീഗിൽ പത്താം സ്ഥാനത്തേക്ക് വീണപ്പോൾ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ലീഗിൽ ഒന്നാം സ്ഥാനത്താണ്. ഇതിന്റെ പേരിലാണ് ബ്ലാസ്റ്റേഴ്സ് ഫാൻ പേജുകൾ പ്രധാനമായും ട്രോളുന്നത്. അതിനു പുറമെ ഇത്രയും പാരമ്പര്യവും ട്രോഫികളുമുള്ള ക്ലബിന്റെ ആരാധകർ എവിടെയെന്നും ബ്ലാസ്റ്റേഴ്സ് ആരാധകർ ചോദിക്കുന്നു.
ഇതുവരെ ആറു മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് കളിച്ചപ്പോൾ അതിൽ നാലെണ്ണത്തിലും വിജയം നേടി. ഒരു മത്സരത്തിൽ സമനിലയും ഒരെണ്ണത്തിൽ തോൽവിയും വഴങ്ങിയ ടീം ഈ സീസണിൽ ആദ്യത്തെ എവേ മത്സരമാണ് വിജയിക്കുന്നത്. ഇന്ന് ഗോവയും ചെന്നൈയിൻ എഫ്സിയും തമ്മിൽ നടക്കുന്ന മത്സരത്തിൽ ഗോവക്ക് വിജയം നേടാൻ കഴിഞ്ഞില്ലെങ്കിൽ ഇന്റർനാഷണൽ ബ്രേക്ക് കഴിയുന്നത് വരെ കേരള ബ്ലാസ്റ്റേഴ്സ് തന്നെയാകും ഒന്നാം സ്ഥാനത്തു നിൽക്കുക.
Kerala Blasters Give Reply To East Bengal Tifo