ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും പ്രധാനപ്പെട്ട ക്ലബുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ക്ലബിന്റെ തുടക്കം മുതൽ തന്നെ ആർത്തിരമ്പിയെത്തിയ ആരാധകപ്പടയാണ് കേരള ബ്ലാസ്റ്റേഴ്‌സിന് ഈ ശക്തി സമ്മാനിച്ചത്. ഇതുവരെ കിരീടമൊന്നും നേടിയിട്ടില്ലെങ്കിലും മൂന്നു തവണ ഫൈനലിൽ എത്തിയ ടീം കൂടിയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അതിനൊപ്പം ഏഷ്യയിലെ തന്നെ ഏറ്റവും പ്രബലമായ ആരാധകക്കൂട്ടം അവർക്ക് കൂടുതൽ ശക്തിയും പ്രചാരവും നൽകുന്നു.
മികച്ച പിന്തുണ നൽകുന്നുണ്ടെങ്കിലും ഒരു കിരീടം കേരള ബ്ലാസ്റ്റേഴ്‌സ് നേടിയിട്ടില്ലെന്നത് ആരാധകർക്ക് വലിയൊരു നിരാശ തന്നെയാണ്. ഈ സീസണെ സംബന്ധിച്ച് ആരാധകർക്ക് വലിയ പ്രതീക്ഷയൊന്നും ഇല്ലായിരുന്നെങ്കിലും ആദ്യത്തെ മൂന്നു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആരാധകരിൽ പ്രതീക്ഷ വർധിച്ചിട്ടുണ്ട്. ഏതാനും വർഷങ്ങൾക്കു മുൻപ് ചില കടങ്ങൾ തീർക്കാനുണ്ടെന്ന ബ്ലാസ്റ്റേഴ്‌സിന്റെ മുദ്രാവാക്യം ഈ സീസണിൽ യാഥാർഥ്യമാകുമെന്ന് പലരും വിശ്വസിക്കുന്നു.
Kerala Police Chief has sent a letter to Kerala Blasters FC to pay more than Rs. 1 crore for providing security 😐#KeralaBlasters https://t.co/waFIBOkRa1
— Kevin (@kevbmat) October 11, 2023
കളിക്കളത്തിലെ കടങ്ങളുടെ കാര്യത്തിൽ ആരാധകർക്ക് അങ്ങിനെയൊരു പ്രതീക്ഷയുണ്ടെങ്കിലും അതിനു പുറത്തുള്ള കടങ്ങളുടെ കാര്യത്തിൽ ക്ലബ് നേതൃത്വത്തിന് യാതൊരു ഉത്തരവാദിത്വവും ഇല്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ മത്സരങ്ങൾക്ക് സ്റ്റേഡിയത്തിൽ സുരക്ഷ ഒരുക്കിയതുമായി ബന്ധപ്പെട്ട് കേരള പൊലീസിന് ഒരുപാട് പണം ക്ലബ് നേതൃത്വം നൽകാൻ ബാക്കിയുണ്ട്.
2016 മുതൽ 2019 വരെയുള്ള കാലഘട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ മത്സരങ്ങൾക്ക് സുരക്ഷ നൽകിയതുമായി ബന്ധപ്പെട്ടുള്ള തുകയാണ് കേരള പൊലീസിന് ലഭിക്കാനുള്ളത്. ഓരോ മത്സരത്തിനും ഏതാണ് അറുനൂറിലധികം പോലീസുകാരെയാണ് വിട്ടു നൽകാറുള്ളത്. ഇത്തരത്തിൽ മൂന്നു വർഷത്തിനുള്ളിൽ ഒരു കോടി മുപ്പതു ലക്ഷത്തോളം രൂപയാണ് കേരള ബ്ലാസ്റ്റേഴ്‌സ് നൽകാനുള്ളത്. ഇത് നൽകണമെന്ന് പോലീസ് മേധാവി ക്ലബിന് കത്തയച്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ തുക എഴുതിത്തള്ളണമെന്ന് ക്ലബ് നേതൃത്വം കേരള ഗവൺമെന്റിനോട് ആവശ്യപ്പെട്ടെങ്കിലും അതിനു സമ്മതിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇത്രയും തുക ബ്ലാസ്റ്റേഴ്‌സ് അടക്കേണ്ടി വന്നില്ലെങ്കിൽ നടപടി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഓരോ മത്സരത്തിൽ നിന്നും ഒരു കോടിയോളം രൂപ ടിക്കറ്റിലൂടെ ലഭിക്കുന്ന ക്ലബാണ് കേരള ബ്ലാസ്റ്റേഴ്‌സ്. എന്തുകൊണ്ടാണ് അവർ ഇത്രയും തുകയുടെ കുടിശ്ശിക വരുത്തിയിരിക്കുന്നതെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.
Kerala Blasters To Pay More Than 1 Crore To Kerala Police