ഈ സീസണിൽ യാതൊരു കിരീടവും നേടാൻ കഴിയുമെന്ന പ്രതീക്ഷയില്ലെങ്കിലും അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചുവെന്ന് വ്യക്തമാണ്. എഫ്‌സി ഗോവയുടെ മൊറോക്കൻ താരമായ നോവ സദൂയിയെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് നടത്തുന്ന ചർച്ചകൾ അതിനൊരു ഉദാഹരണമാണ്. ബ്ലാസ്റ്റേഴ്‌സിന് അടുത്ത സീസണിലേക്ക് നടത്താൻ കഴിയുന്ന മികച്ച സൈനിംഗുകളിൽ ഒന്നാണ് നോവ സദൂയി.
നോവ സദൂയിയുടെ വരാനുള്ള സാധ്യതകൾ വർധിച്ചതോടെ അടുത്ത സീസണിലേക്കുള്ള ബ്ലാസ്റ്റേഴ്‌സിന്റെ പദ്ധതികളിലും വലിയ രീതിയിലുള്ള മാറ്റം വന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്രൊയേഷ്യൻ മധ്യനിര താരമായ മാർകോ ലെസ്‌കോവിച്ച് അടുത്ത സീസണിൽ ടീമിനൊപ്പം ഉണ്ടാകില്ലെന്ന് ഉറപ്പായിട്ടുണ്ട്. താരവുമായി ക്ലബ് കരാർ പുതുക്കുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.
🚨🌕| Kerala Blasters have no plans of selling Hormipam as of now. Hormi is an integral part of the team.@MarcusMergulhao #KeralaBlasters pic.twitter.com/WHkHJsVKiK
— Blasters Zone (@BlastersZone) March 10, 2024
അതിനിടയിൽ സുപ്രധാനമായ മറ്റൊരു തീരുമാനം ബ്ലാസ്റ്റേഴ്‌സ് നേതൃത്വം എടുത്തിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ സീസൺ അവസാനിക്കുന്നതോടെ ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്ന പ്രതിരോധ താരമായ ഹോർമിപാമിനെ ക്ലബ് വിൽക്കില്ലെന്നും ടീമിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനായാണ് അദ്ദേഹത്തെ പരിഗണിക്കുന്നതെന്നും മാർക്കസ് മെർഗുലാവോ വെളിപ്പെടുത്തി.
ഹോർമിപാമിനെ വിൽക്കുന്നില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് നേതൃത്വം തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ അതിന്റെ ഉദ്ദേശം കൃത്യമാണ്. അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ നയിക്കുക ഹോർമിപാമും വിദേശതാരമായ മിലോസുമായിരിക്കും. മിലോസുമായുള്ള കരാർ ഈ സീസണോടെ അവസാനിക്കുമെങ്കിലും അത് പുതുക്കാനുള്ള ശ്രമങ്ങൾ ക്ലബ് സജീവമായി മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്.
ഈ താരങ്ങൾക്ക് പുറമെ പ്രീതം കോട്ടാലിനു ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ സഹായിക്കാൻ കഴിയുമെന്നതും കൂട്ടി വായിക്കാവുന്നതാണ്. ഇതിൽ നിന്നെല്ലാം മനസിലാക്കാൻ കഴിയുന്നത് അടുത്ത സീസണിലേക്കുള്ള ടീമിനെ നേരത്തെ തന്നെ തയ്യാറാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നുണ്ടെന്നതാണ്. പരിക്കിന്റെ തിരിച്ചടികൾ ഉണ്ടായില്ലെങ്കിൽ അതിന്റെ ഫലം ടീമിന് ലഭിക്കുകയും ചെയ്യും.
Kerala Blasters Have No Plans To Sell Hormipam