കേരള ബ്ലാസ്റ്റേഴ്‌സ് ജൂനിയർ ടീമിൽ കളിച്ച് പിന്നീട് സീനിയർ ടീമിലേക്ക് വന്ന സഹൽ അബ്‌ദുൾ സമദ് ആരാധകരുടെ പ്രിയപ്പെട്ട താരമായിരുന്നു. ഫോമിൽ ഏറ്റക്കുറച്ചിലുകൾ വന്നിട്ടുണ്ടെങ്കിലും ആരാധകർ എന്നും പ്രതീക്ഷയോടെ കണ്ടിരുന്ന താരമാണ് സഹൽ. അതുകൊണ്ടു കൂടിയാണ് പ്രീതം കോട്ടാലിനെ പോലെയൊരു മികച്ച താരത്തെയും നിശ്ചിത തുകയും ലഭിച്ചിട്ടും സഹലിനെ വിട്ടുകൊടുക്കാനുള്ള തീരുമാനം ആരാധകർക്ക് നിരാശയായി മാറിയത്.
കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ മുഖമായി മാറാൻ സഹലിനു കഴിഞ്ഞിരുന്നു. ഇന്ത്യൻ ദേശീയ ടീമിലുള്ള താരവും മലയാളിയുമായതിനാൽ താരത്തിന്റെ സ്വീകാര്യതയും വർധിച്ചിരുന്നു. അതുകൊണ്ടു തന്നെ സഹൽ ക്ലബ് വിട്ടതിനു പകരമായി മറ്റൊരു മികച്ച താരത്തെ കൊണ്ടു വരേണ്ടത് ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് അനിവാര്യമായ കാര്യമാണ്. എന്തായാലും ടീം അതിനു തയ്യാറെടുത്തുവെന്നാണ് സ്ഥിരീകരിക്കാത്ത ചില റിപ്പോർട്ടുകൾ പറയുന്നത്.
Hyderabad FC player Abdul Rabih is currently being considered by Kerala Blasters as Sahl's replacement. Kerala Blasters FC are in advanced talks with the star#footballexclusive #kbfc #keralablasters pic.twitter.com/REkmSdWfEV
— football exclusive (@footballexclus) July 17, 2023
റിപ്പോർട്ടുകൾ പ്രകാരം ഹൈദരാബാദ് എഫ്‌സിക്ക് വേണ്ടി കളിക്കുന്ന മലപ്പുറത്തുകാരനായ താരം അബ്‌ദുൾ റബീഹിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്. ഇരുപത്തിരണ്ടു വയസുള്ള താരത്തിന് വേണ്ടിയുള്ള ചർച്ചകൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ചർച്ചകൾ വിജയിച്ച് ഹൈദരാബാദ് എഫ്‌സി താരത്തെ വിട്ടു കൊടുക്കാൻ തയ്യാറാണെങ്കിൽ വരുന്ന സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജേഴ്‌സിയിലാകും റബീഹ് കളിക്കുക.
കഴിഞ്ഞ സീസണിൽ പതിനെട്ടു മത്സരങ്ങളിൽ കളിച്ച റബീഹ് ഒരു മത്സരത്തിൽ മാത്രമാണ് ആദ്യ ഇലവനിൽ ഉണ്ടായിരുന്നത്. എങ്കിലും മൂന്ന് അസിസ്റ്റുകൾ കഴിഞ്ഞ സീസണിൽ നൽകാൻ കഴിഞ്ഞുവെന്നത് താരത്തിന്റെ മികവ് വെളിപ്പെടുത്തുന്നു. മുൻപ് കേരള ബ്ലാസ്റ്റേഴ്‌സ് ബി ടീമിൽ കളിച്ചിട്ടുള്ള താരമാണ് റബീഹ്. ഈ സൈനിങ് നടന്നാൽ ബ്ലാസ്റ്റേഴ്‌സ് ടീമിനത് ഗുണം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല. ആരാധകർക്ക് നെഞ്ചിലേറ്റാൻ മറ്റൊരു മലയാളി താരത്തെ ലഭിക്കുകയും ചെയ്യും.
Kerala Blasters In Talks To Sign Abdul Rabeeh