ഇന്ത്യൻ സൂപ്പർലീഗിൽ കഴിഞ്ഞ സീസണിലേറ്റ തിരിച്ചടികളെ മറികടക്കാനാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നതെങ്കിലും അതിലേക്കുള്ള പാത വളരെയധികം ബുദ്ധിമുട്ടേറിയതായി മാറുകയാണ്. പ്രധാന താരങ്ങളിൽ പലരും ക്ലബ് വിട്ട് അവർക്ക് പകരക്കാരെ കണ്ടെത്താൻ കഴിയാതിരിക്കുന്ന ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ച ഒരു താരം പരിക്കേറ്റു നിരവധി മാസങ്ങൾ പുറത്തിരിക്കുകയും ചെയ്‌തു.
ഏതാനും പൊസിഷനുകളിലേക്ക് കൂടി കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ താരങ്ങളെ ആവശ്യമുണ്ട്. പരിക്കേറ്റ ഓസ്‌ട്രേലിയൻ താരം സോട്ടിരിയോക്ക് പകരക്കാരനായി ഒരു മുന്നേറ്റനിര താരം, ലെഫ്റ്റ് ബാക്ക് പൊസിഷനിലേക്ക് ഒരു താരം, വിക്റ്റർ മോങ്കിൽ ക്ലബ് വിട്ടതിനു പകരക്കാരനായി ഒരു താരം എന്നിവയാണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടത്. അതിനുള്ള നീക്കങ്ങൾ ക്ലബ് ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം ഒരു അർജന്റീന സെന്റർ ബാക്കുമായി കേരള ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തുന്നുണ്ട്. അർജന്റീനിയൻ സെക്കൻഡ് ഡിവിഷൻ ക്ലബായ അത്ലറ്റികോ ബലാറസിന്റെ താരമായിരുന്ന കെവിൻ സിബില്ലയെയാണ് ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്. ജൂലൈയിൽ താരം ഫ്രീ ഏജന്റായതിനാൽ ചർച്ചകൾ വിജയിച്ചാൽ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സിനു കഴിയും.
അർജന്റീനയിലെ മുൻനിര ക്ലബായ റിവർപ്ലേറ്റിലൂടെ കരിയർ ആരംഭിച്ച കെവിൻ സിബില്ല പിന്നീട് സ്‌പാനിഷ് ക്ലബായ വലൻസിയയുടെ യൂത്ത് ടീമിലും ഉണ്ടായിരുന്നു. അതിനു ശേഷം ഒരു സീസണിൽ കാസ്റ്റലോണിലേക്ക് ലോണിൽ പോയതിനു ശേഷമാണ് താരം അത്ലറ്റികോ ബലാറസിലെത്തുന്നത്. ഇരുപത്തിനാലു വയസ് മാത്രം പ്രായമുള്ള താരമാണ് സിബില്ല.
അതേസമയം സോട്ടിരിയോക്ക് പകരക്കാരനായി ഒരു താരത്തെ കണ്ടെത്താനുള്ള ശ്രമങ്ങളും കേരള ബ്ലാസ്റ്റേഴ്‌സ് നടത്തുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ഒരു ഏഷ്യൻ താരത്തെയോ അല്ലെങ്കിൽ ഇന്ത്യൻ താരത്തെയോ ആണ് പകരമെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നത്. അൽവാരോ വാസ്‌ക്വസ് ടീമിലെത്തുമെന്ന അഭ്യൂഹങ്ങളും നിലവിലുണ്ട്.
Kerala Blasters In Talks With Kevin Sibille