ഇവാൻ വുകോമനോവിച്ചിന് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്. ഒരു സീസൺ കൂടി ടീമിനൊപ്പം ഉണ്ടാകുമെന്ന് പ്രതീക്ഷിത ഇവാൻ ക്ലബ് വിട്ടതിനാൽ അതിനേക്കാൾ മികച്ചൊരു പരിശീലകനെ തന്നെ എത്തിക്കേണ്ട ചുമതല ബ്ലാസ്റ്റേഴ്സിനുണ്ട്. പുതിയ പരിശീലകനുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളും പുറത്തു വന്നു കൊണ്ടിരിക്കുന്നു.
ഗോവ പരിശീലകനായ മനോലോ മാർക്വസാണ് ആദ്യം അഭ്യൂഹങ്ങളിൽ നിറഞ്ഞു നിന്നിരുന്ന പരിശീലകൻ. ഈ സീസൺ കഴിയുന്നതോടെ അദ്ദേഹം ഗോവ വിടുമെന്നും ആ സാഹചര്യം മുതലെടുത്ത് താരത്തെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുമെന്നുമാണ് വാർത്തകൾ ഉണ്ടായിരുന്നത്. എന്നാൽ മനോലോ മാർക്വസ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ആവില്ലെന്നാണ് ട്രാൻസ്ഫർ എക്സ്പെർട്ട് മാർക്കസ് മെർഗുലാവോ പറയുന്നത്.
🚨Kbfc has interest in signing German Manager Markus Babbel Who Managed A league Club Western Sydney Wanderers in 2020 .#KBFC #KeralaBlasters #Transfers https://t.co/GTD2PgeYgL
— Shahansha (@SHAHhanshaa) April 28, 2024
നിലവിൽ പുറത്തു വരുന്ന ചില അഭ്യൂഹങ്ങൾ പറയുന്നത് ജർമൻ പരിശീലകനായ മാർക്കസ് ബാബേലിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സ് ശ്രമം നടത്തുന്നുണ്ടെന്നാണ്. 2020 വരെ ഓസ്ട്രേലിയൻ ലീഗ് ക്ലബായ വെസ്റ്റേൺ സിഡ്നി വാണ്ടറേഴ്സിനെ പരിശീലിപ്പിച്ച അദ്ദേഹം നിലവിൽ ഒരു ക്ലബ്ബിന്റെയും പരിശീലകനല്ല. അദ്ദേഹവുമായി ബ്ലാസ്റ്റേഴ്സ് ചർച്ചകൾ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഒരു കളിക്കാരനെന്ന നിലയിൽ വമ്പൻ കരിയർ പൂർത്തിയാക്കിയ വ്യക്തിയാണ് ബാബേൽ. ബയേൺ മ്യൂണിക്ക്, ലിവർപൂൾ തുടങ്ങിയ ക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള അദ്ദേഹം ലീഗ് കിരീടങ്ങളും, യൂറോപ്യൻ കിരീടവും അവർക്കൊപ്പം നേടിയിട്ടുണ്ട്. ജർമനി ദേശീയ ടീമിന് വേണ്ടി അൻപതിലധികം മത്സരങ്ങളിൽ അദ്ദേഹം ബൂട്ട് കെട്ടിയിട്ടുണ്ട്.
ജർമൻ ലീഗ് ക്ലബുകളായ സ്റ്റുട്ട്ഗർട്ട്, ഹെർത്ത ബെർലിൻ, ഹോഫൻഹൈം എന്നിവയെ ബാബേൽ പരിശീലിപ്പിച്ചിട്ടുണ്ട്. എന്നാൽ പരിശീലകനെന്ന നിലയിൽ ഒരുപാട് നേട്ടങ്ങളൊന്നും അദ്ദേഹത്തിന് അവകാശപ്പെടാൻ കഴിയില്ല. ഹെർത്ത ബെർലിനെ ബുണ്ടസ്ലീഗയുടെ സെക്കൻഡ് ഡിവിഷൻ ചാമ്പ്യൻ ആക്കിയത് മാത്രമാണ് താരത്തിന്റെ പ്രധാനനേട്ടം.
Kerala Blasters Interested In Markus Babbel