പുതിയ സീസണിനു മുന്നോടിയായാണ് നൈജീരിയയിൽ നിന്നുമുള്ള യുവതാരമായ ഇമ്മാനുവൽ ജസ്റ്റിനെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ടീമിൽ ട്രയൽസിനായി എത്തിയ താരത്തിന്റെ പ്രകടനത്തിൽ കോച്ചിങ് സ്റ്റാഫുകൾക്ക് മതിപ്പ് തോന്നിയതോടെ സ്ഥിരം കരാറിൽ സ്വന്തമാക്കുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനായി ഡ്യൂറൻഡ് കപ്പിൽ ബെംഗളൂരുവിനെതിരെ ഇറങ്ങിയ താരം ഒരു ഗോൾ നേടിയെങ്കിലും പെപ്ര വന്നതോടെ വിദേശതാരങ്ങളെ ഉൾപ്പെടുത്തുന്ന കാര്യത്തിൽ പരിമിതി ഉള്ളതിനാൽ ജസ്റ്റിൻ ടീമിൽ നിന്നും പുറത്തായി.
മികച്ച കഴിവുള്ള താരത്തെ റിസേർവ് ടീമിലേക്ക് അയക്കുന്നതിനു പകരം കൂടുതൽ മികച്ചതാക്കാൻ ഐ ലീഗ് ക്ലബായ ഗോകുലം കേരളയിലേക്ക് ലോണിൽ വിടുകയാണ് ബ്ലാസ്റ്റേഴ്‌സ് ചെയ്‌തത്. ഐ ലീഗ് വിജയികൾക്ക് ഐഎസ്എല്ലിലേക്ക് സ്ഥാനക്കയറ്റം ഉള്ളതിനാൽ കടുത്ത പോരാട്ടമാണ് ലീഗിൽ നടക്കുന്നത്. അതുകൊണ്ടു തന്നെ ഇമ്മാനുവലിനു വളരാനുള്ള അവസരം അവിടെ ലഭിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് കണക്കു കൂട്ടി. അത് ശരിയാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് താരം ഗോകുലം കേരളയിൽ നടത്തുന്നത്.
Justin subbed in at 72', netted a goal, and won a penalty.#KBFC #GKFC #Peprah pic.twitter.com/OQQnV9De8x
— Gokul (@Indianfootbl) November 5, 2023
ഗോകുലം കേരളയുടെ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പകരക്കാരനായി ജസ്റ്റിൻ കളത്തിലിറങ്ങിയിരുന്നു. ആദ്യ മത്സരത്തിൽ ഗോളൊന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും ഇന്നലെ താരം മികച്ച പ്രകടനം നടത്തുകയുണ്ടായി. മത്സരത്തിൽ എഴുപത്തിരണ്ടാം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ താരം എണ്പത്തിനാലാം മിനുട്ടിൽ ഒരു ഗോൾ നേടുകയും അതിനു പിന്നാലെ ഒരു പെനാൽറ്റിക്ക് വഴിയൊരുക്കുകയും ചെയ്‌തു. നേരൊക്ക എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഗോകുലം കേരള വിജയിച്ചത്.
🚨| Loan Watch: Justine Emanuel scored his first goal for Gokulam Kerala in I-League today against Neroca FC, he also won a penalty for Gokulam Kerala 🦅🇳🇬 #KBFC pic.twitter.com/evNky5D4q2
— KBFC XTRA (@kbfcxtra) November 5, 2023
ജസ്റ്റിനെ ലോണിൽ വിട്ടത് അബദ്ധമായോ എന്നാണു കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇപ്പോൾ ചിന്തിക്കുന്നത്. നൈജീരിയൻ താരത്തിന് പകരം ടീമിൽ ഉൾപ്പെടുത്തിയ ക്വമാ പെപ്ര ടീമിനൊപ്പം പ്രതീക്ഷിച്ച നിലവാരത്തിലുള്ള പ്രകടനം നടത്തുന്നില്ലെന്നതാണ് ഇതിനു കാരണം. ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിനായി എല്ലാ മത്സരങ്ങളിലും ഇറങ്ങിയിട്ടുള്ള പെപ്രക്ക് ഒരു ഗോളോ അസിസ്റ്റോ സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനെത്തുടർന്ന് താരത്തിനെതിരെ വിമർശനം ഉയരുന്ന സമയത്താണ് അപ്പുറത്ത് ജസ്റ്റിൻ മികച്ച പ്രകടനം നടത്തുന്നത്.
അതേസമയം ജസ്റ്റിന്റെ പ്രകടനം കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ സംബന്ധിച്ച് വലിയൊരു പ്രതീക്ഷ കൂടിയാണ്. ഐ ലീഗിലെ തീവ്രതയേറിയ മത്സരങ്ങൾ താരത്തിന്റെ വളർച്ചക്ക് വളരെയധികം ഗുണം ചെയ്യും. നിലവിൽ ഇരുപത് വയസ് മാത്രം പ്രായമുള്ള താരത്തിന് കൂടുതൽ വളരാനും അതുവഴി അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക് തിരിച്ചുവരാനും കഴിയും. എന്തായാലും മികച്ചൊരു വിദേശതാരത്തെ തങ്ങൾ വാർത്തെടുത്തു കൊണ്ടിരിക്കുന്നു എന്ന കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സിന് ആശ്വസിക്കാം.
Kerala Blasters Loanee Justine Scored Goal For GKFC