ഇന്ത്യൻ സൂപ്പർലീഗിൽ നടന്ന മത്സരത്തിൽ എഫ്സി ഗോവക്കെതിരെ തോൽവി വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഗോവയുടെ മൈതാനത്ത് ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങിയത്. ആദ്യപകുതിയിൽ തന്നെ രണ്ടു ഗോളുകൾ വഴങ്ങിയ ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ തിരിച്ചുവരവിന് ശ്രമിച്ച് ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും അതിനു ശേഷം മൂന്നാമത്തെ ഗോൾ വീണതോടെ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.
മത്സരത്തിൽ ഗോവക്കായിരുന്നു തുടക്കം മുതൽ ആധിപത്യമെങ്കിലും എഡു ബെഡിയയുടെ ഹെഡർ ഒഴികെ അവർ വലിയ ഭീഷണിയൊന്നും ഗോൾമുഖത്ത് ഉയർത്തിയില്ല. ബ്ലാസ്റ്റേഴ്സും വലിയ മുന്നേറ്റങ്ങളൊന്നും സംഘടിപ്പിക്കാതെ കരുതലോടെയാണ് എതിരാളികളുടെ മൈതാനത്ത് കളിച്ചത്. എന്നാൽ മത്സരത്തിന്റെ ഗതിയിൽ നിർണായക സ്വാധീനം ചെലുത്തിയാണ് മുപ്പതാം മിനുട്ടിനു ശേഷം ബ്രെണ്ടൻ ഫെർണാണ്ടസ് ബോക്സിൽ വീണതിന് റഫറി ഗോവക്ക് അനുകൂലമായി പെനാൽറ്റി അനുവദിക്കുന്നത്.
റീപ്ലേകളിൽ സ്വന്തം കാലിൽ തട്ടിയാണ് താരം വീണതെന്നു വ്യക്തമായിരുന്നെങ്കിലും വീഡിയോ റഫറിയിങ് ഇല്ലാത്തതിനാൽ അത് തിരുത്താൻ കഴിയില്ലായിരുന്നു. കിക്കെടുത്ത ബേദിയ അനായാസം ലക്ഷ്യം കണ്ടതോടെ ഗോവ മുന്നിലെത്തി. അതിനു പിന്നാലെ ഗോൾകീപ്പർ പോലുമില്ലാത്ത പോസ്റ്റിലേക്ക് വന്ന ഷോട്ട് ഹോർമിപാം രക്ഷപ്പെടുത്തിയെങ്കിലും അടുത്ത മിനുട്ടിൽ താരത്തിന്റെ ക്ലിയറൻസ് പിഴവിൽ നിന്നും നോവാ സദൂയി വല കുലുക്കിയതോടെ ഗോവ ആദ്യ പകുതിയിൽ രണ്ടു ഗോളിന് മുന്നിലെത്തി.
Some snaps from #FCGKBFC so far! 📸🤩#HeroISL #LetsFootball #FCGoa #KeralaBlasters pic.twitter.com/XpwWUDGVZF
— Indian Super League (@IndSuperLeague) January 22, 2023
തിരിച്ചു വരവിന്റെ പ്രതീക്ഷകൾ നൽകി രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഗോൾ നേടി. അഡ്രിയാൻ ലൂണയെടുത്ത ഫ്രീ കിക്കിൽ നിന്നും ഒരു ഹെഡറിലൂടെ ദിമിയാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾ നേടിയത്. അതിനു ശേഷം ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ ആധിപത്യം പുലർത്തിയെങ്കിലും ഗോൾ നേടാനുള്ള അവസരങ്ങളെല്ലാം ഗോവ പ്രതിരോധവും ഗോൾകീപ്പറും തടഞ്ഞിട്ടു.
മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് പിടിമുറുക്കി വരുന്ന ഘട്ടത്തിലാണ് ഹോർമിപാമിനു പിഴച്ച മറ്റൊരു ക്ലിയറൻസിൽ നിന്നുമുള്ള വേഗതയേറിയ ആക്രമണത്തിൽ നിന്നും റെഡീം തലാങ് ഗോവയുടെ മൂന്നാമത്തെ ഗോൾ നേടുന്നത്. ഇതോടെ മത്സരം മത്സരം കൈവിട്ടുവെന്നുറപ്പിച്ച ബ്ലാസ്റ്റേഴ്സിന് പിന്നീട് മികച്ചൊരു അവസരം ലഭിച്ചത് എഴുപത്തിയെട്ടാം മിനുട്ടിലാണ്. എന്നാൽ നിഹാലിന്റെ ഷോട്ട് ഗോൾലൈൻ സേവ് നടത്തിയതോടെ ഇന്ന് ബ്ലാസ്റ്റേഴ്സിന്റെ ദിവസമല്ലെന്ന് വ്യക്തമായി.
.@DiamantakosD makes it 2-1 with a well taken header! 🟡⚽
— Indian Super League (@IndSuperLeague) January 22, 2023
Watch the #FCGKBFC game live on @StarSportsIndia, @DisneyPlusHS: https://t.co/jWZdXaYE52 and @OfficialJioTV
Live Updates: https://t.co/t38OA3yjgU#HeroISL #LetsFootball #FCGoa #KeralaBlasters pic.twitter.com/Z7y9uwafxG
മത്സരത്തിൽ വഴിത്തിരിവുണ്ടാക്കിയത് പെനാൽറ്റി അനുവദിച്ച റഫറിയുടെ തീരുമാനമായിരുന്നു എന്നതിൽ സംശയമില്ല. ഇന്ത്യൻ സൂപ്പർ ലീഗിലും വീഡിയോ റഫറിയിങ് വേണമെന്ന ആവശ്യം ഇതോടെ ശക്തമാകും. മത്സരത്തിൽ തോൽവി വഴങ്ങിയെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്ത് തുടരുകയാണ്. കഴിഞ്ഞ മത്സരത്തിൽ എടികെ മോഹൻ ബാഗാൻ സമനില വഴങ്ങിയാണ് ബ്ലാസ്റ്റേഴ്സിന് മൂന്നാം സ്ഥാനത്തു തുടരാൻ സഹായിച്ചത്.