ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും തോൽവി വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ഈ സീസണിലെ ആദ്യത്തെ എവേ മത്സരം കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ പകുതിയിൽ ലീഡ് നേടിയെങ്കിലും രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ നേടി തോൽവിയേറ്റു വാങ്ങുകയായിരുന്നു. മുൻ അത്ലറ്റികോ മാഡ്രിഡ് താരമായ പെഡ്രോ മാർട്ടിൻ അവസാന നിമിഷങ്ങളിൽ നേടിയ മനോഹരമായ ഗോളാണ് ഒഡിഷക്ക് ബ്ലാസ്റ്റേഴ്‌സിനെതിരെ വിജയം സമ്മാനിച്ചത്.
എടികെ മോഹൻ ബഗാനെതിരെ കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ അതെ ഇലവൻ തന്നെയാണ് ഇവാൻ വുകോമനോവിച്ച് ഇന്നത്തെ മത്സരത്തിലും ഇറക്കിയതെങ്കിലും കഴിഞ്ഞ മത്സരത്തിലേതു പോലെ തുടക്കം മുതൽ ആധിപത്യം സ്ഥാപിക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞില്ല. സ്വന്തം മൈതാനത്ത് ഒഡിഷ എഫ്‌സി കൂടുതൽ അവസരങ്ങൾ ഒരുക്കിയെടുത്തപ്പോൾ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റം ചെറുതായി പതറുകയും ചെയ്‌തു. ഒഡിഷ എഫ്‌സി നേടിയ ഒരു ഗോൾ ഫൗളിനെ തുടർന്ന് റഫറി നിഷേധിച്ചത് ബ്ലാസ്റ്റേഴ്‌സിന് ആശ്വാസമായി.
കഴിഞ്ഞ മത്സരങ്ങളിൽ കിട്ടിയ അവസരം കൃത്യമായി ഉപയോഗിക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിയാതിരുന്നത് തോൽവിക്ക് കാരണമായതിനാൽ തന്നെ ഇത്തവണ അത്തരമൊരു പിഴവ് ആവർത്തിക്കാൻ അവർക്ക് കഴിയില്ലായിരുന്നു. മുപ്പത്തിയഞ്ചാം മിനുറ്റിൽ ലൂണ നൽകിയ ക്രോസിൽ വായുവിൽ ഉയർന്നു പൊങ്ങിയ ഒരു ഹെഡറിലൂടെയാണ് ഖബ്ര ഒഡിഷ ഗോൾകീപ്പറെ കീഴടക്കി ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചത്. ഗോൾ പിറന്നതോടെ ഒഡിഷ മുന്നേറ്റം ശക്തമാക്കിയെങ്കിലും ആദ്യ പകുതിയിൽ പിടിച്ചു നിൽക്കാൻ ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞു.
Cooomeeebaacckk! 👏@Pedro9Martin hands the lead to @OdishaFC in style 😎#OFCKBFC #HeroISL #LetsFootball #OdishaFC #PedroMartin pic.twitter.com/ckPixqijz1
— Indian Super League (@IndSuperLeague) October 23, 2022
സ്വന്തം മൈതാനത്ത് ഒരു ഗോൾ വഴങ്ങിയതിനാൽ തന്നെ രണ്ടാം പകുതിയിൽ ഒഡിഷ ആക്രമണങ്ങൾ വളരെയധികം ശക്തമാകുന്ന കാഴ്‌ചയാണ് രണ്ടാം പകുതിയിൽ കണ്ടത്. അതിന്റെ ഫലമായി അന്പത്തിനാലാം മിനുട്ടിൽ ജെറിയിലൂടെ ഒഡിഷ സമനില ഗോൾ നേടി. റീബൗണ്ടിലൂടെയാണ് താരം വല കുലുക്കിയത്. മത്സരത്തിന്റെ അവസാന മിനുട്ടുകളിലാണ് ഒഡിഷയുടെ വിജയഗോൾ പിറക്കുന്നത്. ഒഡിഷ ഗോൾകീപ്പറുടെ ലോങ്ങ് കിക്ക് പിടിച്ചെടുത്ത പെഡ്രോ മാർട്ടിൻ ഒരു പിഴവും കൂടാതെ അത് വലയിലെത്തിക്കുകയായിരുന്നു.
തുടർച്ചയായ രണ്ടാമത്തെ മത്സരത്തിലും തോൽവി വഴങ്ങിയതോടെ ആദ്യ മത്സരത്തിൽ നേടിയ വിജയത്തിന്റെ ആത്മവിശ്വാസം ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് ഇല്ലാതായിട്ടുണ്ട്. ആക്രമണവും പ്രതിരോധവും കൂടുതൽ ശക്തിപ്പെടുത്തി അടുത്ത മത്സരങ്ങളിൽ തിരിച്ചു വന്നില്ലെങ്കിൽ ഈ സീസണിലും കിരീടമെന്നത് ബ്ലാസ്റ്റേഴ്‌സിന് കിട്ടാക്കനിയാവുമെന്നതിൽ സംശയമില്ല.