പെരുമഴയിലും കൊച്ചിയിൽ മഞ്ഞക്കടലാർത്തിരമ്പും, ആദ്യമത്സരത്തിനുള്ള ടിക്കറ്റുകൾ വിറ്റു തീരുന്നു | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് ഈ സീസണിലെയും ആദ്യത്തെ മത്സരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ മൈതാനമായ കൊച്ചിയിൽ വെച്ചാണ് നടക്കുന്നത്. ആദ്യത്തെ മത്സരത്തിൽ പ്രധാന എതിരാളികളിൽ ഒരാളായ ബെംഗളൂരു എഫ്‌സിയെയാണ് കൊമ്പന്മാർ നേരിടേണ്ടത്. കഴിഞ്ഞ സീസണിലെ ഐഎസ്എൽ പ്ലേ ഓഫിൽ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ചതിയിൽ ഗോൾ നേടി, റഫറിയുടെ പിന്തുണയോടെ വിജയം നേടിയ ബെംഗളൂരു എഫ്‌സി കൊച്ചിയിൽ വരുന്നതിനായി ആരാധകർ കാത്തിരിക്കുകയാണ്.

മത്സരത്തിനുള്ള ടിക്കറ്റ് വിൽപ്പനയിൽ അത്ഭുതപ്പെടുത്തുന്ന കുതിപ്പാണ് കാണുന്നത്. വളരെ വേഗത്തിൽ തന്നെ ടിക്കറ്റുകൾ വിറ്റുപോകുന്നുണ്ടെന്ന് വ്യക്തമാണ്. ഇന്നലെ കേരള ബ്ലാസ്റ്റേഴ്‌സ് ടിക്കറ്റ് വിൽപ്പന ആരംഭിച്ച് അഞ്ചു മണിക്കൂറിനകം തന്നെ സ്റ്റേഡിയത്തിലെ പ്രധാന ഗ്യാലറികളായ ഈസ്റ്റ് ഗ്യാലറിയിലെയും വെസ്റ്റ് ഗ്യാലറിയിലെയും ടിക്കറ്റുകൾ മുഴുവനായും വിറ്റു പോയി. ഈസ്റ്റ് ഗ്യാലറി ടിക്കറ്റ് മുഴുവൻ വിറ്റു പോകാൻ അര മണിക്കൂർ പോലും എടുത്തില്ലെന്നാണ് റിപ്പോർട്ടുകൾ.

ഇനി വെറും ഒൻപത് ദിവസം മാത്രമാണ് മത്സരത്തിനായി ബാക്കിയുള്ളത്. കേരളത്തിൽ വ്യാപകമായി മഴയുണ്ടെങ്കിലും അതൊന്നും ആരാധകരുടെ ആവേശത്തെ ബാധിക്കാൻ പോകുന്നില്ലെന്നാണ് ടിക്കറ്റ് വിൽപ്പനയിലുള്ള ഈ കുതിപ്പ് വ്യക്തമാക്കുന്നത്. ഈസ്റ്റ് ഗ്യാലറിയും വെസ്റ്റ് ഗ്യാലറിയും ടിക്കറ്റുകൾ മുഴുവൻ വിറ്റു പോയതിനാൽ ആരാധകർക്ക് മറ്റു ഗ്യാലറിയിൽ ടിക്കറ്റുകൾ ഇൻസൈഡർ ഡോട്ട് കോം വഴി വാങ്ങാം. 299 രൂപ മുതലാണ് ടിക്കറ്റുകൾ ആരംഭിക്കുന്നത്.

മത്സരത്തിന്റെ ഏറ്റവും മികച്ച കാഴ്‌ച ലഭിക്കുന്ന രണ്ടു ഗ്യാലറികളും വിറ്റു പോയതിനാൽ ബാക്കിയുള്ള ഇടങ്ങളിലേ ആരാധകർക്ക് ടിക്കറ്റുകൾ വാങ്ങാൻ കഴിയുകയുള്ളൂ. എന്തായാലും സ്റ്റേഡിയം നിറയുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ബെംഗളൂരു എഫ്‌സിക്കെതിരായ പ്രതിഷേധവും ഗ്യാലറിയിൽ ഉയർന്നു കേൾക്കാനുള്ള സാധ്യതയുണ്ട്. മത്സരത്തിൽ വിജയം നേടി കഴിഞ്ഞ സീസണിലെ തോൽവിക്ക് ടീം പകരം വീട്ടുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Kerala Blasters Match Tickets In High Demand

Bengaluru FCISLKerala Blasters
Comments (0)
Add Comment