ഈ സീസണിൽ കിരീടം നേടാൻ യാതൊരു സാധ്യതയുമില്ലാത്ത കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. നിലവിൽ എഫ്സി ഗോവയുടെ മൊറോക്കൻ താരമായ നോവ സദൂയിയുമായി ബ്ലാസ്റ്റേഴ്സ് കരാറിലെത്തിയെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. അതിനു പുറമെ മുംബൈ സിറ്റി താരമായ തിരിക്ക് വേണ്ടിയും ക്ലബ് നീക്കങ്ങളാരംഭിച്ചിട്ടുണ്ട്.
അടുത്ത സീസണിൽ ടീമിനെ കെട്ടിപ്പടുക്കാൻ മികച്ച നീക്കങ്ങളാണ് ബ്ലാസ്റ്റേഴ്സ് നടത്തുന്നതെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ അതിനൊപ്പം ബ്ലാസ്റ്റേഴ്സ് നേതൃത്വം പരിഹാരം കാണേണ്ട ചില കാര്യങ്ങളുണ്ട്. ടീമിലെ പ്രധാന താരങ്ങളായ അഡ്രിയാൻ ലൂണ, ദിമിത്രിയോസ്, മിലോസ് എന്നിവരുടെ കരാർ ഈ സീസണോടെ അവസാനിക്കാൻ പോകുന്നതിനാൽ അതിലേക്ക് ബ്ലാസ്റ്റേഴ്സ് നേതൃത്വം ശ്രദ്ധ കേന്ദ്രീകരിക്കണം.
🥇💣 Kerala Blasters are in final stage of negotiations with Noah Sadaoui 🇲🇦 @ManoramaDaily #KBFC pic.twitter.com/oo5ROoY700
— KBFC XTRA (@kbfcxtra) March 10, 2024
കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളാണ് ഈ മൂന്നു പേരും. അഡ്രിയാൻ ലൂണ കഴിഞ്ഞ മൂന്നു സീസണായി ടീമിന്റെ കുന്തമുനയായി നിൽക്കുമ്പോൾ കഴിഞ്ഞ രണ്ടു സീസണുകളിലും ടോപ് സ്കോററായിരുന്നു ദിമിത്രിയോസ്. ഈ സീസണിൽ ടീമിലേക്ക് വന്ന മീലൊസ് പ്രതിരോധനിരയിൽ മികച്ച പ്രകടനം നടത്തുന്ന താരവുമാണ്.
ഇവരുടെ മൂന്നു പേരുടെയും കരാർ പുതുക്കേണ്ടത് അനിവാര്യമാണ്. ഇവരിൽ ആരെയും വിട്ടുകൊടുക്കാൻ ബ്ലാസ്റ്റേഴ്സിനു കഴിയില്ല. മറ്റൊരു പ്രധാന താരമായ പെപ്രയുടെ കരാർ ഒരു സീസൺ കൂടിയുള്ളതിനാൽ അതിൽ ആശങ്കപ്പെടാനില്ല. ലെസ്കോവിച്ച്, ഡൈസുകെ, ഷെർണിച്ച്, ഇമ്മാനുവൽ ജസ്റ്റിൻ എന്നീ താരങ്ങൾ അടുത്ത സീസണിൽ ടീമിലുണ്ടാകാൻ സാധ്യതയില്ല.
മിലോസ് ടീമിനൊപ്പം തുടരാനുള്ള താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്, താരവുമായി കരാർ പുതുക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. എന്നാൽ അഡ്രിയാൻ ലൂണ, ദിമിത്രിയോസ് എന്നിവരുടെ കാര്യത്തിൽ യാതൊരു തീരുമാനവും ആയിട്ടില്ല. പുതിയ താരങ്ങളെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ നടക്കുന്നതിനാൽ ഇവരെ ഒഴിവാക്കാനുള്ള പദ്ധതി ബ്ലാസ്റ്റേഴ്സിനുണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ല.
Kerala Blasters Must Extend Contract With Main Players