ഇയാൻ ഹ്യൂം മുതൽ ദിമിത്രിയോസ് വരെ, കേരള ബ്ലാസ്റ്റേഴ്‌സ് നേതൃത്വം പിഴവുകൾ ആവർത്തിക്കുന്നു | ;Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുമ്പോൾ ആരാധകരുടെ പ്രധാന ആശങ്ക ടീമിന്റെ പ്രധാന സ്‌ട്രൈക്കറായ ദിമിത്രിയോസിന്റെ കരാർ പുതുക്കാത്തതിലാണ്. കഴിഞ്ഞ സീസണിൽ ടീമിന്റെ ടോപ് സ്കോററും ഈ സീസണിൽ ഐഎസ്എല്ലിലെ തന്നെ ടോപ് സ്‌കോററുമായ താരം പ്രതിഫലം വർധിപ്പിക്കാൻ ആവശ്യപ്പെട്ടതിനാൽ ഇപ്പോഴും പുതിയ കരാർ ബ്ലാസ്റ്റേഴ്‌സ് നൽകിയിട്ടില്ല.

മികച്ച സ്‌ട്രൈക്കർമാരെ കൈവിടുന്നത് ഒരു കലയാണെങ്കിൽ അതിലെ മാസ്റ്ററാണ് കേരള ബ്ലാസ്റ്റേഴ്‌സ് എന്നു പറഞ്ഞാൽ അതിശയോക്തിയില്ല. ഇക്കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ നാല് സ്‌ട്രൈക്കർമാരെയാണ് ബ്ലാസ്റ്റേഴ്‌സ് ഇത്തരത്തിൽ കയ്യൊഴിഞ്ഞിരിക്കുന്നത്. അവരിൽ ഭൂരിഭാഗവും മറ്റു ക്ലബുകളിലേക്ക് ചേക്കേറി അവർക്ക് കിരീടം നേടിക്കൊടുക്കാൻ പ്രധാന പങ്കു വഹിക്കുകയും ചെയ്‌തു.

ഐഎസ്എല്ലിലെ ആദ്യത്തെ സീസണിൽ ടീമിനായി മികച്ച പ്രകടനം നടത്തിയ ഇയാൻ ഹ്യുമിനെ ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്ക് നിലനിർത്തിയില്ല. അടുത്ത സീസണിൽ എടികെയിലേക്ക് ചേക്കേറിയ താരം അവരുടെ ടോപ് സ്‌കോറർ ആവുകയും ടീമിന് കിരീടം നേടിക്കൊടുക്കുകയും ചെയ്‌തു. ഹ്യൂം പിന്നീടൊരിക്കൽ കൂടി ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സി അണിഞ്ഞെങ്കിലും പഴയ മികവ് ആവർത്തിക്കാൻ താരത്തിന് കഴിഞ്ഞില്ല.

ഇന്ത്യൻ സൂപ്പർ ലീഗ് കണ്ട ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായ ഓഗ്‌ബേച്ചെയുടെ കാര്യത്തിലാണ് ബ്ലാസ്റ്റേഴ്‌സ് അടുത്ത പിഴവ് വരുത്തിയത്. കേരള ബ്ലാസ്റ്റേഴ്‌സിലൂടെ ഐഎസ്എല്ലിൽ എത്തിയ താരം പതിനഞ്ചു ഗോളുകളാണ് ആദ്യത്തെ സീസണിൽ അടിച്ചു കൂട്ടിയത്. അതിനടുത്ത സീസണിൽ മുംബൈ സിറ്റിയിലേക്കും അതിനു ശേഷം ഹൈദെരാബാദിലേക്കും ചേക്കേറിയ താരം രണ്ടു ടീമിനൊപ്പവും കിരീടം നേടി.

സമാനമായ പിഴവ് ബ്ലാസ്റ്റേഴ്‌സ് നേതൃത്വം വീണ്ടും ആവർത്തിച്ചത് പെരേര ഡയസ്, അൽവാരോ വാസ്‌ക്വസ് എന്നിവരുടെ കാര്യത്തിലാണ്. ഇവാൻ പരിശീലകനായ ആദ്യത്തെ സീസണിൽ ഗോളുകൾ അടിച്ചു കൂട്ടിയ ഈ രണ്ടു താരങ്ങളെയും ബ്ലാസ്റ്റേഴ്‌സ് നിലനിർത്തിയില്ല. അതിൽ പെരേര ഡയസ് മുംബൈ സിറ്റിയിലേക്ക് ചേക്കേറി അവർക്കൊപ്പം കിരീടം സ്വന്തമാക്കി.

മികച്ച പ്രകടനം നടത്തിയതിനു ശേഷം പ്രതിഫലം വർധിപ്പിക്കാൻ ആവശ്യപ്പെട്ടതു നിരാകരിച്ചതിനെ തുടർന്നാണ് ഈ താരങ്ങളെല്ലാം ക്ലബ് വിട്ടതെന്നാണ് മനസിലാക്കാൻ കഴിയുന്നത്. സമാനമായ പിഴവാണ് ദിമിത്രിയോസിന്റെ കരാർ പുതുക്കാതിരുന്നാൽ സംഭവിക്കുക. ഐഎസ്എല്ലിൽ കഴിവ് തെളിയിച്ച താരം മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറി കിരീടമുയർത്തുന്നത് ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാണേണ്ടി വരും.

Kerala Blasters Not Extending Contract With Proven Strikers

Dimitrios DiamantakosIan HumeKerala BlastersOgbechePerera Diaz
Comments (0)
Add Comment