കലിംഗ സൂപ്പർ കപ്പിൽ കിരീടപ്രതീക്ഷയുമായി ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ഇന്നലത്തെ മത്സരത്തിൽ തോൽവി വഴങ്ങിയതോടെ ടൂർണമെന്റിൽ നിന്നും പുറത്തു പോയി. ജംഷഡ്പൂർ എഫ്സിക്കെതിരായ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങിയത്. ഇതോടെ ഒരു മത്സരം കൂടി ബാക്കി നിൽക്കെ തന്നെ ബ്ലാസ്റ്റേഴ്സ് പുറത്താവുകയായിരുന്നു.
ജംഷഡ്പൂരും ബ്ലാസ്റ്റേഴ്സും ആദ്യത്തെ മത്സരം വിജയിച്ചാണ് ഇന്നലത്തെ മത്സരത്തിനായി ഇറങ്ങിയത്. ഇന്നലെ വിജയിച്ചതോടെ ഒരു മത്സരം ബാക്കി നിൽക്കെ ജംഷഡ്പൂർ മുന്നിലെത്തി. അടുത്ത മത്സരങ്ങളിൽ ജംഷഡ്പൂർ തോൽക്കുകയും ബ്ലാസ്റ്റേഴ്സ് വിജയിക്കുകയും ചെയ്താലും ഹെഡ് ടു ഹെഡ് ആണു പരിഗണിക്കുക. അതുകൊണ്ടാണ് ഒരു മത്സരം ബാക്കി നിൽക്കെ തന്നെ ബ്ലാസ്റ്റേഴ്സ് പുറത്തായത്.
🚨| OFFICIAL: Kerala Blasters are out of Kalinga Super Cup ❌ #KBFC pic.twitter.com/H7XVnddVEy
— KBFC XTRA (@kbfcxtra) January 15, 2024
നാല് ഗ്രൂപ്പുകളുള്ള ടൂർണമെന്റിൽ നിന്നും ഓരോ ടീമുകൾ മാത്രമാണ് സെമി ഫൈനലിലേക്ക് മുന്നേറുക. ബ്ലാസ്റ്റേഴ്സ് സമനിലയെങ്കിലും നേടിയിരുന്നെങ്കിൽ അടുത്ത മത്സരത്തിൽ പ്രതീക്ഷ നിലനിർത്താമായിരുന്നു. എന്നാൽ മുന്നിലെത്തിയ ടീം അതിനു ശേഷം പിന്നിലേക്ക് പോവുകയായിരുന്നു. ദിമിത്രിയോസിന്റെ രണ്ടു പെനാൽറ്റി ഗോളുകൾക്കും ബ്ലാസ്റ്റേഴ്സിനെ രക്ഷിക്കാൻ കഴിഞ്ഞില്ല.
രണ്ടു ടീമുകളും അവസരങ്ങൾ ഉണ്ടാക്കിയ മത്സരത്തിൽ അത് മുതലെടുക്കാൻ കഴിയാതെ പോയതാണ് ടീമിന് തിരിച്ചടി നൽകിയത്. പുതിയ പരിശീലകനായ ഖാലിദ് ജമീലിനു കീഴിൽ ജംഷഡ്പൂർ കേരള ബ്ലാസ്റ്റേഴ്സിനു വലിയ സ്വാതന്ത്ര്യം നൽകിയതുമില്ല. ഈ മത്സരത്തിൽ വിജയം നേടിയതോടെ ഐഎസ്എല്ലിൽ മോശം പ്രകടനം നടത്തുന്ന ജംഷഡ്പൂരിനു ആത്മവിശ്വാസം വർധിച്ചിട്ടുണ്ടാകും.
അതേസമയം കേരള ബ്ലാസ്റ്റേഴ്സിന് ഈ തോൽവി വലിയൊരു തിരിച്ചടി തന്നെയാണ്. തുടർച്ചയായ നാല് മത്സരങ്ങളിൽ വിജയം നേടിയ ടീം ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താക്കുമെന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല എന്നുറപ്പാണ്. അതുകൊണ്ടു തന്നെ മികച്ച പ്രകടനം നടത്തിയ ടീമിന്റെ ആത്മവിശ്വാസത്തെ ഈ തോൽവി പ്രതികൂലമായി തന്നെ ബാധിക്കും.
Kerala Blasters Out Of Kalinga Super Cup