ബ്ലാസ്റ്റേഴ്‌സ് താരം കമന്റ് ബോക്‌സ് ഓഫാക്കിയത് സ്വന്തം ആരാധകരെ പേടിച്ചോ, വലിയ പിന്തുണയുമായി ആരാധകർ രംഗത്ത് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ വലിയ രീതിയിലുള്ള ആരാധകപിന്തുണയുള്ള ക്ലബാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഈ ആരാധകപിന്തുണ മറ്റു ക്ലബുകൾക്കെല്ലാം അസൂയ തോന്നുന്ന തരത്തിലാണെങ്കിലും ചിലപ്പോൾ അതു മോശമായ രീതിയിലും ബാധിക്കാറുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സിനോട് വളരെയധികം സ്നേഹം കാണിക്കുന്ന ആരാധകർ തന്നെയാണ് ടീം ചില സമയങ്ങളിൽ പതറുമ്പോൾ അവർക്ക് കൂടുതൽ പ്രചോദനം നൽകുന്നതിന് പകരം സ്റ്റേഡിയം ഒഴിച്ചിട്ടു തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നത്.

താരങ്ങളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്‌തമല്ല. പ്രതീക്ഷിച്ച നിലവാരത്തിലുള്ള പ്രകടനം നടത്തിയില്ലെങ്കിൽ അവരുടെ സോഷ്യൽ മീഡിയ പേജുകളിൽ കയറി രൂക്ഷമായ വിമർശനവും തെറിവിളിയും നടത്തുന്ന ആരാധകർ നിരവധിയാണ്. ബ്ലാസ്റ്റേഴ്‌സ് വിട്ട താരങ്ങളാണ് ഇത് പ്രധാനമായും അനുഭവിച്ചിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്‌സും മുംബൈ സിറ്റിയും തമ്മിൽ നടന്ന മത്സരത്തിനു ശേഷം അർജന്റീന താരമായ പെരേര ഡയസിനെതിരെ ഉണ്ടായ തെറിവിളിയൊക്കെ ഇതിനൊരു ഉദാഹരണമാണ്.

നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ കളിക്കുന്ന ഘാന താരമായ ക്വമെ പെപ്രക്ക് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ രോഷം ഏൽക്കേണ്ടി വന്നോയെന്നാണ് പലരും സംശയിക്കുന്നത്. സീസണിന്റെ തുടക്കത്തിൽ ടീമിലെത്തിയ താരം ആറു മത്സരങ്ങൾ ടീമിനായി കളിച്ചെങ്കിലും ഇതുവരെ ഒരു ഗോൾ പോലും നേടിയിട്ടില്ല. അതിനെത്തുടർന്ന് ആരാധകർ താരത്തിനെതിരെ വിമർശനം നടത്തിയിരുന്നു. അത് പെപ്രയുടെ സോഷ്യൽ മീഡിയ പേജിൽ വരെയെത്തിയോയെന്നാണ് സംശയിക്കേണ്ടിയിരിക്കുന്നത്.

പെപ്രയുടെ ഇൻസ്റ്റാഗ്രാം പേജിലെ ആദ്യത്തെ മൂന്നു പോസ്റ്റുകളിൽ രണ്ടെണ്ണത്തിലെയും കമന്റ് സെക്ഷൻ ഓഫാക്കി വെച്ചിരിക്കുകയാണ്. ഇത് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതിഷേധം കാരണമാണെന്നാണ് കരുതുന്നത്. അതേസമയം ഈ സാഹചര്യം ഉണ്ടായി എന്നറിഞ്ഞതു മുതൽ ഒരുകൂട്ടം ആരാധകർ താരത്തിന് വലിയ രീതിയിലുള്ള പിന്തുണ നൽകുന്നുണ്ട്. പെപ്രയുടെ ഏറ്റവും അവസാനത്തെ പോസ്റ്റിൽ അടുത്ത മത്സരത്തിൽ മികച്ച പ്രകടനം നടത്തി തിരിച്ചുവരാൻ ആരാധകർ ആവശ്യപ്പെടുന്നു.

വെറും ഇരുപത്തിരണ്ടു വയസ് മാത്രം പ്രായമുള്ള പെപ്ര ആദ്യത്തെ സീസണാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്നത്. അതുകൊണ്ടു തന്നെ ലീഗിലെ സാഹചര്യങ്ങളുമായും ടീമുമായും ഒത്തിണക്കം വരാൻ ചിലപ്പോൾ സമയമെടുക്കും. ഓരോ മത്സരത്തിലും അവസരം ലഭിക്കുന്നുണ്ടെങ്കിലും അത് കൃത്യമായി മുതലെടുക്കാൻ താരത്തിന് കഴിയുന്നില്ലെന്നത് ശരി തന്നെയാണ്. എന്നാൽ അതിൽ രൂക്ഷമായ വിമർശനം നടത്തുന്നതിന് പകരം വേണ്ടത്ര പിന്തുണ നൽകി ആത്മവിശ്വാസമുണ്ടാക്കാൻ സഹായിക്കുകയാണ് ഓരോ ആരാധകരും ചെയ്യേണ്ടതെന്നതിൽ സംശയമില്ല.

Kerala Blasters Player Peprah Off His Comment Box

Indian Super LeagueISLKerala BlastersKerala Blasters FansKwame Peprah
Comments (0)
Add Comment