വെറുതെയിരിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് തയ്യാറല്ല, പിഴവുകൾ പരിഹരിക്കാൻ സജീവമായ ശ്രമങ്ങൾ

ഈ സീസണിൽ മികച്ച ഫോമിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളിച്ചു കൊണ്ടിരിക്കുന്നതെങ്കിലും മത്സരങ്ങളുടെ ഫലങ്ങളിൽ അത് പലപ്പോഴും പ്രതിഫലിക്കുന്നില്ല. ടീമിന്റെ മൊത്തത്തിലുള്ള പ്രകടനം വളരെ മികച്ചതാണ് എങ്കിലും വ്യക്തിഗത പിഴവുകൾ ടീമിന് തിരിച്ചടി നൽകുന്നു.

ടീമിലെ ഇന്ത്യൻ താരങ്ങളിൽ നിന്നാണ് പലപ്പോഴും പിഴവുകൾ വരുന്നത്. സച്ചിൻ സുരേഷ്, പ്രീതം കോട്ടാൽ, സോം കുമാർ എന്നിവരെല്ലാം പിഴവുകൾ വരുത്തിയവരിൽ ഉൾപ്പെടുന്നു. ഇന്ത്യൻ താരങ്ങളുടെ നിലവാരം ഉയരേണ്ടത് ടീമിന്റെ കുതിപ്പിൽ പ്രധാനമാണെന്ന് ഇതിൽ നിന്നും വ്യക്തമാണ്.

ഇന്ത്യൻ താരങ്ങളെ കൂടുതൽ മികച്ചതാക്കാൻ കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സ് ഒരു സൗഹൃദമത്സരം കളിച്ചിരുന്നു. ഐലീഗ് ക്ലബായ ഗോകുലം കേരളക്കെതിരെ ഇന്ത്യൻ താരങ്ങളെ മാത്രം ഉൾപ്പെടുത്തി കളിച്ച മത്സരത്തിൽ 4-2 എന്ന സ്കോറിന് ബ്ലാസ്റ്റേഴ്‌സ് വിജയിച്ചു.

വിദേശതാരങ്ങളുമായി കളിച്ച ഗോകുലം കേരളയാണ് ആദ്യത്തെ രണ്ടു ഗോളുകളും നേടിയതെങ്കിലും പിന്നീട് ബ്ലാസ്റ്റേഴ്‌സ് തിരിച്ചു വന്നു. സഹീഫ്, യോയ്‌ഹെൻബ, അമാവിയ എന്നിവർ ബ്ലാസ്റ്റേഴ്‌സിനായി ഗോളുകൾ നേടിയപ്പോൾ ഒരെണ്ണം സെൽഫ് ഗോളായിരുന്നു.

ബെംഗളൂരുവിനെതിരെ കുറച്ച് സമയം മാത്രം അവസരം ലഭിച്ച താരങ്ങളും സ്‌ക്വാഡിൽ അവസരങ്ങൾ തീരെ ലഭിക്കാത്ത താരങ്ങളുമാണ് ബ്ലാസ്റ്റേഴ്‌സ് ടീമിൽ ഉണ്ടായിരുന്നത്. ഇതുപോലെയുള്ള മത്സരങ്ങൾ കളിക്കുന്നത് സ്‌ക്വാഡിനെ മെച്ചപ്പെടുത്തുന്നതിൽ വളരെ നിർണായകമാണ്.

ISLKerala Blasters
Comments (0)
Add Comment