ഈ സീസണിൽ പരിക്കുകളുടെ തിരിച്ചടി നേരിട്ട കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് കൂടുതൽ തിരിച്ചടി നൽകിയാണ് കഴിഞ്ഞ ദിവസം മധ്യനിര താരമായ ഫ്രഡിക്ക് പരിക്കേറ്റത്. ഐ ലീഗ് കിരീടം നേടിയ പഞ്ചാബ് എഫ്‌സിയിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിയ താരം പകരക്കാരനായാണ് മത്സരങ്ങളിൽ ഇറങ്ങിയിരുന്നത്. ടീമിനായി മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കെയാണ് താരത്തിന് കഴിഞ്ഞ ദിവസം നടന്ന ബൈക്ക് അപകടത്തിൽ പരിക്കേറ്റത്. ഇതോടെ താരം കുറച്ചു കാലം പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.
കേരള ബ്ലാസ്റ്റേഴ്‌സ് ഇറക്കിയ ഔദ്യോഗിക കുറിപ്പിലൂടെ ഫ്രഡിക്ക് പരിക്ക് പറ്റിയെന്നും താരത്തിന്റെ നില കുഴപ്പമില്ലാത്ത അവസ്ഥയിലാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ എവിടെ വെച്ചാണ് ബൈക്ക് അപകടം നടന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല. അതേസമയം ഫ്രഡിക്ക് ബൈക്ക് അപകടം നടന്നതിനു പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് നൽകുന്ന അമിതമായ സ്വന്തന്ത്ര്യം ചർച്ചയാകുന്നുണ്ട്. സീസൺ നടക്കുന്നതിനിടയിൽ ഒരു പ്രൊഫെഷണൽ ക്ലബിലെ താരങ്ങൾ പാലിക്കേണ്ട അച്ചടക്കത്തെക്കുറിച്ചും ചർച്ചകൾ സജീവമാകുന്നു.
🚨 𝗜𝗡𝗝𝗨𝗥𝗬 𝗨𝗣𝗗𝗔𝗧𝗘 🚨
We regret to share that our midfielder, Freddy Lallawmawma met with a accident. Due to swift medical attention, Freddy is now stable and on the road to recovery. We wish him a speedy return to the pitch.
Read More ➡️ https://t.co/Fr7Hzpd2LG… pic.twitter.com/IbucS3ZTOG
— Kerala Blasters FC (@KeralaBlasters) November 13, 2023
ഒരു പ്രൊഫെഷണൽ ഫുട്ബോൾ താരമാവുക എന്നു പറഞ്ഞാൽ അവർ ജീവിതത്തിലെ പല സന്തോഷങ്ങളും വേണ്ടെന്നു വെക്കേണ്ടി വരും. ഇഷ്‌ടപ്പെട്ട ഭക്ഷണവും ഇഷ്‌ടപ്പെട്ട വിനോദങ്ങളുമടക്കം പല കാര്യങ്ങളും മാറ്റിവെച്ചാൽ മാത്രമേ കരിയറിൽ അവർക്ക് ഉയർച്ചയുണ്ടാക്കാൻ സാധിക്കുകയുള്ളൂ. അതുപോലെ തന്നെ താരങ്ങൾ പ്രൊഫെഷനലിസം വെച്ചു പുലർത്തുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം ക്ലബിനുമുണ്ട്. അതുകൊണ്ടു തന്നെ ഈ സംഭവത്തിൽ ക്ലബിനും താരത്തിനും ഒരുപോലെ ഉത്തരവാദിത്വമുണ്ട്.
🚨🎖️ Freddy Lallawmawma met with a bike accident, he has shoulder and jaw bone injury @MarcusMergulhao #KBFC pic.twitter.com/DfXjUoNIAg
— KBFC XTRA (@kbfcxtra) November 12, 2023
കഴിഞ്ഞ ദിവസം ജേർണലിസ്റ്റായ മാർക്കസ് മെർഗുലാവോ ഇട്ട പോസ്റ്റിലും ഇക്കാര്യം വ്യക്തമാക്കുന്നു. ഫുട്ബോൾ താരങ്ങൾ ബൈക്കിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കി കാർ ഉപയോഗിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. ബൈക്ക് ഉപയോഗിക്കുന്നത് അപകടകരമായ കാര്യമാണെന്നും വളരെ പെട്ടന്ന് പരിക്ക് വരാൻ സാധ്യതയുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. പ്രൊഫെഷണൽ താരങ്ങളുടെ ഉത്തരവാദിത്വം എന്താണെന്ന് ഓർമ്മിപ്പിക്കുക കൂടിയാണ് അദ്ദേഹം ഇതിലൂടെ ചെയ്‌തിരിക്കുന്നത്.
അതേസമയം ഫ്രഡിക്ക് പരിക്കേറ്റതിനു പിന്നാലെ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധതാരമായ ഹോർമിപാം മൂന്നാറിൽ ബുള്ളറ്റുമായി നിൽക്കുന്നതിന്റെ ചിത്രം സ്റ്റോറിയായി പോസ്റ്റ് ചെയ്‌തത് കൂടുതൽ വിമർശനങ്ങൾക്ക് ഇടവരുത്തുന്നുണ്ട്. രണ്ടുപേരും കൂടിയുള്ള യാത്രയുടെ ഇടയിലാണോ ഫ്രഡിക്ക് അപകടം സംഭവിച്ചതെന്ന സംശയവും പലർക്കുമുണ്ട്. താരങ്ങളെ എല്ലായിപ്പോഴും നിയന്ത്രിക്കാൻ കഴിയില്ലെങ്കിലും സീസണിന്റെ ഇടയിലെങ്കിലും കൃത്യമായ നിയന്ത്രണം വെച്ചു പുലർത്തേണ്ടത് നിർബന്ധമാണെന്ന് പലരും പറയുന്നു.
Kerala Blasters Player Freddy Injured In Bike Accident