ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിൽ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കൊച്ചിയുടെ മൈതാനത്തിറങ്ങാൻ പോവുകയാണ്. ആദ്യത്തെ മത്സരത്തിൽ കൊൽക്കത്തയിൽ നിന്നു തന്നെയുള്ള ക്ലബായ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് കീഴടക്കിയതിന്റെ ആത്മവിശ്വാസവുമായി ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യമായി എടികെ മോഹൻ ബഗാനെ കീഴടക്കുകയെന്ന ലക്‌ഷ്യം കൂടിയുണ്ട്. ഇതിനു മുൻപ് നാല് മത്സരങ്ങളിൽ രണ്ടു ടീമുകളും നേർക്കുനേർ വന്നപ്പോൾ അതിൽ മൂന്നെണ്ണത്തിലും തോറ്റ ബ്ലാസ്റ്റേഴ്‌സ് ഒരു മത്സരത്തിൽ സമനില വഴങ്ങുകയായിരുന്നു.
എടികെക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ നേർക്കുനേരെയുള്ള റെക്കോർഡ് ഇതുവരെ മോശമാണെങ്കിലും ഈ സീസണിൽ അതാവർത്തിക്കണമെന്നില്ല. ഇവാൻ വുകോമനോവിച്ചിന് കീഴിൽ കൂടുതൽ കരുത്തുറ്റ സംഘമായി മാറിയ ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ മത്സരത്തിൽ കാണിച്ച ആധിപത്യം അതിനു തെളിവാണ്. തങ്ങൾക്കു പകരം മറ്റേതെങ്കിലും ടീമായിരുന്നെങ്കിൽ ബ്ലാസ്റ്റേഴ്‌സ് നാലഞ്ച് ഗോളുകൾ അടിച്ചേനെയെന്ന ഈസ്റ്റ് ബംഗാൾ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈനിന്റെ വാക്കുകൾ തന്നെ ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം എത്രത്തോളം മികച്ചതായിരുന്നുവെന്ന് വ്യക്തമാക്കുന്നു.
അതേസമയം ഇന്നത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇറക്കുന്ന ആദ്യ ഇലവൻ ഏതായിരിക്കുമെന്നാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ ചിന്തിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ടീമിനു വേണ്ടി താരമായിരുന്നത് യുക്രൈനിൽ നിന്നും വന്ന മധ്യനിര താരമായ ഇവാൻ കലിയുഷ്‌നി ആയിരുന്നു. പകരക്കാരനായിറങ്ങി രണ്ടു ഗോളുകൾ നേടിയ താരം ഇന്ന് ആദ്യ ഇലവനിൽ ഉണ്ടാകുമോയെന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. അങ്ങിനെയാണെങ്കിൽ കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ ഉണ്ടായിരുന്ന ഒരു വിദേശതാരം പുറത്തു പോകും.
Adrian Luna always love to perform against ATK Mohun Bagan!💛
— SouthSoccers #U17WWC 🏆 #ShePower 👧⚽️ (@south_soccers) October 16, 2022
He got involved in 3 goals (2 goals and 1 assist) in his two outings for Kerala Blasters againt ATKMB!🔥
📸: KBFC#HeroISL #LetsFootball #ഒന്നായിപോരാടാം #KBFC #KeralaBlasters #KBFCATKMB #ATKMohunBagan pic.twitter.com/3QEcIlP7Ff
എടികെ മോഹൻ ബഗാനെ കൂടുതൽ സമ്മർദ്ദത്തിലാക്കാൻ കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ ഗോളുകൾ നേടിയ കലിയുഷ്‌നിയെ ഇവാൻ വുകോമനോവിച്ച് ആദ്യ ഇലവനിൽ ഇറക്കാനുള്ള സാധ്യതയുണ്ട്. അങ്ങിനെയാണെങ്കിൽ മുന്നേറ്റനിരയിലെ രണ്ടു വിദേശതാരങ്ങളിൽ ഒരാളായിരിക്കും ആദ്യ ഇലവനിൽ നിന്നും പുറത്താവുക. അഡ്രിയാൻ ലൂണ, മാർകോ ലെസ്‌കോവിച്ച് എന്നിവരുടെ ടീമിലെ സ്ഥാനം ഉറപ്പാണെന്നിരിക്കെ ജിയാനുവിനെ ഒഴിവാക്കി ബിദ്യാസാഗറിനെ ഇവാൻ ഇറക്കിയേക്കും. ഇതിനു പുറമെ ജീക്സൺ സിങ്ങിന് പകരമാകും കലിയുഷ്‌നിയെ കലിപ്പിക്കുക. ട്രെയിനിങ് മത്സരങ്ങളിലെ പ്രകടനം വിലയിരുത്തിയാകും ഇത് നടപ്പിലാക്കുക.
ബ്ലാസ്റ്റേഴ്‌സ് സാധ്യത ഇലവൻ: പ്രഭ്സുഖൻ ഗിൽ (ഗോൾകീപ്പർ), ഖബ്‌റ, ഹോർമിപാം, ലെസ്‌കോവിച്ച്, ജെസ്സെൽ (പ്രതിരോധനിര), സഹൽ, കലിയുഷ്‌നി, ലാൽതാതങ്ങ, അഡ്രിയാൻ ലൂണ (മധ്യനിര), ബിദ്യാസാഗർ, ദിമിത്രിസ് ഡയമെന്റക്കൊസ് (മുന്നേറ്റനിര)