കേരള ബ്ലാസ്റ്റേഴ്‌സ് ഇലവനിൽ വലിയൊരു മാറ്റമുണ്ടാകും, ഈസ്റ്റ് ബംഗാളിനെതിരെ ഇവാന്റെ പദ്ധതികളിങ്ങിനെ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലെ തങ്ങളുടെ രണ്ടാമത്തെ എവേ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് നാളെ കളത്തിലിറങ്ങാൻ പോവുകയാണ്. ഇതുവരെ അഞ്ചു മത്സരങ്ങൾ കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് അതിൽ മൂന്നു വിജയവും ഒരു സമനിലയും ഒരു തോൽവിയുമായി പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ് നിൽക്കുന്നത്. ടീമിൽ അഞ്ചോളം പ്രധാന താരങ്ങൾ ഇല്ലാതിരുന്നിട്ടും കഴിഞ്ഞ രണ്ടു മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയത് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്ന കാര്യമാണ്.

ഈസ്റ്റ് ബംഗാളിനെതിരെ അവരുടെ മൈതാനത്ത് ഇറങ്ങുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ ഇലവനിൽ കഴിഞ്ഞ മത്സരങ്ങളിൽ നിന്നും മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് സൂചനകൾ. നിലവിൽ ടീമിന്റെ ആദ്യ ഇലവനിൽ ഇറങ്ങേണ്ട അഞ്ചു താരങ്ങളാണ് പരിക്കും വിലക്കുമായി പുറത്തിരിക്കുന്നത്. മിലോസ് ഡ്രിങ്കിച്ച്, പ്രബീർ ദാസ് എന്നിവർ വിലക്ക് കാരണം അടുത്ത മത്സരം കൂടി പുറത്തിരിക്കേണ്ടി വരുമ്പോൾ ജിക്‌സൻ, ലെസ്‌കോവിച്ച്, ഐബാൻ എന്നിവർ പരിക്ക് കാരണവും പുറത്താണ്. ഇതിനു പുറമെ പകരക്കാരനായി ഇറങ്ങാറില്ല ഫ്രഡിയും പരിക്കിന്റെ പിടിയിലാണ്.

ഗോൾകീപ്പിങ്ങിലും പ്രതിരോധത്തിലും കഴിഞ്ഞ മത്സരത്തിൽ നിന്നും യാതൊരു വ്യത്യാസവും ഉണ്ടാകാൻ സാധ്യതയില്ല. സച്ചിൻ സുരേഷ് മികച്ച പ്രകടനം ഗോൾവലക്ക് കീഴിൽ നടത്തുമ്പോൾ നിലവിലെ സാഹചര്യങ്ങൾ വെച്ചു നോക്കുമ്പോൾ പ്രതിരോധവും നല്ല രീതിയിൽ തന്നെയാണ് കളിക്കുന്നത്. മധ്യനിരയാണ് മാറ്റം വരാൻ സാധ്യതയുള്ള ഒരു മേഖല. കഴിഞ്ഞ മത്സരത്തിൽ പകരക്കാരനായിറങ്ങി മികച്ച പ്രകടനം നടത്തിയ ഐമൻ ആദ്യ ഇലവനിലേക്ക് വന്നാൽ രാഹുൽ കെപി ആദ്യ ഇലവനിൽ നിന്നും പുറത്താകും.

മുന്നേറ്റനിരയിൽ വലിയൊരു മാറ്റം വേണമെന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഒന്നടങ്കം ആവശ്യപ്പെടുന്നുണ്ട്. നാളത്തെ മത്സരത്തിൽ ആ മാറ്റത്തിനുള്ള സാധ്യതയും വളരെ കൂടുതലാണ്. കഴിഞ്ഞ രണ്ടു മത്സരത്തിലും ആദ്യ ഇലവനിൽ ഉണ്ടായിരുന്ന ആഫ്രിക്കൻ താരമായ ക്വമെ പെപ്ര ആദ്യ ഇലവനിൽ നിന്നും പുറത്തായേക്കാം. നിരവധി അവസരങ്ങൾ ലഭിച്ചിട്ടും ഈ സീസണിൽ ഒരിക്കൽ പോലും വലകുലുക്കാൻ താരത്തിന് കഴിയാത്തത് വിമർശനങ്ങൾ ഏറ്റുവാങ്ങുന്നതിനാൽ ദിമിത്രിയോസ് തന്നെ ആദ്യ ഇലവനിൽ ഇറങ്ങിയേക്കും.

ഈ രണ്ടു പൊസിഷനിൽ അല്ലാതെ കഴിഞ്ഞ ഇലവനിൽ നിന്നും വലിയ മാറ്റങ്ങളൊന്നും വുകോമനോവിച്ച് വരുത്താനുള്ള സാധ്യതയില്ല. ഇന്റർനാഷണൽ ബ്രേക്കിനു മുൻപുള്ള മത്സരമായതിനാൽ തന്നെ ആരാധകർ വിജയം മാത്രമേ ബ്ലാസ്റ്റേഴ്‌സിൽ നിന്നും പ്രതീക്ഷിക്കുന്നുള്ളൂ. ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് കളിച്ച ഒരേയൊരു എവേ മത്സരത്തിൽ മുംബൈയോട് തോൽവി വഴങ്ങിയിരുന്നു. അതിന്റെ ആശങ്ക മാറ്റി ആദ്യത്തെ എവേ വിജയം സ്വന്തമാക്കാനാകും ബ്ലാസ്റ്റേഴ്‌സ് നാളെ ലക്‌ഷ്യം വെക്കുന്നത്.

സാധ്യതാ ഇലവൻ: ഗോൾ കീപ്പർ: സച്ചിൻ സുരേഷ്. ഡിഫെൻസ്: നവോച്ച സിങ്, പ്രീതം കോട്ടാൽ, റൂയിവ ഹോർമിപാം, സന്ദീപ് സിംഗ്. മധ്യനിര: ഡൈസുകെ സകായി, ഡാനിഷ് ഫറൂഖ്, വിബിൻ മോഹനൻ, മൊഹമ്മദ് ഐമൻ, ആക്രമണം: അഡ്രിയാൻ ലൂണ, ദിമിത്രിയോസ് ഡയമാന്റകോസ്.

Kerala Blasters Possible XI Against East Bengal

East BengalIndian Super LeagueISLKerala Blasters
Comments (0)
Add Comment