ലൂണയെ മാത്രം ആശ്രയിക്കുന്നുവെന്നു പറഞ്ഞവർ ഇപ്പോഴത്തെ കേരള ബ്ലാസ്‌റ്റേഴ്‌സിനെ കണ്ടില്ലേ, കൊമ്പന്മാർക്ക് ചെന്നൈയിൻ എഫ്‌സി പരിശീലകന്റെ പ്രശംസ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച ഫോമിൽ കുതിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് എതിരാളികളുടെയും പിന്തുണ. കഴിഞ്ഞ ദിവസം ചെന്നൈയിൻ എഫ്‌സി പരിശീലകനായ ഓവൻ കോയലാണ് കേരളത്തിന്റെ സ്വന്തം ടീമിനെ പ്രശംസിച്ച് രംഗത്തു വന്നത്. ടീമിന്റെ നായകനും പ്രധാന താരവുമായ അഡ്രിയാൻ ലൂണയുടെ അഭാവത്തിലും ബ്ലാസ്റ്റേഴ്‌സ് നടത്തുന്ന മികച്ച പ്രകടനത്തെയാണ് അദ്ദേഹം പ്രശംസിച്ചത്.

അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തു പോയപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസൺ അവസാനിച്ചുവെന്ന് കരുതിയവർ നിരവധിയായിരുന്നു. എന്നാൽ അതിനു ശേഷമുള്ള മൂന്നു മത്സരങ്ങളിൽ മൂന്നിലും വിജയം സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോൾ പോലും വഴങ്ങിയില്ല. ഈ മൂന്നു മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച ടീമുകളെയാണ് ബ്ലാസ്റ്റേഴ്‌സ് കീഴടക്കിയതെന്ന് എടുത്തു പറയേണ്ടതാണ്.

“നിങ്ങൾ കേരള ബ്ലാസ്‌റ്റേഴ്‌സിനെ നോക്കുകയാണെങ്കിൽ, ഒരുപാട് പേർ കരുതിയിരുന്നത് അവർക്ക് അഡ്രിയാൻ ലൂണയെ അമിതമായി ആശ്രയിക്കുന്ന ഒരു സ്വഭാവമുണ്ടെന്നാണ്. എന്നാൽ അതങ്ങിനെയല്ലെന്ന് കഴിഞ്ഞ ഏതാനും മത്സരങ്ങളിലെ പ്രകടനം കൊണ്ട് അവർ പൂർണമായും തെളിയിച്ചിട്ടുണ്ട്.” അദ്ദേഹം കഴിഞ്ഞ ദിവസം നടന്ന മത്സരത്തിന് ശേഷം പറഞ്ഞു.

കോയലിന്റെ വാക്കുകൾ സത്യമാണെന്നതിൽ സംശയമില്ല. ലൂണ പരിക്കേറ്റു പുറത്തു പോയതോടെ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിരയുടെ നട്ടെല്ലൊടിഞ്ഞുവെന്നാണ് ഏവരും കരുതിയത്. കളിക്കളത്തിൽ മുഴുവൻ സമയവും അധ്വാനിക്കുന്ന താരത്തിന്റെ അഭാവം ടീമിനെ തളർത്തുമെന്ന് ഭൂരിഭാഗവും വിശ്വസിച്ചു. അതുകൊണ്ടു തന്നെ ലൂണക്ക് മികച്ചൊരു പകരക്കാരനെ വേണമെന്ന ആവശ്യവും ഉയർന്നു വന്നിരുന്നു.

എന്നാൽ ലൂണയുടെ അഭാവത്തെ തന്റെ തന്ത്രങ്ങൾ കൊണ്ടു മറികടക്കാൻ പരിശീലകനായ ഇവാൻ വുകോമനോവിച്ചിന് കഴിഞ്ഞു. രണ്ടു വിദേശതാരങ്ങളെയും പ്രീതം കൊട്ടാലിനേയും അണിനിരത്തി ഡിഫെൻസിനെ അഴിച്ചു പണിതാണ് ഇവാൻ ടീമിനെ മാറ്റിയെടുത്തത്. അവർക്കൊപ്പം ഓൾ ഇന്ത്യൻ മധ്യനിരയും വിദേശതാരങ്ങളുള്ള മുൻനിരയും ചേർന്നതോടെ ബ്ലാസ്റ്റേഴ്‌സ് കരുത്തുറ്റ ടീമായി മാറി.

Kerala Blasters Recent Form Praised By Owen Coyle

Chennaiyin FCISLIvan VukomanovicKerala BlastersOwen Coyle
Comments (0)
Add Comment