പുതിയ സീസണിനായി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക് ആവശ്യമുള്ള താരങ്ങളെ പോലും സ്വന്തമാക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നത് ആരാധകരിൽ വലിയ നിരാശയാണ് സൃഷ്‌ടിച്ചു കൊണ്ടിരിക്കുന്നത്. മറ്റു ടീമുകളെല്ലാം അവർക്ക് ആവശ്യമുള്ള താരങ്ങളെ എത്തിച്ച് സ്‌ക്വാഡിനെ ശക്തമാക്കി മാറ്റിയപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ചില പൊസിഷനിലേക്ക് ഇനിയും താരങ്ങളെത്താനുണ്ട്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ഇതിനായി നടത്തുന്ന നീക്കങ്ങളെല്ലാം പരാജയപ്പെടുകയാണ്.
അതിനിടയിൽ ഒരു വിദേശതാരത്തെ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിന്റെ ഭാഗമായി രജിസ്റ്റർ ചെയ്‌തുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നൈജീരിയൻ യുവതാരമായ ജസ്റ്റിൻ ഓജോക്ക ഇമ്മാനുവലിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെ താരമായി രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് പ്രീ സീസൺ പരിശീലനം നടത്തുമ്പോൾ തുടക്കം മുതൽ ജസ്റ്റിൻ കൂടെയുണ്ടായിരുന്നു. ട്രയൽസിനു വേണ്ടിയാണ് നൈജീരിയൻ താരം ടീമിനൊപ്പം ചേർന്നത്.
ട്രയൽസിനു ശേഷം താരത്തിന് അവസരം നൽകുന്നതിന് വേണ്ടിയാണ് സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം നിലവിൽ ഡ്യുറന്റ് കപ്പിനുള്ള സ്‌ക്വാഡിലേക്കാണ് ജസ്റ്റിൻ ഇമ്മാനുവലിനെയും ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിനുള്ള സ്‌ക്വാഡിൽ നിലവിൽ താരത്തെ ചേർത്തിട്ടില്ല. എന്നാൽ ഡ്യൂറന്റ് കപ്പിൽ ഇമ്മാനുവലിനു ടീമിനൊപ്പം മികച്ച പ്രകടനം നടത്താൻ കഴിഞ്ഞാൽ താരത്തെ ഐഎസ്എൽ ടീമിലും ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടുത്തും.
ഡ്യൂറന്റ് കപ്പിൽ ഓഗസ്റ്റ് പതിമൂന്നിനാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യത്തെ മത്സരം കളിക്കുന്നത്. കേരളത്തിലെ മറ്റൊരു പ്രധാന ക്ലബും ഡ്യൂറന്റ് കപ്പിലെ മുൻ ജേതാക്കളുമായ ഗോകുലം കേരളയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികൾ. അതിനു ശേഷം ഓഗസ്റ്റ് പതിനെട്ടിന് ബെംഗളൂരു എഫ്‌സിക്കെതിരെയും ഓഗസ്റ്റ് ഇരുപത്തിയൊന്നിന് ഇന്ത്യൻ എയർഫോഴ്‌സ് ഫുട്ബോൾ ടീമിനെതിരെയും കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കും.
Kerala Blasters Register Justin Emmanuel For Durant Cup