ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡിഷ എഫ്സിയും കേരള ബബ്ലാസ്റ്റേഴ്സും തമ്മിൽ നടക്കുന്ന മത്സരത്തിന്റെ ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്സ് ഒരു ഗോളിനു മുന്നിൽ. കഴിഞ്ഞ മത്സരത്തിലെ കനത്ത തോൽവിയുടെ ക്ഷീണം മാറാൻ വിജയം അനിവാര്യമായ കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധതാരം ഹർമൻജോത് ഖബ്ര നേടിയ ഗോളിലാണ് ആദ്യ പകുതിയിൽ മുന്നിൽ നിൽക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർതാരം അഡ്രിയാൻ ലൂണയാണ് ഗോളിന് അസിസ്റ്റ് നൽകിയത്.
എടികെ മോഹൻ ബഗാനെതിരെ കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ അതെ ഇലവൻ തന്നെയാണ് ഇവാൻ വുകോമനോവിച്ച് ഇന്നത്തെ മത്സരത്തിലും ഇറക്കിയതെങ്കിലും കഴിഞ്ഞ മത്സരത്തിലേതു പോലെ തുടക്കം മുതൽ ആധിപത്യം സ്ഥാപിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. സ്വന്തം മൈതാനത്ത് ഒഡിഷ എഫ്സി കൂടുതൽ അവസരങ്ങൾ ഒരുക്കിയെടുത്തപ്പോൾ ബ്ലാസ്റ്റേഴ്സ് മുന്നേറ്റം ചെറുതായി പതറുകയും ചെയ്തു. ഒഡിഷ എഫ്സി നേടിയ ഒരു ഗോൾ ഫൗളിനെ തുടർന്ന് റഫറി നിഷേധിച്ചത് ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി.
കഴിഞ്ഞ മത്സരങ്ങളിൽ കിട്ടിയ അവസരം കൃത്യമായി ഉപയോഗിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിയാതിരുന്നത് തോൽവിക്ക് കാരണമായതിനാൽ തന്നെ ഇത്തവണ അത്തരമൊരു പിഴവ് ആവർത്തിക്കാൻ അവർക്ക് കഴിയില്ലായിരുന്നു. മുപ്പത്തിയഞ്ചാം മിനുറ്റിൽ ലൂണ നൽകിയ ക്രോസിൽ വായുവിൽ ഉയർന്നു പൊങ്ങിയ ഒരു ഹെഡറിലൂടെയാണ് ഖബ്ര ഒഡിഷ ഗോൾകീപ്പറെ കീഴടക്കി ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്. ഗോൾ പിറന്നതോടെ ഒഡിഷ മുന്നേറ്റം ശക്തമാക്കിയെങ്കിലും ആദ്യ പകുതിയിൽ പിടിച്ചു നിൽക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു.
മത്സരത്തിന്റെ ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നിലാണെങ്കിലും എങ്ങോട്ടു വേണമെങ്കിലും അന്തിമഫലം തിരിയാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ മത്സരത്തിലേതു പോലെ ലഭിച്ച അവസരങ്ങൾ പാഴാക്കുന്ന സ്വഭാവം ഒഴിവാക്കുകയും പ്രതിരോധത്തിൽ കൃത്യമായ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്താൽ മത്സരം സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിയും. ഇന്നത്തെ മത്സരത്തിൽ വിജയം നേടേണ്ടത് ബ്ലാസ്റ്റേഴ്സിന് അനിവാര്യവുമാണ്.