പുതിയ പരിശീലകനു കീഴിൽ വലിയൊരു മാറ്റത്തിന് തയ്യാറെടുക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇവാൻ വുകോമനോവിച്ചിൽ നിന്നും വ്യത്യസ്‌തമായി പന്ത് കൈവശമെത്തുമ്പോൾ പെട്ടന്നുള്ള ആക്രമണത്തിനും താരങ്ങളുടെ വർക്ക് റേറ്റിനും പ്രാധാന്യം നൽകുന്ന ശൈലിയുള്ള പരിശീലകന് അത് കൃത്യമായി നടപ്പിലാക്കാൻ കഴിവുള്ള താരങ്ങളെയും ആവശ്യമാണെന്നതിൽ സംശയമില്ല.
അഡ്രിയാൻ ലൂണ, നോഹ സദൂയി എന്നീ വിദേശതാരങ്ങൾ മാത്രമേ ബ്ലാസ്റ്റേഴ്‌സിൽ തുടരുമെന്ന് ഉറപ്പു പറയാൻ കഴിയൂ. അതിനു പുറമെ ടീമിലെത്തിക്കേണ്ട താരങ്ങളുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് ഏകദേശ ധാരണയിൽ എത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. പ്രമുഖ മലയാള ദിനപത്രത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം നാല് താരങ്ങളാണ് ബ്ലാസ്റ്റേഴ്‌സിന്റെ റഡാറിലുള്ളത്.
🥇💣 Cristian Battocchio, Magnus Eriksson, Jamie Maclaren & Marin Jakolis are in the radar of Kerala Blasters. @mathrubhumi #KBFC pic.twitter.com/DcLWAP1ujY
— KBFC XTRA (@kbfcxtra) May 30, 2024
കഴിഞ്ഞ സീസണിൽ ചെന്നൈയിൻ എഫ്‌സിയിൽ കളിച്ച അർജന്റീന-ഇറ്റാലിയൻ മിഡ്‌ഫീൽഡറായ ക്രിസ്റ്റ്യൻ ബാറ്റൊച്ചിയോ, സ്വീഡിഷ് മിഡ്‌ഫീൽഡറായ മാഗ്നസ് എറിക്‌സൺ, ഓസ്‌ട്രേലിയൻ ക്ലബായ മെൽബൺ സിറ്റിയുടെ സ്‌ട്രൈക്കർ ജെമീ മക്‌ലാറൻ, ലീഗ് വൺ ക്ലബായ ആങ്കേഴ്‌സിന്റെ വിങ്ങറായ മറൈൻ ജാകോളിസ് എന്നിവരെയാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്.
ഒരു വിദേശ പ്രതിരോധതാരം നിർബന്ധമായതിനാൽ തന്നെ ഈ നാല് താരങ്ങളെയും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാനുള്ള സാധ്യതയില്ല. എന്നാൽ ഈ ലിസ്റ്റിലുള്ള താരങ്ങളെ സ്വന്തമാക്കുന്നതിനു വേണ്ടിയുള്ള ചർച്ചകൾ ബ്ലാസ്റ്റേഴ്‌സ് നടത്തുന്നുണ്ട്. താരങ്ങളുടെ ലഭ്യതയും അവരുടെ പ്രതിഫലം അടക്കമുള്ള ഡിമാൻഡുകളും അറിഞ്ഞതിനു ശേഷമാകും ബ്ലാസ്റ്റേഴ്‌സ് തീരുമാനം എടുക്കുക.
അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിൽ വലിയൊരു അഴിച്ചുപണി നടക്കുമെന്ന സൂചന തന്നെയാണ് ഇതിലൂടെ ലഭിക്കുന്നത്. തന്റെ പദ്ധതികൾ നടപ്പിലാക്കാൻ കഴിയുന്ന താരങ്ങളെ റിക്രൂട്ട് ചെയ്യാൻ പരിശീലകൻ നടത്തുന്ന ഇടപെടലുകൾ പ്രതീക്ഷ നൽകുന്നത് തന്നെയാണ്. ഈ ലിസ്റ്റിലുള്ള താരങ്ങൾക്കെല്ലാം മികച്ച പ്രകടനം ടീമിനായി വാഗ്‌ദാനം ചെയ്യാനും കഴിയും.
Kerala Blasters Target Four Players