കഴിഞ്ഞ വർഷം ക്ലബിനായി ഹാട്രിക്ക് നേടിയ ഒരേയൊരു താരവും പുറത്തേക്ക്, മൂന്നു കളിക്കാരെ ഒഴിവാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ ക്ലബുകളിൽ വലിയൊരു അഴിച്ചുപണി ഈ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിനു ശേഷം നടക്കുമെന്ന കാര്യത്തിൽ സംശയമില്ല. വമ്പൻ ക്ലബുകൾ പലതും തിരിച്ചടി നേരിട്ടു കൊണ്ടിരിക്കുകയും പല താരങ്ങളും പരിക്കിന്റെ പിടിയിലാവുകയും ചെയ്‌ത സാഹചര്യത്തിൽ ജനുവരിയിൽ പല ടീമുകളും പുതിയ താരങ്ങളെ സ്വന്തമാക്കി കിരീടപ്രതീക്ഷകൾ സജീവമാക്കി നിലനിർത്താനുള്ള ശ്രമത്തിലാണ്.

അതിനിടയിൽ കേരള ബ്ലാസ്റ്റേഴ്‌സ് നിലവിലുള്ള താരങ്ങളിൽ ചിലരെ ഒഴിവാക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം സ്‌ട്രൈക്കറായ ബിദ്യാസാഗർ, വിങ്ങറായ ബ്രൈസ് മിറാൻഡ എന്നിവർക്കൊപ്പം ടീമിന്റെ പ്രതിരോധനിര താരമായ ഹോർമിപാമിനെയും ഒഴിവാക്കാൻ ബ്ലാസ്റ്റേഴ്‌സ് ആലോചിക്കുന്നുണ്ട്. എന്നാൽ ഈ ട്രാൻസ്‌ഫർ ജാലകത്തിൽ ഇവർ പുറത്തു പോകുമോയെന്ന് ഉറപ്പില്ല.

ഈ വർഷം കേരള ബ്ലാസ്റ്റേഴ്‌സിനായി ഹാട്രിക്ക് നേടിയ ഒരേയൊരു താരമാണ് ബിദ്യാസാഗർ. ഡ്യൂറൻഡ് കപ്പിൽ ഇന്ത്യൻ എയർ ഫോഴ്‌സിനെതിരെ ബ്ലാസ്റ്റേഴ്‌സ് അഞ്ചു ഗോളുകൾക്ക് വിജയം നേടിയ മത്സരത്തിലാണ് താരം ഹാട്രിക്ക് നേടിയത്. എന്നാൽ സീസണിൽ താരത്തിന് അവസരങ്ങളില്ല. ബെംഗളൂരുവിനെതിരെ നടന്ന ആദ്യമത്സരത്തിൽ ഇഞ്ചുറി ടൈമിൽ മാത്രമാണ് താരം കളിച്ചത്.

ബിദ്യയെപ്പോലെ തന്നെ അവസരങ്ങൾ ഇല്ലാത്തതിനാലാണ് ബ്രൈസ് മിറാൻഡയും ഒഴിവാക്കപ്പെടുന്നത്. ഈ സീസണിൽ ഒരു മത്സരത്തിൽ പോലും താരം കളിച്ചിട്ടില്ല. അതേസമയം ഹോർമിപാം ഈ സീസണിൽ പല മത്സരങ്ങളിലും ആദ്യ ഇലവനിൽ ഇറങ്ങിയിരുന്നെങ്കിലും വിദേശതാരങ്ങളുടെ സെന്റർ ബാക്ക് സഖ്യം വന്നതോടെ അവസരങ്ങളില്ലാതെ ബെഞ്ചിലിരിക്കുകയാണ്.

ഈ താരങ്ങളെ ജനുവരിയിൽ ഒഴിവാക്കുകയാണെങ്കിൽ പുതിയ താരങ്ങളെ ക്ലബ് സ്വന്തമാക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ നിലവിലെ സാഹചര്യത്തിൽ ജനുവരിയിൽ ഹോർമിപാമിനെ ഒഴിവാക്കുന്നത് ചിലപ്പോൾ തിരിച്ചടിയായേക്കും. മറ്റു താരങ്ങൾക്ക് പരിക്കേൽക്കുകയോ സസ്‌പെൻഷൻ ലഭിക്കുകയോ ചെയ്യുമ്പോൾ വിശ്വസിച്ച് ചുമതലയേൽപ്പിക്കാൻ കഴിയുന്ന താരമാണ് ഹോർമിപാം.

Kerala Blasters To Offload Three Players

BidyashagarBryce MirandaHormipam RuivahIndian Super LeagueISLKBFCKerala Blasters
Comments (0)
Add Comment