കൊച്ചി സ്റ്റേഡിയം നരകത്തീയാക്കി മാറ്റാൻ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഒരുങ്ങി, പ്രതികാരച്ചൂടിൽ മുംബൈ സിറ്റി വെന്തെരിയും | Kerala Blasters

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് കളിച്ച സംഭവബഹുലമായ മത്സരങ്ങളിൽ ഒന്നായിരുന്നു മുംബൈ സിറ്റിയുടെ മൈതാനത്ത് നടന്നത്. മുംബൈ സിറ്റി ഒന്നിനെതിരെ രണ്ടു ഗോളിന് വിജയം നേടിയ മത്സരത്തിൽ രണ്ടു ടീമിലെയും താരങ്ങൾ തമ്മിൽ സംഘർഷവും ഉരസലുമെല്ലാം നടന്നിരുന്നു. മത്സരം കഴിഞ്ഞപ്പോൾ രണ്ടു ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കും ഒരു മുംബൈ സിറ്റി താരത്തിനും മൂന്നു മത്സരങ്ങളിൽ വിലക്ക് ലഭിക്കുകയും ചെയ്‌തു.

ആ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ മുംബൈ സിറ്റി ആരാധകർ വലിയ രീതിയിൽ അധിക്ഷേപിച്ചത് ആരാധകർ മറന്നിട്ടില്ല. മത്സരം കഴിഞ്ഞപ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇതിനുള്ള മറുപടി കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ തരാമെന്നായിരുന്നു. എന്തായാലും അതിനുള്ള പദ്ധതി ബ്ലാസ്റ്റേഴ്‌സ് ആരാധകഗ്രൂപ്പുകൾ കൃത്യമായി തന്നെ നടപ്പിലാക്കുന്നുണ്ടെന്ന് വ്യക്തമാണ്.

മത്സരത്തിന്റെ ടിക്കറ്റ് ബുക്കിങ് വെബ്‌സൈറ്റ് പ്രകാരം നാളത്തെ മത്സരത്തിനുള്ള എല്ലാ ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്. അതിനർത്ഥം ഒരു ഫുൾ പാക്ക്ഡ് കൊച്ചി സ്റ്റേഡിയമാണ് നാളെ മുംബൈ സിറ്റിയെ കാത്തിരിക്കുക എന്നതാണ്. അതിനു പുറമെ അന്ന് മുംബൈ സിറ്റി ആരാധകർ നടത്തിയ അധിക്ഷേപത്തിനുള്ള മറുപടികളും നാളെ കൊച്ചിയിൽ കാത്തിരിക്കുന്നുണ്ടാകും എന്നുറപ്പാണ്.

നാളത്തെ മത്സരത്തിനായി ഇറങ്ങുമ്പോൾ മുംബൈ സിറ്റിയുടെ പല താരങ്ങളും കളിക്കില്ല. കഴിഞ്ഞ മത്സരത്തിൽ ചുവപ്പുകാർഡ് വാങ്ങിയ ആകാശ് മിശ്ര, ഗ്രെഗ് സ്റ്റീവാർട്ട്, വിക്രം പ്രതാപ് സിങ്, രാഹുൽ ഭേക്കെ എന്നിവരാണ് മത്സരത്തിൽ കളിക്കാതിരിക്കുക. ഇത് മുംബൈക്ക് തിരിച്ചടിയാണെങ്കിലും മികച്ച റിസർവ് താരങ്ങൾ അവരുടെ ടീമിലുണ്ടെന്നത് മത്സരം ആവേശകരമാക്കും.

അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനും വലിയൊരു തിരിച്ചടി നാളത്തെ മത്സരത്തിലുണ്ട്. ടീമിന്റെ പ്രധാന താരമായ അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്താണ്. ലൂണയില്ലാതെ കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിലെ അവസാന സ്ഥാനക്കാരായ പഞ്ചാബ് എഫ്‌സിയോട് വളരെ ബുദ്ധിമുട്ടിയാണ് വിജയിച്ചത്. അതിനാൽ മുംബൈ സിറ്റിക്കെതിരെയും കാര്യങ്ങൾ എളുപ്പമാകില്ല.

എന്നാൽ നിർണായകമായ ഈ സമയത്ത് ടീമിന് ഏറ്റവുമധികം ഊർജ്ജം നൽകാൻ ഉറപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ നാളെ കൊച്ചി സ്റ്റേഡിയത്തിലേക്ക് ഒഴുകാൻ ഉറച്ചു തന്നെ നിൽക്കുകയാണ്. കഴിഞ്ഞ മത്സരത്തിൽ തങ്ങൾക്ക് നേരെ അധിക്ഷേപങ്ങൾ ചൊരിഞ്ഞവർക്ക് നേരെയുള്ള പ്രതികാരം കൂടി മനസിലുണ്ടാകുമ്പോൾ മുംബൈക്ക് കൊച്ചിയിൽ ഒട്ടും സുഖകരമാകില്ല കാര്യങ്ങൾ.

Kerala Blasters Vs Mumbai City Tickets Sold Out

Kerala BlastersKerala Blasters FansKochi StadiumMumbai City FC
Comments (0)
Add Comment