ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച വിജയമാണ് സ്വന്തമാക്കിയത്. ഹൈദരാബാദിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ മൂന്നു വിദേശതാരങ്ങളെ മാത്രം ആദ്യ ഇലവനിൽ ഇറക്കിയ ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയം നേടിയത്. ഇതോടെ സീസണിന് വിജയത്തോടെ അവസാനം കുറിക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞു.
ഇന്നലത്തെ മത്സരം കഴിഞ്ഞതോടെ പ്ലേ ഓഫ് മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ ആരാണെന്ന കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. അഞ്ചാം സ്ഥാനത്തു നിൽക്കുന്ന ബ്ലാസ്റ്റേഴ്‌സിന് നാലാം സ്ഥാനത്തു നിൽക്കുന്ന ഒഡിഷ എഫ്‌സിയെയാണ് എതിരാളികളായി ലഭിച്ചിരിക്കുന്നത്. ഒഡിഷ എഫ്‌സിയുടെ മൈതാനമായ കലിംഗ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുന്നത്.
🚨| OFFICIAL: Kerala Blasters will face Odisha FC in the play-offs at Bhubaneswar. #KBFC pic.twitter.com/zFH7gni2YJ
— KBFC XTRA (@kbfcxtra) April 12, 2024
ഒഡിഷ എഫ്‌സിയുടെ മൈതാനത്ത് നടക്കുന്ന മത്സരം കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് വലിയൊരു പരീക്ഷണം തന്നെയാണ്. കാരണം ഇതുവരെ ആ സ്റ്റേഡിയത്തിൽ വിജയം നേടാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ പ്ലേ ഓഫിൽ കരുത്തരായ ഒഡിഷക്കെതിരെ അവരുടെ മൈതാനത്ത് കളിക്കേണ്ടി വരുന്നതിനെ ആശങ്കയോടെയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാണുന്നത്.
എന്നാൽ ഒരുപാട് കാലമായി തുടരുന്ന നാണക്കേടിന്റെ റെക്കോർഡ് തിരുത്താൻ ഇത് ബ്ലാസ്റ്റേഴ്‌സിന് ഒരു അവസരമാണ്. ഒഡിഷയുടെ ശക്തിയും ദൗർബല്യങ്ങളും മനസിലാക്കി കൃത്യമായൊരു പദ്ധതി ഒരുക്കുകയും അത് നടപ്പിലാക്കാൻ വേണ്ടി താരങ്ങൾ എല്ലാവരും ഒരുമിച്ച് നിൽക്കുകയും ചെയ്‌താൽ വലിയൊരു നാണക്കേട് തിരുത്താനും സെമിയിലേക്ക് മുന്നേറാനും ബ്ലാസ്റ്റേഴ്‌സിന് കഴിയും.
നിരവധി താരങ്ങളെ ബ്ലാസ്റ്റേഴ്‌സിന് പരിക്ക് കാരണം നഷ്‌ടമായിട്ടുണ്ട്. എന്നാൽ കഴിഞ്ഞ മത്സരങ്ങളിൽ ഇന്ത്യൻ താരങ്ങളെ ഇവാൻ വുകോമനോവിച്ച് കൂടുതൽ ഉപയോഗിച്ചിരുന്നു. അതിൽ പുതിയ ചില താരങ്ങൾ മികച്ച പ്രകടനം നടത്തുകയും ചെയ്‌തിട്ടുണ്ട്. അവരെ കൃത്യമായി ഉപയോഗിച്ച് ഒരു പദ്ധതി ഉണ്ടാക്കിയെടുത്താൽ ബ്ലാസ്റ്റേഴ്‌സിന് മുന്നേറാൻ കഴിയും.
Kerala Blasters To Face Odisha FC In Play Offs