ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിലും വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. മഴയുടെ ഭീഷണിയൊന്നുമില്ലാതെ കൊച്ചിയുടെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കിയത്. നായകനായ അഡ്രിയാൻ ലൂണയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയഗോൾ നേടിയത്. ആദ്യമായാണ് ഐഎസ്എല്ലിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് വിജയം നേടുന്നത്.
ജംഷഡ്‌പൂർ പതിവു പോലെത്തന്നെ പ്രതിരോധത്തിലേക്ക് വലിഞ്ഞാണ് കളിച്ചത്. അഞ്ചു പ്രതിരോധതാരങ്ങൾ കളിക്കുന്ന അവരുടെ ഡിഫൻസിനെ പൊളിക്കാൻ കൂടുതൽ താരങ്ങൾ മുന്നേറിയാൽ പ്രത്യാക്രമണത്തിലൂടെ ഗോൾ പിറക്കാനുള്ള സാധ്യതയുള്ളതിനാൽ ബ്ലാസ്റ്റേഴ്‌സും കരുതലോടെയാണ് കളിച്ചത്. അതുകൊണ്ടു തന്നെ ആദ്യപകുതിയിൽ വിരസമായിരുന്നു കളി. രണ്ടു ടീമുകൾക്കും മികച്ച അവസരങ്ങളൊന്നും സൃഷ്‌ടിച്ചെടുക്കാൻ കഴിഞ്ഞില്ല.
A touch of magic from Luna secures all 3⃣ points for the Men in Yellow 🙌💛#KBFCJFC #KBFC #KeralaBlasters pic.twitter.com/8PBbgdVCLW
— Kerala Blasters FC (@KeralaBlasters) October 1, 2023
ആദ്യപകുതിയിൽ കേരള ബ്ലാസ്റ്റേഴ്‌സിന് പന്തടക്കത്തിൽ മുൻതൂക്കമുണ്ടായിരുന്നു. എന്നാൽ അത് യാതൊരു തരത്തിലും ആക്രമണങ്ങളിൽ പ്രതിഫലിച്ചില്ല. നാൽപതാം മിനുട്ടിൽ അഡ്രിയാൻ ലൂണയുടെ ഒരു ഗോൾ ശ്രമം പോസ്റ്റിന്റെ അരികിലൂടെ കടന്നു പോയതൊഴിച്ചാൽ ആവേശമുണ്ടാക്കുന്നതൊന്നും സംഭവിച്ചില്ല. മുന്നേറ്റങ്ങൾ നടത്താനുള്ള സാധ്യത പലപ്പോഴും ഉണ്ടായിരുന്നെങ്കിലും താരങ്ങൾ തമ്മിൽ കൃത്യമായ കണക്ഷൻ ഇല്ലാത്തതിനാൽ അതെല്ലാം വിഫലമായി പോയി.
ആദ്യപകുതിയെ അപേക്ഷിച്ച് രണ്ടാം പകുതിയിൽ രണ്ടു ടീമുകളും കൂടുതൽ ആക്രമണങ്ങൾ നടത്തി. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റങ്ങളോടെയാണ് തുടങ്ങിയതെങ്കിലും അതിനു പിന്നാലെ ജംഷഡ്‌പൂരും ഭീഷണി സൃഷ്‌ടിക്കാൻ തുടങ്ങി. രണ്ടോളം അവസരങ്ങൾ അവർക്ക് ലഭിച്ചതിൽ നിന്നും ഗോൾ വഴങ്ങാതെ ഭാഗ്യം കൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് രക്ഷപ്പെട്ടത്. കേരള ബ്ലാസ്റ്റേഴ്‌സ് താരം അയ്‌മനും മികച്ചൊരു അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ചിപ്പ് പുറത്തേക്കാണു പോയത്.
Adrián Luna strikes for #KeralaBlasters 💛
Tune in for a thrilling finish in #KBFCJFC, LIVE on #JioCinema & #Sports18#ISL10 #LetsFootball #ISLonJioCinema #ISLonSports18 #ISL pic.twitter.com/mQOUG4DfnF
— Sports18 (@Sports18) October 1, 2023
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരുന്ന ഗോൾ എഴുപത്തിനാലാം മിനുട്ടിലാണ് പിറന്നത്. ഡൈസുകെ, ലൂണ, ദിമിത്രിയോസ് എന്നീ മുന്നേറ്റനിര താരങ്ങൾ ഒരുമിച്ചു നടത്തിയ ഒരു വൺ ടച്ച് പാസിംഗ് മൂവിനു ശേഷം ബോക്‌സിനുള്ളിൽ നിന്നും അഡ്രിയാൻ ലൂണയെടുത്ത കിക്ക് ഗോൾകീപ്പറെ കീഴടക്കുകയായിരുന്നു. അത്രയും നേരം ബ്ലാസ്റ്റേഴ്‌സ് നടത്തിയ മുന്നേറ്റങ്ങൾക്ക് വളരെ മനോഹരമായൊരു ഗോളിലൂടെ ഫലം കണ്ടതോടെ കൊച്ചിയിലെ ഗ്യാലറി ആർത്തിരമ്പി.
ഗോൾ വഴങ്ങിയതോടെ ജംഷഡ്‌പൂർ ആക്രമണം ശക്തമാക്കി. മികച്ചൊരു അവസരം അവർക്ക് ലഭിച്ചെങ്കിലും സച്ചിൻ സുരേഷിന്റെ തകർപ്പൻ സേവ് ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിച്ചു. അതിനു ശേഷം ജംഷഡ്‌പൂർ താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ വട്ടം കറക്കുന്നതാണ് കണ്ടത്. പിന്നാലെ ദിമിത്രിയോസിനു ഒരു ഗംഭീര ചാൻസ് ലഭിച്ചത് ജംഷഡ്‌പൂർ ഗോൾകീപ്പറും രക്ഷപ്പെടുത്തി. അതിനു ശേഷം കൃത്യമായി പ്രതിരോധിച്ച് ബ്ലാസ്റ്റേഴ്‌സ് വിജയം ഉറപ്പു വരുത്തി.
Kerala Blasters Won Against Jamshedpur FC