ആദ്യം പിൻവലിഞ്ഞും പിന്നീട് ആഞ്ഞടിച്ചും കേരള ബ്ലാസ്റ്റേഴ്‌സ്, ഒഡിഷ എഫ്‌സിയെ തകർത്ത് മൂന്നാം സ്ഥാനത്ത്

ഇന്ത്യൻ സൂപ്പർലീഗിൽ നടന്ന മത്സരത്തിൽ ഒഡിഷ എഫ്‌സിയെ കീഴടക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യപകുതിയിൽ പിൻവലിഞ്ഞു കളിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിൽ ആഞ്ഞടിച്ചപ്പോൾ നിരവധി അവസരങ്ങൾ പിറന്നെങ്കിലും സന്ദീപ് സിങ് നേടിയ ഒരേയൊരു ഗോളിലാണ് അവർ വിജയം നേടിയത്. ഇതോടെ പോയിന്റ് നിലയിൽ ഒപ്പത്തിനൊപ്പം നിന്നിരുന്ന ഒഡിഷയുടെ ഭീഷണി അവസാനിപ്പിച്ച് ടേബിളിലിൽ മൂന്നാം സ്ഥാനത്തേക്കു മുന്നേറാൻ കൊമ്പന്മാർക്ക് കഴിഞ്ഞു.

നിഷു കുമാറിന് പകരം ജെസ്സലിനെ ലെഫ്റ്റ് ബാക്കാക്കിയാണ് ഇവാൻ വുകോമനോവിച്ച് ആദ്യ ഇലവൻ ഇറക്കിയത്. ആദ്യപകുതിയിൽ ഒഡിഷയുടെ ആധിപത്യമാണ് കണ്ടത്. നിരന്തരം ആക്രമണങ്ങൾ സംഘടിപ്പിച്ച അവർ ബ്ലാസ്റ്റേഴ്‌സ് ഗോൾമുഖത്ത് പലപ്പോഴും ഭീതി സൃഷ്‌ടിച്ചു. കേരള ബ്ലാസ്റ്റേഴ്‌സ് കൂടുതലും ഡിഫെൻസിലേക്ക് വലിഞ്ഞത് അവരുടെ മുന്നേറ്റങ്ങൾക്ക് കൂടാൻ കാരണമാവുകയും ചെയ്‌തു. മത്സരത്തിന്റെ ആദ്യപകുതിയിൽ യാതൊരു വിധത്തിലും താളം കണ്ടെത്താൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞില്ല. നാൽപ്പത്തിയഞ്ച് മിനുട്ടിനുള്ളിൽ അനാവശ്യമായ ഫൗളുകൾക്ക് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ നാല് മഞ്ഞക്കാർഡുകൾ വാങ്ങിയത് ഇതിനു തെളിവാണ്.

എന്നാൽ രണ്ടാം പകുതിയിൽ മറ്റൊരു ബ്ലാസ്റ്റേഴ്‌സിനെയാണ് കളിക്കളത്തിൽ കണ്ടത്. ആദ്യപകുതിയിലെ ആലസ്യത്തിൽ നിന്നുമുണർന്ന ടീം നിരന്തരം ആക്രമണങ്ങൾ സംഘടിപ്പിക്കാൻ തുടങ്ങിയപ്പോൾ ഗോളിലേക്ക് വരുന്ന നിരവധി അവസരങ്ങളും സൃഷ്‌ടിക്കപ്പെട്ടു. ലൂണയും സഹലാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണങ്ങളിൽ പ്രധാന പങ്കു വഹിച്ചത്. എന്നാൽ താരത്തിന്റെ നീക്കങ്ങലും പാസുകളും ഒന്നും ലക്ഷ്യത്തിലേക്ക് എത്തും മുൻപേ കൃത്യമായി തടയപ്പെട്ടു.

എൺപത്തിനാലാം മിനുട്ടിൽ ബ്ലാസ്റ്റേഴ്‌സ് നഷ്ടപ്പെടുത്തിയ അവസരം അവിശ്വസനീയമായിരുന്നു. ജെസ്സലിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് പുറത്തു പോയതിനു പിന്നാലെ ഓപ്പൺ പോസ്റ്റിലേക്ക് ഷോട്ടുതിർക്കാൻ ബ്ലാസ്റ്റേഴ്‌സ് താരത്തിന് അവസരം ഉണ്ടായിരുന്നെങ്കിലും അത് മുതലാക്കാൻ കഴിഞ്ഞില്ല. എന്നാൽ അതിനു പിന്നാലെ തന്നെ ബ്ലാസ്റ്റേഴ്‌സ് വല കുലുക്കി. മിറാൻഡ നൽകിയ ക്രോസ് മുന്നോട്ടാഞ്ഞ് തട്ടിക്കളയാൻ അമരീന്ദർ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. തക്കം പാർത്ത് നിന്നിരുന്ന സന്ദീപ് സിങ് ഓപ്പൺ പോസ്റ്റിലേക്ക് പന്ത് ഹെഡ് ചെയ്‌തിട്ട് ബ്ലാസ്റ്റേഴ്‌സ് അർഹിച്ച ഗോൾ സ്വന്തമാക്കി.

ഗോളിന് ശേഷവും നിരവധി അവസരങ്ങൾ ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ചെങ്കിലും അതൊന്നും മുതലാക്കാൻ കഴിയാതിരുന്നതിനാൽ മത്സരത്തിൽ ഒരു ഗോൾ മാത്രമേ അവർക്ക് നേടാൻ കഴിഞ്ഞുള്ളു. എങ്കിലും നിർണായകമായ മത്സരത്തിൽ വിജയം നേടാൻ ടീമിന് കഴിഞ്ഞു. രണ്ടാം പകുതിയിൽ തന്ത്രങ്ങൾ മാറ്റി ആഞ്ഞടിച്ചതും കൃത്യമായ പകരക്കാരെ ഇറക്കിയുമാണ് ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ വിജയം സ്വന്തമാക്കിയത്. പകരക്കാരനായി ഇറങ്ങിയ മലയാളി താരം നിഹാൽ സുധീഷിന്റെ പ്രകടനം ബ്ലാസ്റ്റേഴ്‌സിന് കൂടുതൽ പ്രതീക്ഷ നൽകുന്നതാണ്.

Indian Super LeagueISLKerala BlastersOdisha FC
Comments (0)
Add Comment