സൂപ്പർകപ്പ് മത്സരങ്ങൾ അടുത്തെത്തിയ ഘട്ടത്തിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ നെടുന്തൂണായ അഡ്രിയാൻ ലൂണ ക്യാമ്പ് വിടുകയാണെന്ന പ്രഖ്യാപനം ക്ലബ് ഒദ്യോഗികമായി പുറത്തു വിടുന്നത്. വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടിയാണ് യുറുഗ്വായ് താരം ബ്ലാസ്റ്റേഴ്സിൽ നിന്നും പൊടുന്നനെ പോകാൻ തീരുമാനം എടുക്കുന്നത്. പരിശീലകനായ ഇവാൻ വുകോമനോവിച്ചിന്റെ കൂടി നിർദ്ദേശം ഇക്കാര്യത്തിൽ ലൂണ സ്വീകരിച്ചിട്ടുണ്ട്.
ഇവാന്റെ പദ്ധതികളിൽ പ്രധാനിയാണ് അഡ്രിയാൻ ലൂണ. മധ്യനിരയിൽ കളിച്ച് ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ സഹായിക്കുന്ന അഡ്രിയാൻ ലൂണ കഴിഞ്ഞ രണ്ടു സീസണുകളിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തെ വളരെയധികം സഹായിക്കുന്നു. ടീമിൽ ഇത്രയധികം സ്വാധീനം ചെലുത്തുന്ന അഡ്രിയാൻ ലൂണ പോകുന്നതോടെ സൂപ്പർകപ്പിനു മാത്രമായി മറ്റൊരു വിദേശതാരത്തെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുമോയെന്ന ചോദ്യവും ആരാധകർ ഉയർത്തുന്നുണ്ട്.
🚨 𝗖𝗟𝗨𝗕 𝗦𝗧𝗔𝗧𝗘𝗠𝗘𝗡𝗧 🚨#ഒന്നായിപോരാടാം #KBFC #KeralaBlasters pic.twitter.com/GZGXubmcOP
— Kerala Blasters FC (@KeralaBlasters) March 29, 2023
എന്നാൽ സൂപ്പർകപ്പിനായി മാത്രം മറ്റൊരു വിദേശതാരം ടീമിലെത്തില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഒരാഴ്ചയിലധികം മാത്രം സമയമേയുള്ളൂ എന്നതിനാൽ പുതിയ വിദേശതാരത്തെ കളിപ്പിച്ചാൽ ടീമുമായി ഒത്തുചേരാനുള്ള സാധ്യത വളരെ കുറവാണ്. ലൂണ സ്ഥിരമായി ബ്ലാസ്റ്റേഴ്സ് വിടുന്നില്ലെന്നതിനാൽ പുതിയ താരം വേണ്ടെന്നാണ് ക്ലബിന്റെ നിലപാട്. വരുന്ന സീസണിന് മുന്നോടിയായി എന്തായാലും ടീമിൽ അഴിച്ചുപണികൾ വേണ്ടിവരുമെന്നതിനാൽ അപ്പോൾ പുതിയ താരങ്ങളെ പരിഗണിക്കാനാണ് ക്ലബ് ഒരുങ്ങുന്നത്.
ലൂണ സൂപ്പർകപ്പിനു മുൻപ് പോകുമെന്നത് ബ്ലാസ്റ്റേഴ്സ് പോലും കരുതിയിരുന്നില്ല. മുൻപേ അതറിഞ്ഞിരുന്നെങ്കിൽ പുതിയൊരു താരത്തിനായി അവർ ശ്രമം നടത്തിയേനെ. എന്നാൽ സൂപ്പർകപ്പ് ഇത്രയും അടുത്ത സ്ഥിതിക്ക് ഇനിയൊരു താരത്തെ സ്വന്തമാക്കാൻ സാധ്യത തീരെയില്ല. അതേസമയം ടീമിന്റെ നെടുന്തൂണായി പ്രവർത്തിക്കുന്ന ലൂണയില്ലാതെ സൂപ്പർകപ്പിൽ ബ്ലാസ്റ്റേഴ്സ് എങ്ങിനെ മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകരുടെ പ്രധാന ആശങ്ക.