അടുത്ത മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് മാറും, രണ്ടു താരങ്ങൾ ആദ്യ ഇലവനിൽ നിന്നും പുറത്തു പോകാൻ സാധ്യത | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസണിൽ കളിച്ച രണ്ടു മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കിയിരുന്നു. ആദ്യത്തെ മത്സരത്തിൽ ബെംഗളൂരുവിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച ബ്ലാസ്റ്റേഴ്‌സ് അതിനു ശേഷമുള്ള മത്സരത്തിൽ ജംഷഡ്‌പൂരിനെതിരെ വിജയം സ്വന്തമാക്കി. സ്വന്തം മൈതാനത്ത് നടന്ന രണ്ടു മത്സരങ്ങളിലും വിജയം സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്‌സ് അടുത്ത മത്സരത്തിൽ മുംബൈ സിറ്റിയെ അവരുടെ മൈതാനത്ത് നേരിടുന്നതിന് വേണ്ടിയാണ് ഇറങ്ങുന്നത്.

അടുത്ത മത്സരത്തിൽ ഇറങ്ങുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ആദ്യ ഇലവനിൽ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് സൂചനകൾ. ഇപ്പോൾ തന്നെ പല താരങ്ങളുടെയും പ്രകടനത്തിൽ ആരാധകർ നിരാശ പ്രകടിപ്പിക്കുന്നുണ്ട്. പ്രധാനമായും മധ്യനിരയിൽ കളിക്കുന്ന, ഇക്കഴിഞ്ഞ ട്രാൻസ്‌ഫർ ജാലകത്തിൽ ബെംഗളൂരുവിൽ നിന്നും ടീമിലെത്തിയ ഡാനിഷ് ഫാറൂഖിനെയും ടീമിന്റെ സ്‌ട്രൈക്കർ സ്ഥാനത്തേക്ക് പുതിയതായി എത്തിയ പെപ്രയെയുമാണ് ആരാധകർ വിമർശിക്കുന്നത്.

കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഈ താരങ്ങൾ ആദ്യ ഇലവനിൽ ഇറങ്ങിയിരുന്നു. ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ടെങ്കിലും ടീമിന്റെ മുന്നേറ്റങ്ങളിൽ ക്രിയാത്മകമായി ഇടപെടാൻ ഡാനിഷ് ഫാറൂഖിനു കഴിയുന്നില്ല. താരത്തിന് പകരം വിപിൻ മോഹനനെ കളിക്കളത്തിൽ ഇറക്കിയതിനെ തുടർന്നാണ് ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റങ്ങൾ കഴിഞ്ഞ മത്സരത്തിൽ സജീവമായതെന്ന് ടീമിന്റെ സഹപരിശീലകനായ ഫ്രാങ്ക് ദോവൻ തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

പെപ്രയെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ സാഹചര്യങ്ങളുമായും ടീമിലെ താരങ്ങളുമായും ഇണങ്ങിച്ചേരാൻ സമയമെടുക്കുന്നത് കളിക്കളത്തിലെ പ്രകടനത്തെ സ്വാധീനിക്കുന്നുണ്ട്. ദിമിത്രിയോസിന്റെ അഭാവമാണ് ആദ്യ ഇലവനിൽ ഇടം നേടാൻ താരത്തിനെ സഹായിച്ചത്. ദിമിത്രിയോസ് തിരിച്ചു വന്നതോടെ താരത്തിന് അവസരങ്ങൾ കുറയുമെന്നുറപ്പാണ്. എന്നാൽ പകരക്കാരനായി കളത്തിലിറങ്ങി പരിചയസമ്പത്ത് നേടിയെടുത്ത് മികച്ച താരമായി മാറാൻ പെപ്രക്ക് കഴിയുമെന്നുറപ്പാണ്.

ഡാനിഷ് ഫാറൂഖും പെപ്രയും അടുത്ത മത്സരത്തിനുള്ള ടീമിൽ നിന്നും ഒഴിവാക്കപ്പെട്ടാൽ പകരം വിപിൻ മോഹനും ദിമിത്രിയോസും ടീമിലിടം നേടും. അതേസമയം പെപ്രയെ ഇറക്കി ലൂണയെ മധ്യനിരയിലേക്ക് പിൻവലിപ്പിക്കാനുള്ള ശ്രമമാണ് അടുത്ത മത്സരത്തിൽ നടത്തുകയെങ്കിൽ ഡൈസുകെ ടീമിൽ നിന്നും പുറത്തു പോയി ഒരു ഇന്ത്യൻ മധ്യനിര താരമോ അല്ലെങ്കിൽ രാഹുൽ കെപിയോ ടീമിൽ ഇടം പിടിച്ചേക്കാം. എന്നാൽ നിലവിലെ ഫോർമേഷനിൽ വലിയ മാറ്റം വരുത്താതിരിക്കുകയാണ് ബുദ്ധിയെന്നും ഒരു വിഭാഗം ആരാധകർ ആവശ്യപ്പെടുന്നുണ്ട്.

Kerala Blasters XI May Change In Next Match

Indian Super LeagueISLKerala BlastersMumbai City FC
Comments (0)
Add Comment