അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ നടത്തി വരികയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീം. അഴിച്ചുപണികൾ ഏറെക്കുറെ പൂർത്തിയായി എങ്കിലും ചില താരങ്ങളുടെ കാര്യത്തിൽ ഇനിയും തീരുമാനം വരാനുണ്ട്. ബാക്കിയുള്ള രണ്ടു വിദേശതാരങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കുക, ഒഴിവാക്കേണ്ട ഇന്ത്യൻ താരങ്ങളെ ഒഴിവാക്കി പകരക്കാരെ എത്തിക്കുക എന്നീ കാര്യങ്ങളാണ് ഇനി ബാക്കിയുള്ളത്.
അതിനിടയിൽ അടുത്ത സീസണിലേക്കു വേണ്ടിയുള്ള മികച്ചൊരു നീക്കം കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയിട്ടുണ്ട്. ടീമിന്റെ പ്രതിരോധനിരയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഫുൾ ബാക്കായി കളിക്കുന്ന സന്ദീപ് സിങ്ങിന് പുതിയ കരാർ ബ്ലാസ്റ്റേഴ്‌സ് നൽകിയിട്ടുണ്ട്. ഇരുപത്തിയൊമ്പത് വയസുള്ള താരത്തിന് 2027 വരെയുള്ള കരാറാണ് കേരള ബ്ലാസ്റ്റേഴ്‌സ് നൽകിയിരിക്കുന്നത്.
🚨| OFFICIAL: Kerala Blasters announced extension of Sandeep Singh till 2027. ✍️🇮🇳 #KBFC pic.twitter.com/qWMsqE5r4y
— KBFC XTRA (@kbfcxtra) July 30, 2024
മണിപ്പൂരി ക്ലബായ ട്രാവു എഫ്‌സിയിൽ നിന്നും 2020ൽ ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറിയ താരമാണ് സന്ദീപ് സിങ്. പ്രധാന പൊസിഷൻ റൈറ്റ്‌ബാക്ക് ആണെങ്കിലും ലെഫ്റ്റ് ബാക്കായും താരം കളിക്കാറുണ്ട്. ടീമിന് ആവശ്യമുള്ള സമയത്ത് ഈ രണ്ടു പൊസിഷനിലും വിശ്വസിച്ച് ഉപയോഗിക്കാവുന്ന താരം ഇക്കാര്യം കൊണ്ടു തന്നെ ഏവരുടെയും പ്രിയങ്കരനാണ്.
കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനായി 44 മത്സരങ്ങളിൽ ഇറങ്ങിയ സന്ദീപ് സിങ് ഒരു ഗോളും നേടിയിട്ടുണ്ട്. സന്ദീപ് സിംഗിന്റെ കരാർ പുതുക്കിയതോടെ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം മികച്ചതാകും എന്നുറപ്പാണ്. മിലോസ്, കെയോഫ്, ഹോർമിപാം, നവോച്ച, ഐബാൻ, പ്രീതം കോട്ടാൽ, ബിജോയ്, രാകേഷ് എന്നിങ്ങനെ നിരവധി താരങ്ങൾ പ്രതിരോധനിരയിലുണ്ട്.
ഈ താരങ്ങളിൽ നിന്നും പ്രീതം കോട്ടാൽ ടീം വിടാനുള്ള സാധ്യത കൂടുതലാണ്. എന്തായാലും ഇത്തവണ കൂടുതൽ ശക്തമായ ഡിഫൻസ് തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ഒരുക്കിയിട്ടുള്ളത്. പല താരങ്ങൾക്കും പൊസിഷൻ മാറി കളിക്കാൻ കഴിയുന്നതും ടീമിന് ഗുണം ചെയ്യും. രണ്ടു ദിവസത്തിനകം ഡ്യൂറൻഡ് കപ്പിലെ ആദ്യ മത്സരം കളിക്കാനുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്.