ഖത്തർ ലോകകപ്പിനു ശേഷം നിരവധി നേട്ടങ്ങളാണ് ലയണൽ മെസിയെ തേടിയെത്തിയത്. ലോകകപ്പിൽ അർജന്റീനക്കു വേണ്ടി നടത്തിയ മികച്ച പ്രകടനം തന്നെയാണ് ഇതിനു പ്രധാന പങ്കു വഹിച്ചത്. ഐഎഫ്എഫ്എച്ച്എസ് കുറച്ചു ദിവസങ്ങളായി 2022ലെ മികച്ച താരങ്ങൾക്കുള്ള അവാർഡുകൾ ഓരോന്നായി പുറത്തു വിട്ടിരുന്നു. ഇതിൽ മികച്ച ഇന്റർനാഷണൽ ഗോൾസ്കോറർക്കുള്ള പുരസ്കാരം, മികച്ച കളിക്കാരനുള്ള പുരസ്കാരം, മികച്ച പ്ലേമേക്കർർക്കുള്ള പുരസ്കാരം എന്നിവ സ്വന്തമാക്കിയത്.
ഇതിനിടയിൽ 2022 വർഷത്തിൽ ഒരു മത്സരത്തിൽ ഏറ്റവുമധികം ഗോളുകൾ നേടിയ അവാർഡും ഐഎഫ്എഫ്എച്ച്എസ് പ്രഖ്യാപിച്ചിരുന്നു. ഈ പുരസ്കാരം ലോകകപ്പിൽ അർജന്റീനക്കായി നാല് ഗോളുകൾ നേടിയ ഹൂലിയൻ അൽവാരസാണ് നേടിയത്. കഴിഞ്ഞ വർഷം നടന്നാൽ കോപ്പ ലിബർട്ടഡോസ് ടൂർണമെന്റിൽ പെറുവിൽ നിന്നുള്ള ഫുട്ബോൾ ക്ലബായ ആലിൻസ ലിമക്കെതിരെ ആറു ഗോളുകൾ നേടിയതാണ് താരം ഒന്നാമതെത്താൻ കാരണമായത്. റിവർപ്ലേറ്റിനു വേണ്ടിയാണ് താരം ഈ ഗോളുകൾ നേടിയത്.
എസ്റ്റോണിയക്കെതിരെ നടന്ന മത്സരത്തിൽ അഞ്ചു ഗോളുകൾ നേടിയ ലയണൽ മെസി ഈ അവാർഡിൽ രണ്ടാം സ്ഥാനത്തുണ്ട്. മെസിക്കൊപ്പം രണ്ടാം സ്ഥാനത്ത് ഒരു മലയാളി താരവുമുണ്ടെന്നതാണ് അഭിമാനിക്കാനുള്ള കാര്യം. കഴിഞ്ഞ വർഷം നടന്ന സന്തോഷ് ട്രോഫി ടൂർണമെന്റിൽ കേരളത്തിനായി കർണാടകക്കെതിരെ അഞ്ചു ഗോളുകൾ നേടിയ ജെസിൻ ടികെയാണ് മെസിക്കൊപ്പം രണ്ടാം സ്ഥാനത്തുള്ളത്. അന്നത്തെ മത്സരത്തിൽ മൂന്നിനെതിരെ ഏഴു ഗോളുകൾക്ക് കേരളം വിജയിച്ചു. സന്തോഷ് ട്രോഫി നേടിയതും കേരളമാണ്.
Auto driver's son becomes Kerala's new football sensation. Jesin TK s/o Mohammad Nizar of Malappuram scored 5 goals for his team in Santosh Trophy-the first to do so in the Trophy's history. Son achieved what father dreamt. Congrats Jesin! A beautiful Eid present to your parents. pic.twitter.com/OSrZ2n3WZu
— Zafarul-Islam Khan (@khan_zafarul) May 2, 2022
മലയാളക്കരക്കാകെ അഭിമാനകരമായ നേട്ടമാണ് ലയണൽ മെസിക്കൊപ്പം ജസ്റ്റിനും ഈ പുരസ്കാരത്തിൽ രണ്ടാം സ്ഥാനത്തെത്തിയത്. അർജന്റീനയുടെ സൗഹൃദ മത്സരവും കേരളത്തിന്റെ സന്തോഷ് ട്രോഫി മത്സരവും നിലവാരത്തിന്റെ കാര്യത്തിൽ വലിയ വ്യത്യാസമുണ്ടെങ്കിലും ലയണൽ മെസിയെന്ന പേരിനൊപ്പം ഒരു മലയാളി താരത്തിന്റെ പേരുമുള്ളത് അഭിമാനകരമായ നേട്ടം തന്നെയാണ്. നിലവിൽ ഈസ്റ്റ് ബംഗാൾ താരമാണ് ജേസിൻ ടികെ.
ലയണൽ മെസി, ജെസിൻ എന്നിവർ മാത്രമല്ല അഞ്ചു ഗോൾ നേടിയിട്ടുള്ള താരങ്ങൾ. ഇവർക്ക് പുറമെ മരിയോ ബലോറ്റെല്ലി അടക്കം മറ്റു നിരവധി താരങ്ങൾ ഈ നേട്ടം കഴിഞ്ഞ വർഷം സ്വന്തമാക്കിയിരുന്നു. എന്നാൽ ഒരു മത്സരത്തിൽ ആറു ഗോളുകളെന്ന നേട്ടം കഴിഞ്ഞ വർഷത്തിൽ സ്വന്തമാക്കിയത് അൽവാരസ് മാത്രമാണ്.