2026 ലോകകപ്പിന്റെ യോഗ്യത മത്സരം കേരളത്തിൽ നടന്നേക്കും, രണ്ടു സ്റ്റേഡിയങ്ങൾ പരിഗണനയിൽ | 2026 World Cup

2026 ലോകകപ്പിന്റെ ഏഷ്യൻ മേഖലയിൽ നിന്നുള്ള യോഗ്യത മത്സരങ്ങൾ കേരളത്തിൽ വെച്ച് നടത്താനുള്ള നീക്കങ്ങളുമായി കേരള ഫുട്ബോൾ അസോസിയേഷൻ. പ്രാഥമിക റൌണ്ട് 2വിൽ ഗ്രൂപ്പ് എയിൽ ഉൾപ്പെട്ടിട്ടുള്ള ഇന്ത്യൻ ഫുട്ബോൾ ടീം ഖത്തർ, കുവൈറ്റ്, അഫ്‌ഗാനിസ്ഥാൻ, മംഗോളിയ എന്നീ ടീമുകൾക്കൊപ്പമാണുള്ളത്. ഈ ടീമുകളിലൊന്നുമായുള്ള ഹോം മത്സരങ്ങളിൽ ഒന്ന് കേരളത്തിൽ വെച്ച് നടത്താനുള്ള നീക്കങ്ങളാണ് കേരള ഫുട്ബോൾ അസോസിയേഷൻ നടത്തുന്നത്.

ഈ വർഷം നവംബർ 16 മുതൽ 2024 ജൂൺ 11 വരെയുള്ള തീയതികളുടെ ഇടയിലാവും ഈ ടീമുകളുമായി ഇന്ത്യ ലോകകപ്പ് യോഗ്യത മത്സരം കളിക്കുക. മത്സരം നടത്താനുള്ള ബിഡ് കേരള ഫുട്ബോൾ അസോസിയേഷൻ നൽകിയിട്ടുണ്ടെന്നും ഇന്ത്യയും കുവൈറ്റും തമ്മിൽ നടക്കുന്ന മത്സരം നടത്താനുള്ള നീക്കമാണ് തങ്ങൾ നടത്തുന്നതെന്നും കേരള ഫുട്ബോൾ അസോസിയേഷന്റെ ജനറൽ സെക്രട്ടറിയായ പി. അനിൽകുമാർ കഴിഞ്ഞ ദിവസം സ്പോർട്ടിസ്റ്റാറിനോട് സംസാരിക്കുമ്പോൾ വ്യക്തമാക്കിയിരുന്നു.

മത്സരം കേരളത്തിന് അനുവദിച്ചു നൽകുകയാണെങ്കിൽ വേദിയായി മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിനാണു പ്രാഥമിക പരിഗണന നൽകുന്നത്. സന്തോഷ് ട്രോഫി, ഹീറോ സൂപ്പർകപ്പ് എന്നീ ടൂർണമെന്റുകൾ സമീപകാലത്തായി നടന്ന സ്റ്റേഡിയത്തിൽ സന്തോഷ് ട്രോഫി കാണാനെത്തിയ ജനക്കൂട്ടം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അതേസമയം പയ്യനാട് സ്റ്റേഡിയത്തിന് അനുമതി ലഭിക്കാൻ ബുദ്ധിമുട്ടുകളുണ്ടായാൽ കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിനാണു പിന്നീട് പരിഗണന നൽകുന്നത്.

കൊച്ചിക്കായിരുന്നു കെഎഫ്എ ആദ്യം പരിഗണന നൽകിയതെങ്കിലും ഒരൊറ്റ മത്സരത്തിനു വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട ബ്രാൻഡിങ്ങുകൾ മാറ്റാനുള്ള ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് മലപ്പുറത്തിനു പരിഗണന നൽകുന്നത്. എന്നാൽ മഞ്ചേരിയിൽ താരങ്ങളുടെ താമസസൗകര്യം അടക്കമുള്ള കാര്യങ്ങളിൽ ബുദ്ധിമുട്ട് അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. കോഴിക്കോട് വെച്ച് മത്സരം നടത്താനുള്ള പദ്ധതിയില്ലെന്നാണ് അദ്ദേഹം പറയുന്നത്.

KFA Bid To Host 2026 World Cup Qualifier Match

2026 World CupIndian Football TeamKeralaKFAWorld Cup Qualifiers
Comments (0)
Add Comment