രാജ്യത്ത് ഫുട്ബോൾ വളർത്താൻ എനിക്കു ചില പദ്ധതികളുണ്ട്, ഇന്ത്യൻ ക്രിക്കറ്റ് താരം പറയുന്നു | Kuldeep Yadav

ലോകത്ത് ഏറ്റവുമധികം പ്രചാരമുള്ള കായികഇനമാണെങ്കിലും ഇന്ത്യയിൽ ഫുട്ബോളിന് വളർച്ച കുറവാണ്. ക്രിക്കറ്റിന് കൂടുതൽ പ്രചാരമുള്ള ഇന്ത്യയിൽ ഫുട്ബോളിന് ഗവണ്മെന്റ് അധികാരികളിൽ നിന്നും ലഭിക്കുന്ന പിന്തുണയും വളരെ കുറവാണ്. അടുത്ത സീസൺ മുതൽ ഐ ലീഗിന്റെ ബഡ്‌ജറ്റ്‌ വെട്ടിക്കുറച്ചതെല്ലാം അതിന്റെ ഉദാഹരണങ്ങളാണ്.

ഇന്ത്യയിൽ ഫുട്ബോൾ വളരണമെങ്കിലും ഭാവിയിൽ ഇന്ത്യ ലോകകപ്പിൽ കളിക്കണമെങ്കിലും അതിനു വലിയ രീതിയിലുള്ള ഒരു പദ്ധതി കൃത്യമായി ആവിഷ്‌കരിച്ചു നടപ്പിലാക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യൻ ക്രിക്കറ്റ് താരമായ കുൽദീപ് യാദവ് അതിനോടുള്ള താൽപര്യം വ്യക്തമാക്കി. ക്രിക്കറ്റ് കരിയറിന് ശേഷം ഫുട്ബോളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തന്റെ പദ്ധതിയെന്നാണ് അദ്ദേഹം പറയുന്നത്.

“ഭാവിയിൽ ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചക്കായി എന്തെങ്കിലും ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇവിടെ ധാരാളവും പ്രതിഭയുള്ള താരങ്ങളുണ്ടെങ്കിലും അവർക്ക് വേണ്ട വിധത്തിലുള്ള വിഭവങ്ങൾ ലഭ്യമാകുന്നില്ല. അതുകൊണ്ടു തന്നെ എന്റെ പദ്ധതി ഒരു അക്കാദമി ആരംഭിക്കുകയെന്നതാണ്.” കഴിഞ്ഞ ദിവസം താരം ഒരു അഭിമുഖത്തിൽ പറഞ്ഞു.

ബാഴ്‌സലോണ ആരാധകനായ കുൽദീപ് തനിക്ക് ഡേവിഡ് ബെക്കാമിനെ സന്ദർശിക്കാൻ ലഭിച്ച ഒരു അവസരത്തെക്കുറിച്ചും പറയുകയുണ്ടായി. യുണിസെഫിന്റെ അംബാസിഡറായി ഇന്ത്യയിൽ ബെക്കാം എത്തിയപ്പോഴാണ് ഇരുവരും കണ്ടുമുട്ടിയത്. ഭാവിയിൽ ഒരു ഫുട്ബോൾ പരിശീലകനാവാനുള്ള ആഗ്രഹം തനിക്കുണ്ടെന്ന് ബെക്കാമിനോട് വെളിപ്പെടുത്തിയെന്നും കുൽദീപ് പറഞ്ഞു.

ഇന്ത്യയിൽ ഫുട്ബോളിന് കൂടുതൽ വളർച്ച ലഭിക്കാൻ ക്രിക്കറ്റ് താരങ്ങൾ അതിനു വലിയ രീതിയിൽ പ്രൊമോഷൻ നൽകിയാൽ മതിയെന്നതിൽ തർക്കമില്ല. കേരള ബ്ലാസ്റ്റേഴ്‌സിന് വലിയ ആരാധകപിന്തുണ ഉണ്ടാകാൻ സച്ചിന്റെ സാന്നിധ്യവും ഒരു കാരണമായിട്ടുണ്ട്. കുൽദീപിന്റെ വാക്കുകൾ മറ്റുള്ള ക്രിക്കറ്റ് താരങ്ങൾക്കും പ്രചോദനം നൽകട്ടെ എന്നാഗ്രഹിക്കാം.

Kuldeep Yadav Wants To Start A Football Academy

Indian FootballIndian Football TeamKuleep Yadav
Comments (0)
Add Comment