ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലെ ആദ്യത്തെ ഘട്ടത്തിൽ മികച്ച പ്രകടനം നടത്തുകയും രണ്ടാമത്തെ ഘട്ടത്തിൽ മോശം പ്രകടനത്തിലേക്ക് വീഴുകയും ചെയ്‌ത ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. പ്രധാന താരങ്ങൾക്കേറ്റ പരിക്കുകളാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി നൽകിയത്. നിലവിൽ പ്ലേ ഓഫ് സാധ്യത വളരെയധികം സജീവമായി തന്നെ നിലനിൽക്കുന്നുണ്ടെങ്കിലും ടീമിന്റെ പ്രകടനം ആരാധകർക്ക് ആശങ്കയാണ്.
സീസൺ അവസാന ഘട്ടത്തിലേക്ക് അടുത്ത സമയത്ത് ബ്ലാസ്റ്റേഴ്‌സിന്റെ ഫോമിലുണ്ടായ ഇടിവ് നിരാശ തന്നെയാണെങ്കിലും പ്രതീക്ഷ നൽകുന്ന ചില വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു. അതിൽ പ്രധാനപ്പെട്ടത് ടീമിന്റെ നായകനായ അഡ്രിയാൻ ലൂണ പരിശീലനം ആരംഭിച്ചുവെന്നും പ്ലേ ഓഫ് മത്സരങ്ങൾക്ക് മുൻപ് ടീമിലേക്ക് തിരിച്ചുവരാൻ സാധ്യതയുണ്ടെന്നതുമാണ്.
📸 Kwame Peprah & Aibanbha Dohling in their rehab process ⏳ #KBFC pic.twitter.com/jfhADyzLrl
— KBFC XTRA (@kbfcxtra) March 19, 2024
അതിനു പിന്നാലെ ഇന്നലെ പുറത്തു വിട്ട ചിത്രങ്ങളും ആരാധകർക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നതാണ്. ടീമിന്റെ പ്രധാന സ്‌ട്രൈക്കർമാരിൽ ഒരാളായ ക്വാമേ പെപ്ര, സീസണിന്റെ തുടക്കത്തിൽ തന്നെ പരിക്കേറ്റു പുറത്തു പോയ ലെഫ്റ്റ് ബാക്കായ ഐബാൻ ഡോഹലിംഗ് എന്നിവർ തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. ഇരുവരും ജിമ്മിൽ പരിശീലനം നടത്തുന്ന ചിത്രങ്ങളാണ് പുറത്തു വന്നത്.
പെപ്ര കഴിഞ്ഞ ദിവസം ഇന്ത്യയിലേക്ക് തിരിച്ചെത്തി പരിക്കിൽ നിന്നും പൂർണമായി മുക്തനാകാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം ഡോഹലിംഗ് ഏറെക്കുറെ പരിക്കിൽ നിന്നും മോചിതനായിട്ടുണ്ട്. താരം ഉടനെ തന്നെ വ്യക്തിഗത പരിശീലനം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഈ രണ്ടു താരങ്ങളും എന്നാണു പൂർണമായും ഫിറ്റ്നസ് വീണ്ടെടുക്കുകയെന്ന കാര്യത്തിൽ വ്യക്തതയില്ല. പ്ലേ ഓഫിന് മുൻപ് ഈ താരങ്ങൾ തിരിച്ചു വരാൻ സാധ്യതയുണ്ടോയെന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. പ്രത്യേകിച്ചും പെപ്രയെപ്പോലൊരു താരത്തിന്റെ സാന്നിധ്യം ടീമിലുണ്ടെങ്കിൽ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിൽ കൂടുതൽ കരുത്ത് കാണിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
Kwame Peprah Aiban Dohling Starts Gym Sessions