ആദ്യ ഇലവനിൽ കളിക്കുന്നതല്ല, ടീം മൂന്നു പോയിന്റുകൾ നേടുന്നതാണ് പ്രധാനമെന്ന് ക്വാമേ പെപ്ര

ഈ ഐഎസ്എൽ സീസണിൽ ഫലങ്ങൾ ബ്ലാസ്റ്റേഴ്‌സിന് അത്ര അനുകൂലമല്ലെങ്കിലും ടീം മികച്ച പ്രകടനമാണ് നടത്തുന്നത്. പലപ്പോഴും വ്യക്തിഗത പിഴവുകളാണ് ബ്ലാസ്റ്റേഴ്‌സിന് മത്സരങ്ങളിൽ തിരിച്ചടി നൽകുന്നത് എന്നതിനാൽ അതിനെ മറികടക്കുകയാണ് പ്രധാനം.

മുന്നേറ്റനിരയുടെ പ്രകടനം ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷ നൽകുന്നതാണ്. നോഹ സദൂയി, ക്വാമേ പെപ്ര, ജീസസ് ജിമിനസ് എന്നിവരെല്ലാം കളത്തിലിറങ്ങുമ്പോൾ മികച്ച പ്രകടനം നടത്തുന്നു. അതിൽ തന്നെ ക്വാമേ പെപ്ര വളരെയധികം മെച്ചപ്പെട്ടുവെന്ന് പറയാതിരിക്കാൻ കഴിയില്ല.

ജീസസ് ജിമിനസ് എത്തിയതോടെ പകരക്കാരനായി മാറേണ്ടി വന്ന ക്വാമേ പെപ്ര കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. ഗംഭീര പ്രകടനം ടീമിന് വേണ്ടി കാഴ്‌ച വെച്ച താരം ഇന്ന് സംസാരിക്കുമ്പോൾ ടീമിന്റെ വിജയമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് വ്യക്തമാക്കി.

“പെപ്രയാണോ ജിമിനസാണോ ആദ്യ ഇലവനിൽ ഇറങ്ങുന്നത്, ഞങ്ങൾ ഒരുമിച്ച് കളിക്കുന്നുണ്ടോ എന്നതൊന്നും പ്രധാനപ്പെട്ട കാര്യമല്ല. പരസ്‌പരം പിന്തുണ നൽകുന്നതും പ്രചോദനം നൽകുന്നതുമാണ് പ്രധാനം. എല്ലാ മത്സരങ്ങളും വിജയിച്ച് മൂന്നു പോയിന്റ് നേടുകയാണ് ലക്‌ഷ്യം.” പെപ്ര പറഞ്ഞു.

അടുത്ത മത്സരത്തിൽ നോഹ സദോയി ഇറങ്ങുകയാണെങ്കിൽ പെപ്ര ആദ്യ ഇലവനിൽ നിന്നും പുറത്താകാനാണ് സാധ്യത. എന്നാൽ പകരക്കാരനായി ഇറങ്ങുന്നതിൽ യാതൊരു പരാതിയും ഇല്ലാത്ത പെപ്ര പല മത്സരങ്ങളിലും വഴിത്തിരിവുണ്ടാക്കുന്ന പ്രകടനം നടത്തുന്നുണ്ട്.

Kerala BlastersKwame Peprah
Comments (0)
Add Comment