ഗോളടി തുടങ്ങിയതോടെ പെപ്ര മിന്നും ഫോമിൽ, ഇനി ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിര ഈ ഇരുപത്തിമൂന്നുകാരൻ ഭരിക്കും | Kwame Peprah

ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ച് ഏതാനും മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഏറ്റവുമധികം വിമർശനങ്ങൾ ഏറ്റു വാങ്ങിയ താരമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഘാന സ്‌ട്രൈക്കറായ ക്വാമേ പെപ്ര. ഗോളടിക്കുന്നതിനായി എത്തിച്ച സ്‌ട്രൈക്കർ കളിക്കളത്തിൽ പതറുന്നതും സുവർണാവസരങ്ങൾ തുലച്ചു കളയുന്നതുമെല്ലാം കണ്ട ആരാധകർ താരത്തെ ഒഴിവാക്കണമെന്നു വരെ ആവശ്യപ്പെടുകയുണ്ടായി.

എന്നാൽ ആരാധകരുടെ വിമർശനങ്ങൾ ശക്തമാകുമ്പോഴും ഘാന താരത്തെ പിന്തുണക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് ചെയ്‌തത്‌. എതിർടീമിനെ മികച്ച രീതിയിൽ പ്രസ് ചെയ്യുന്ന താരം ടീമിന് വളരെയധികം സംഭാവന ചെയ്യുന്നുണ്ടെന്നും ഗോളുകൾ നേടുന്നതോടെ പെപ്ര ആത്മവിശ്വാസം വീണ്ടെടുത്ത് മികച്ച പ്രകടനം നടത്തുമെന്നും ഇവാനാശാൻ വീണ്ടും വീണ്ടും ആവർത്തിച്ചു കൊണ്ടിരുന്നു.

വിമർശനങ്ങളുടെ ഇടയിലും പെപ്രക്ക് ആദ്യ ഇലവനിൽ സ്ഥിരമായി സ്ഥാനം നൽകിയ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ തനിക്ക് മേൽ കാണിച്ച വിശ്വാസത്തിനു താരം പ്രതിഫലം നൽകാൻ തുടങ്ങിയിരിക്കുന്നു. കേരള ബ്ലാസ്റ്റേഴ്‌സിനായി ആദ്യത്തെ ഏഴു മത്സരങ്ങളിൽ ഗോൾ നേടാൻ കഴിയാതിരുന്ന താരം കഴിഞ്ഞ ആറു മത്സരങ്ങളിൽ നടത്തിയ പ്രകടനം അതിന്റെ വലിയ തെളിവാണ്.

കഴിഞ്ഞ ആറു മത്സരങ്ങളിൽ നാല് ഗോളുകളും ഒരു അസിസ്റ്റുമാണ് പെപ്ര സ്വന്തമാക്കിയത്. ചെന്നൈയിൻ എഫ്‌സിക്കെതിരെ ഗോൾവേട്ടക്ക് തുടക്കമിട്ട അത്തരം അതിനു ശേഷം മുംബൈ സിറ്റിക്കെതിരെ ഒരു ഗോളും അസിസ്റ്റും സ്വന്തമാക്കി കളിയിലെ താരമായി. അതിനു പുറമെ സൂപ്പർ കപ്പിലെ ആദ്യത്തെ മത്സരത്തിൽ ഷില്ലോങ് ലജോങ്ങിനെതിരെ രണ്ടു ഗോളുകളും താരം സ്വന്തമാക്കി.

ഗോളടിക്കാതിരിക്കുന്ന മത്സരങ്ങളിൽപ്പോലും പെപ്ര ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിരയിൽ വളരെ പ്രധാനപ്പെട്ട താരമാണ്. മികച്ച പ്രകടനം പെപ്രയിൽ നിന്നും ഉണ്ടാവുകയും ചെയ്യുന്നുണ്ട്. എതിരാളികളെ നിരന്തരമായി പ്രെസ് ചെയ്‌ത്‌ അവരുടെ കളിയുടെ ഒഴുക്കിനെ ഇല്ലാതാക്കുന്ന താരം ബ്ലാസ്റ്റേഴ്‌സിന് മത്സരങ്ങളിൽ ആധിപത്യം സ്ഥാപിക്കാൻ അവസരമൊരുക്കുന്നു. അതു തന്നെയാണ് ഇവാൻ താരത്തെ സ്ഥിരമായി കളിപ്പിച്ചിരുന്നതും.

വെറും ഇരുപത്തിമൂന്നു വയസ് മാത്രമാണ് പെപ്രയുടെ പ്രായം. ഐഎസ്എല്ലിലെയും കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെയും സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു തുടങ്ങിയതോടെ പെപ്ര ആത്മവിശ്വാസം വീണ്ടെടുത്ത് മികച്ച പ്രകടനം നടത്താൻ തുടങ്ങിയിരിക്കുന്നു. അതുകൊണ്ടു തന്നെ താരവുമായുള്ള കരാർ ദീർഘിപ്പിച്ചാൽ ബ്ലാസ്റ്റേഴ്‌സിന് അതു ഭാവിയിലേക്കും ഗുണം ചെയ്യും.

Kwame Peprah Performance Very Much Improved

KBFCKerala BlastersKwame Peprah
Comments (0)
Add Comment