മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗ് രണ്ടാംപാദ മത്സരത്തിനായി ഇറങ്ങുമ്പോൾ റയൽ മാഡ്രിഡിന്റെ പ്രതീക്ഷകൾ ബ്രസീലിയൻ താരമായ വിനീഷ്യസ് ജൂനിയറിൽ കൂടിയായിരുന്നു. ആദ്യപാദത്തിൽ ഒരു ഗോൾ നേടിയ താരം മാഞ്ചസ്റ്റർ സിറ്റി പ്രതിരോധത്തിന് തലവേദന സമ്മാനിച്ചിരുന്നു. അതുകൊണ്ടു തന്നെ രണ്ടാം പാദത്തിൽ കൂടുതൽ മികച്ച പ്രകടനം ആരാധകർ പ്രതീക്ഷിച്ചെങ്കിലും അതിനു നേരെ വിപരീതമാണ് മത്സരത്തിലുടനീളം സംഭവിച്ചത്.
മത്സരത്തിൽ തൊണ്ണൂറു മിനുട്ടും കളിച്ച വിനീഷ്യസ് ജൂനിയർ ആകെ ഒരു ഷോട്ട് മാത്രമാണ് ഉതിർത്തത്, അതാണെങ്കിൽ പുറത്തു പോവുകയും ചെയ്തു. ഒരിക്കൽ പോലും ഡ്രിബിൾ ചെയ്തു എതിരാളിയെ മറികടക്കാൻ കഴിയാതിരുന്ന താരത്തിനു പതിനേഴു തവണ പന്ത് കാലിൽ നിന്നും നഷ്ടമായി. പ്രീമിയർ ലീഗിലെ ഏറ്റവും വേഗതയേറിയ പ്രതിരോധതാരങ്ങളിൽ ഒരാളായ കെയ്ൽ വാക്കറുടെ പോക്കറ്റിലായിരുന്നു മത്സരത്തിൽ വിനീഷ്യസ് ജൂനിയർ.
Kyle Walker needs some respect on his name. Can you see Gary Neville bossing a player like Vinicius j.
— LB✌🏽 (@LondonBlue_2) May 17, 2023
They said 50 million was a joke. Best in the business
pic.twitter.com/uspMJtb31a
മത്സരത്തിന്റെ മുപ്പത്തിയൊന്നാം മിനുട്ടിലാണ് ഏറ്റവും നിർണായകമായ കാര്യം വാക്കർ ചെയ്തത്. മാഞ്ചസ്റ്റർ സിറ്റി പ്രതിരോധലൈനിനെ മറികടന്ന് വിനീഷ്യസ് ബോക്സിലേക്ക് മികച്ചൊരു മുന്നേറ്റം നടത്തിയിരുന്നു. ഏതാണ്ട് വൺ ഓൺ വൺ സാഹചര്യത്തിലേക്ക് പോകുമായിരുന്ന അവസ്ഥയിൽ ഓടിയെത്തിയ വാക്കർ മികച്ചൊരു ടാക്കിളിലൂടെ പന്ത് സ്വന്തമാക്കി. മാഞ്ചസ്റ്റർ സിറ്റി ഒരു ഗോളിന്റെ ലീഡെടുത്തു നിൽക്കുന്ന സമയത്ത് നടത്തിയ ആ ടാക്കിൾ ഇല്ലായിരുന്നെങ്കിൽ റയൽ ചിലപ്പോൾ മത്സരത്തിലേക്ക് തിരിച്ചു വരുമായിരുന്നു.
ഒരു ഗോൾ നേടിയതിനു തുല്യമായ ടാക്കിൾ എന്നാണു മാഞ്ചസ്റ്റർ സിറ്റിയുടെ മുൻ താരമായ സ്റ്റുവർട്ട് പിയേഴ്സ് അതിനെ വിശേഷിപ്പിച്ചത്. മത്സരത്തിൽ തന്റെ വേഗത വിനീഷ്യസിനെ പ്രതിരോധിക്കാൻ കൃത്യമായി ഉപയോഗിച്ച കെയ്ൽ വാക്കറുടെ പ്രകടനത്തെയും അദ്ദേഹം പ്രശംസിച്ചു. ഈ സീസണിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന വിനീഷ്യസിനെ സമർത്ഥമായി തടഞ്ഞത് തന്നെയാണ് മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം നേടിക്കൊടുത്തത്.
Kyle Walker Tackle On Vinicius Junior Equal To A Goal