ഈ സീസണിൽ യൂറോപ്പിൽ തന്നെ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന പിഎസ്ജി മുന്നേറ്റനിരയിലെ ത്രയമായ എംഎൻഎം ഇല്ലാതാകാൻ സാധ്യത വർധിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ തന്നെ ക്ലബ് വിടണമെന്ന തന്റെ ആവശ്യം എംബാപ്പെ ഫ്രഞ്ച് ക്ലബ്ബിനെ അറിയിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം പിഎസ്ജി നേതൃത്വവുമായുള്ള അകൽച്ചയാണ് ഈ സമ്മറിൽ കരാർ പുതുക്കിയ താരത്തെ ക്ലബ് വിടാൻ പ്രേരിപ്പിക്കുന്നതെന്ന് ഫ്രഞ്ച് മാധ്യമമായ ആർഎംഎസിയും സ്പാനിഷ് മാധ്യമമായ മാർക്കയും വെളിപ്പെടുത്തുന്നു.
ഈ സമ്മറിൽ ഫ്രീ ഏജന്റായി റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന് ഏവരും കരുതിയ താരമായിരുന്നു എംബാപ്പെ. എന്നാൽ വമ്പൻ തുക ഓഫർ നൽകി പിഎസ്ജി താരത്തെ നിലനിർത്തി. എന്നാലിപ്പോൾ ക്ലബ് നേതൃത്വവുമായുള്ള അകൽച്ച ഫ്രഞ്ച് താരത്തെ ജനുവരി ട്രാൻസ്ഫറിനു ആവശ്യപ്പെടുന്നതിലേക്ക് എത്തിച്ചിരിക്കയാണ്. അതേസമയം ജനുവരിയിൽ ക്ലബ് വിടുകയാണെങ്കിൽ എംബാപ്പെക്ക് തന്റെ പ്രിയപ്പെട്ട ക്ലബായ റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ കഴിയില്ലെന്നാണ് മാർക്കയുടെ റിപ്പോർട്ടുകൾ പറയുന്നത്.
എംബാപ്പയുമായി കരാർ പുതുക്കുന്ന സമയത്ത് താരത്തിന് പെട്ടന്ന് ക്ലബ് വിടണമെങ്കിൽ അതു റയൽ മാഡ്രിഡിലേക്ക് ആവരുതെന്ന നിബന്ധന പിഎസ്ജി നേതൃത്വം മുന്നോട്ടു വെച്ചിരുന്നുവെന്നാണ് മാർക്ക വെളിപ്പെടുത്തുന്നത്. റയൽ മാഡ്രിഡും പിഎസ്ജിയും തമ്മിൽ നടക്കുന്ന ശീതസമരത്തിന്റെ കൂടി ഭാഗമായാവാം ഈ ആവശ്യം ഫ്രഞ്ച് ക്ലബ് മുന്നോട്ടു വെച്ചത്. എന്തായാലും ഇക്കാരണം കൊണ്ട് ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ് വിടുകയാണെങ്കിൽ എംബാപ്പെ ചേക്കേറുക ലിവർപൂളിലേക്ക് ആയിരിക്കാനാണ് കൂടുതൽ സാധ്യത. താരത്തെ സ്വന്തമാക്കാനുള്ള താൽപര്യം നേരത്തെ വ്യക്തമാക്കിയിട്ടുള്ള ക്ലബ് കൂടിയാണ് പിഎസ്ജി.
Kylian Mbappé has asked to leave PSG in January as his relationship with the club has broken, reports @MarioCortegana
— B/R Football (@brfootball) October 11, 2022
The rumors are back 😅 pic.twitter.com/adorXVzpZW
പിഎസ്ജി നേതൃത്വം തന്നോട് ചതി കാണിച്ചുവെന്നു കരുതുന്നതു കൊണ്ടാണ് എംബാപ്പെ ക്ലബ് വിടാൻ ആഗ്രഹിക്കുന്നത്. സമ്മറിൽ കരാർ പുതുക്കുന്ന സമയത്ത് ഫ്രഞ്ച് ക്ലബ് നിരവധി വാഗ്ദാനങ്ങൾ താരത്തിന് നൽകിയിരുന്നു. പിഎസ്ജിയുടെ പ്രൊജക്റ്റിലെ പ്രധാനതാരമായി എംബാപ്പയെ മാറ്റുമെന്നതടക്കം അതിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ നിലവിൽ ക്രിസ്റ്റഫെ ഗാൾട്ടിയറുടെ പദ്ധതികളിൽ തിളങ്ങുന്നത് നെയ്മറും ലയണൽ മെസിയുമാണ്. ഇരുതാരങ്ങൾക്കുമൊപ്പം പൂർണമായി ഒത്തിണങ്ങി പോവാത്തതിന്റെ പേരിൽ എംബാപ്പെ വിമർശനങ്ങളും നേരിടുന്നുണ്ട്.
അതേസമയം എംബാപ്പയുടെ പുതിയ തീരുമാനത്തെ റയൽ മാഡ്രിഡ് എങ്ങിനെ സ്വീകരിക്കുമെന്നത് കണ്ടറിയേണ്ടതാണ്. ക്ലബ്ബിലേക്ക് ചേക്കേറുമെന്ന് ഉറപ്പിച്ച താരം പിഎസ്ജി കരാർ പുതുക്കിയത് റയൽ മാഡ്രിഡിൽ അത്ര മികച്ച രീതിയിലല്ല സ്വീകരിക്കപ്പെട്ടത്. എന്നാൽ ഏറ്റവും മികച്ച കളിക്കാരെ ടീമിലെത്തിക്കാൻ താൽപര്യമുള്ള, തീർത്തും പ്രൊഫെഷണൽ മനോഭാവത്തോടെ ക്ലബ്ബിനെ കൈകാര്യം ചെയ്യുന്ന ഫ്ലോറന്റീനോ പെരസ് എംബാപ്പക്കു വേണ്ടി ശ്രമം നടത്തില്ലെന്നു പറയാൻ കഴിയില്ല.