റെക്കോർഡുകൾ തകർത്തെറിയുന്ന തുക ധാരണയായി, എംബാപ്പെ റയൽ മാഡ്രിഡിലേക്ക് തന്നെ | Kylian Mbappe

ഫ്രഞ്ച് താരമായ കിലിയൻ എംബാപ്പെ റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന് പറയാൻ തുടങ്ങിയിട്ട് കുറച്ചു കാലമായെങ്കിലും ഇതുവരെ അത് യാഥാർഥ്യമായിട്ടില്ല. രണ്ടു തവണ റയൽ മാഡ്രിഡ് താരത്തിനായി രംഗത്തു വന്നിട്ടുണ്ടെങ്കിലും രണ്ടു തവണയും ട്രാൻസ്‌ഫർ നടന്നില്ല. ഒരിക്കൽ പിഎസ്‌ജി താരത്തെ വിട്ടുകൊടുക്കാനില്ലെന്ന് തീരുമാനിച്ചപ്പോൾ ഒരിക്കൽ എംബാപ്പെ ഫ്രഞ്ച് ക്ലബുമായി പുതിയ കരാർ ഒപ്പിടുകയായിരുന്നു.

എന്നാൽ ഈ സീസൺ കഴിയുന്നതോടെ ഈ ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾക്ക് അവസാനമാകുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പിഎസ്‌ജി കരാർ അവസാനിക്കാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കിയുള്ള എംബാപ്പെക്ക് ഇപ്പോൾ ഏതു ക്ലബുമായും പ്രീ കോണ്ട്രാക്റ്റ് ഒപ്പിടാനാവും. താരം റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ സമ്മതം മൂളിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ദി ടൈംസിന്റെ റിപ്പോർട്ടുകൾ പ്രകാരം ചരിത്രത്തിൽ ഇന്നുവരെ മറ്റൊരു ഫുട്ബോൾ താരത്തിനും ലഭിച്ചിട്ടില്ലാത്ത സൈനിങ്ങ് ഫീ നൽകിയാണ് റയൽ മാഡ്രിഡ് എംബാപ്പയെ സ്വന്തമാക്കുന്നത്. ഈ സീസൺ അവസാനിക്കുന്നതോടെ ഫ്രീ ഏജന്റായ താരത്തെ തങ്ങളുടെ ടീമിലെത്തിക്കാൻ 128 മില്യൺ പൗണ്ടാണ് റയൽ മാഡ്രിഡ് സൈനിങ്‌ ഫീസായി നൽകുന്നത്.

അതേസമയം എംബാപ്പെക്ക് പിഎസ്‌ജിയിൽ ലഭിച്ചിരുന്നത്ര പ്രതിഫലം റയൽ മാഡ്രിഡിൽ ലഭിക്കാൻ സാധ്യതയില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. റയൽ മാഡ്രിഡിലെ പ്രധാന താരങ്ങളായ ജൂഡ് ബെല്ലിങ്ങ്ഹാം, വിനീഷ്യസ് ജൂനിയർ എന്നിവർക്ക് തുല്യമായ പ്രതിഫലമാകും എംബാപ്പെക്ക് ലഭിക്കുക. അഞ്ചു വർഷത്തെ കരാറാണ് താരം റയലുമായി ഒപ്പിടുകയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

റയൽ മാഡ്രിഡിനെക്കാൾ കൂടുതൽ വാഗ്‌ദാനം നൽകി പിഎസ്‌ജി ഇതിൽ ഇടപെടാൻ ശ്രമിക്കുമെന്നതിനാൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായാലേ ഇക്കാര്യം ഉറപ്പിക്കാൻ കഴിയൂ. എന്നാൽ ഇപ്പോൾ തന്നെ വളരെ കരുത്തരായ റയൽ മാഡ്രിഡിലേക്ക് എംബാപ്പെ കൂടി എത്തുന്നതോടെ യൂറോപ്പിലെ ഏറ്റവും ശക്തമായ ടീമായി അവർ മാറുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

Kylian Mbappe Will Get Record Signing Bonus When He Join Real Madrid

Kylian MbappePSGReal Madrid
Comments (0)
Add Comment