മെസിയുടെ കളി ആദ്യമായി കണ്ടപ്പോഴും എനിക്കിതാണ് തോന്നിയത്, എതിരാളികളുടെ പ്രശംസയേറ്റു വാങ്ങി ലാമിൻ യമാൽ | Lamine Yamal

പതിനഞ്ചാം വയസിൽ ബാഴ്‌സലോണ സീനിയർ ടീമിൽ അരങ്ങേറ്റം നടത്തി ചരിത്രം കുറിച്ച ലാമിൻ യമാൽ ഈ സീസണിൽ ടീമിന്റെ പ്രധാന താരങ്ങളിലൊരാളാണ്. വെറും പതിനാറു വയസ് മാത്രം പ്രായമുള്ള താരം പല മത്സരങ്ങളിലും ബാഴ്‌സലോണയെ ഒറ്റക്ക് തോളിലേറ്റിയിട്ടുണ്ട്. ഇന്നലെ മയോർക്കക്കെതിരെ നടന്ന മത്സരത്തിലും ടീമിന് വിജയം നേടിക്കൊടുത്തത് യമാലിന്റെ ഗോളായിരുന്നു.

ബാഴ്‌സലോണ ജേഴ്‌സിയിൽ ഉയരങ്ങൾ കീഴടക്കാനൊരുങ്ങുന്ന ലാമിൻ യമാലിനെ പലരും ടീമിന്റെ എക്കാലത്തെയും വലിയ ഇതിഹാസമായ ലയണൽ മെസിയുമായി താരതമ്യം ചെയ്യാറുണ്ട്. ഇന്നലത്തെ മത്സരം കഴിഞ്ഞപ്പോൾ മയോർക്ക പരിശീലകനും അതാവർത്തിച്ചു. ലയണൽ മെസിയുടെ കളി ആദ്യമായി കണ്ടപ്പോഴത്തെ അതെ അനുഭവം തന്നെയാണ് തനിക്കുണ്ടായതെന്നാണ് അദ്ദേഹം പറഞ്ഞത്.

“ലയണൽ മെസിയുടെ കളി ആദ്യമായി ഞാൻ കാണുന്നത് താരത്തിന് ഇരുപത്തിയൊന്ന് വയസ്സുള്ളപ്പോഴാണ്. അഞ്ചു മിനുട്ടിനകം എനിക്ക് തോന്നിയത് മെസിയൊരു ചുണ്ടെലിയെപ്പോലെ ഓടി നടക്കുന്നവനാണ് എന്നാണ്. യമാലും അതുപോലെ തന്നെയാണ് കളിക്കുന്നത്. മെസിയെപ്പോലെ തന്നെ തോന്നിപ്പിക്കുകയും ചെയ്യുന്നു. ബാഴ്‌സലോണയ്ക്ക് ഒരുപാട് സന്തോഷം നൽകാൻ താരത്തിന് കഴിയും.” ഹാവിയർ അഗ്വയർ പറഞ്ഞു.

അതേസമയം യമാലിനെ ലയണൽ മെസിയുമായി താരതമ്യം ചെയ്യുന്നതിനെ നിരുത്സാഹപ്പെടുത്തുകയാണ് ബാഴ്‌സലോണ പരിശീലകൻ സാവി. മെസിയുമായി താരതമ്യം ചെയ്‌താൽ അത് താരങ്ങൾക്ക് കൂടുതൽ സമ്മർദ്ദം നൽകുമെന്നും അവരുടെ പ്രകടനത്തെ ബാധിക്കുമെന്നുമാണ് സാവി പറയുന്നത്. ചരിത്രത്തിലെ തന്നെ മികച്ച താരവുമായി യമാലിനെ താരതമ്യം ചെയ്യരുതെന്നും സാവി പറയുന്നു.

ബാഴ്‌സലോണയുടെ കയ്യിലുള്ള വലിയൊരു പ്രതിഭയാണ് യമാലെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പ്രതിഭയും നല്ല ആത്മവിശ്വാസവുമുള്ള താരം പരിചയസമ്പത്ത് ലഭിക്കുന്നതോടെ കൂടുതൽ മികച്ച പ്രകടനം നടത്തുമെന്ന കാര്യത്തിൽ സംശയമില്ല. ജൂണിൽ നടക്കാനിരിക്കുന്ന യൂറോ കപ്പ് ടൂർണമെന്റിൽ സ്പെയിനിന്റെ മുന്നേറ്റങ്ങളെ നയിക്കുന്നതും യമാൽ ആയിരിക്കാൻ സാധ്യതയുണ്ട്.

Lamine Yamal Getting Lionel Messi Comparison

FC BarcelonaLamine YamalLionel MessiMallorca
Comments (0)
Add Comment