മെസിക്ക് ഇപ്പോഴും പണം നൽകിക്കൊണ്ടിരിക്കുന്നുണ്ട്, 2025 വരെ തുടരുമെന്ന് ബാഴ്‌സലോണ പ്രസിഡന്റ് | Messi

ലയണൽ മെസി ബാഴ്‌സലോണ വിട്ടത് തീർത്തും അപ്രതീക്ഷിതമായിരുന്നു. ക്ലബിന്റെ മുൻ നേതൃത്വത്തിന്റെ കുത്തഴിഞ്ഞ സാമ്പത്തിക നയങ്ങളും ദിശാബോധമില്ലാത്ത സൈനിംഗുകൾക്കും പിന്നാലെ കോവിഡ് മഹാമാരി വന്നു സ്റ്റേഡിയങ്ങൾ അടച്ചിടേണ്ടി വന്നതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് ക്ലബ് വീണു. ഇതിന്റെ ഭാഗമായി മെസിയടക്കം വമ്പൻ പ്രതിഫലം വാങ്ങുന്ന പല താരങ്ങളെയും ബാഴ്‌സലോണക്ക് ഒഴിവാക്കേണ്ടി വന്നു.

ലയണൽ മെസി തന്റെ പ്രതിഫലം വെട്ടിക്കുറച്ചാണ് ബാഴ്‌സലോണയിൽ നിന്നിരുന്നത്. എന്നാൽ കുറഞ്ഞ പ്രതിഫലത്തിൽ പോലും താരത്തിനു പുതിയ കരാർ നൽകാൻ ക്ലബിന് കഴിഞ്ഞില്ല. അതേസമയം കഴിഞ്ഞ ബോർഡുമായി ലയണൽ മെസി അംഗീകരിച്ച പ്രതിഫലം സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് ബാഴ്‌സലോണയ്ക്ക് കൊടുക്കാൻ കഴിഞ്ഞിരുന്നില്ല. ക്ലബ് അതിപ്പോഴും കൊടുത്തു കൊണ്ടിരിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ലപോർട്ട വെളിപ്പെടുത്തി.

“മെസിക്ക് 2025 വരെ ഞങ്ങൾ ബാക്കിയുള്ള പണം നൽകിക്കൊണ്ടിരിക്കേണ്ടതുണ്ട്. കഴിഞ്ഞ ബോർഡുമായി താരം അംഗീകരിച്ച കരാർ പ്രകാരമുള്ള തുകയാണ് ഞങ്ങൾ നൽകിക്കൊണ്ടിരിക്കുന്നത്. 2025ൽ മാത്രമേ അത് അവസാനിക്കുകയുള്ളൂ.” ലപോർട്ട പറഞ്ഞു. താരത്തിന് ആദരവെന്ന നിലയിൽ മത്സരം സംഘടിപ്പിക്കാനുള്ള പദ്ധതികൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബാഴ്‌സലോണയെ സഹായിക്കാൻ വേണ്ടി ലയണൽ മെസി വെട്ടിക്കുറച്ച പ്രതിഫലമാണ് ഇപ്പോൾ ക്ലബ് മടക്കി നൽകുന്നത്. അപ്രതീക്ഷിതമായി ബാഴ്‌സലോണ വിട്ടു പിഎസ്‌ജിയിൽ എത്തിയ മെസിക്ക് അവിടുത്തെ നാളുകൾ അത്ര സുഖകരമായിരുന്നില്ല. ക്ലബിന്റെ ആരാധകർ കൂടി എതിരായതോടെ മെസി ബാഴ്‌സയിലേക്ക് തിരിച്ചു വരാൻ ആഗ്രഹിച്ചിരുന്നെങ്കിലും ഒടുവിൽ ഇന്റർ മിയാമിയിലേക്ക് ചേക്കേറുകയായിരുന്നു.

Laporta Admits Barcelona Still Paying Messi

FC BarcelonaJoan LaportaLionel Messi
Comments (0)
Add Comment