ബാഴ്സലോണയെന്ന പേരു കേൾക്കുമ്പോൾ തന്നെ ഭൂരിഭാഗം ഫുട്ബോൾ ആരാധകർക്കും അതിനൊപ്പം ലയണൽ മെസിയെയും ഓർമ വരും. അർജന്റീനയിൽ നിന്നും ചെറുപ്പത്തിൽ തന്നെ ബാഴ്സലോണയിലെത്തി ക്ലബിന്റെ യൂത്ത് ടീമിലൂടെ ഉയർന്നു വന്നു പിന്നീട് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി മാറിയ വ്യക്തിയാണ് ലയണൽ മെസി. സമീപകാലത്ത് ബാഴ്സലോണയുണ്ടാക്കിയ നേട്ടങ്ങളും ആഗോളതലത്തിൽ തന്നെ നേടിയ ശ്രദ്ധയുമെല്ലാം ലയണൽ മെസിയെന്ന താരത്തിന്റെ സാന്നിധ്യം കൊണ്ടു കൂടിയായിരുന്നു.
എന്നാൽ ബാഴ്സലോണയിൽ നിന്നും അത്ര സുഖകരമായ അന്തരീക്ഷത്തിലല്ല ലയണൽ മെസി 2021 സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഫ്രഞ്ച് ക്ലബായ പിഎസ്ജിയിൽ എത്തിയത്. കരാർ അവസാനിച്ച മെസിക്ക് പുതിയ കരാർ നൽകാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ മുന്നോട്ടു പോയ ബാഴ്സലോണക്ക് കഴിയാതെ വന്നതു കൊണ്ടാണ് താരത്തിന് ക്ലബ് വിടേണ്ടി വന്നത്. ഒട്ടും പ്രതീക്ഷിക്കാതിരുന്ന സമയത്ത് ക്ലബ് വിടേണ്ടി വന്നതിനാൽ തന്നെ ബാഴ്സലോണയുമായി ചെറിയ അസ്വാരസ്യങ്ങൾ മെസിക്കുണ്ടെന്ന റിപ്പോർട്ടുകളും ശക്തമായിരുന്നു.
അതേസമയം പ്രതികൂല സാഹചര്യങ്ങൾ കൊണ്ടു തങ്ങൾക്കു വിട്ടുകളയേണ്ടി വന്ന ലയണൽ മെസിക്ക് അർഹിക്കുന്ന ബഹുമതി നൽകാൻ ബാഴ്സലോണ തയ്യാറെടുത്തു കഴിഞ്ഞുവെന്നാണ് കഴിഞ്ഞ ദിവസം ക്ലബിന്റെ പ്രസിഡന്റായ യോൻ ലപോർട്ടയുടെ വാക്കുകൾ വ്യക്തമാക്കുന്നത്. ക്ലബ് കണ്ട എക്കാലത്തെയും മികച്ച താരത്തിന്റെ പ്രതിമ തങ്ങളുടെ സ്റ്റേഡിയമായ ക്യാമ്പ് നൂവിൽ സ്ഥാപിക്കുമെന്നും അക്കാര്യത്തിൽ തീരുമാനം എടുത്തുവെന്നും കഴിഞ്ഞ ദിവസം ബാഴ്സലോണ ജനറൽ അസംബ്ലിയിൽ സംസാരിക്കുമ്പോൾ യോൻ ലപോർട്ട വ്യക്തമാക്കി.
Laporta: "Of course we will build Leo Messi a statue outside the Camp Nou, right beside the Johan Cruyff one. The decision has been taken and we're working on it." pic.twitter.com/3ha4Q1E1sI
— Barça Universal (@BarcaUniversal) October 10, 2022
“ഞങ്ങൾ ക്യാമ്പ് നൂവിനു വെളിയിൽ ലയണൽ മെസിയുടെ ഒരു പ്രതിമ പണിയും. ആ തീരുമാനം എടുത്തു കഴിഞ്ഞതാണ്.” യോൻ ലപോർട്ട പറഞ്ഞു. അതേസമയം എന്നു മുതലാണ് പ്രതിമ നിർമിക്കാൻ ആരംഭിക്കുകയെന്നും എന്നാണത് ആരാധകർക്കു മുന്നിൽ അനാവരണം ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞില്ല. എന്തായാലും ക്ലബ് വിട്ട ലയണൽ മെസി തീർച്ചയായും അർഹിക്കുന്ന ആദരവ് തന്നെയാണ് ബാഴ്സലോണ നേതൃത്വം നൽകാൻ പോകുന്നതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
അതേസമയം ലയണൽ മെസിയെ ക്ലബ്ബിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങൾ ബാഴ്സലോണ നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകളും ഇപ്പോഴുണ്ട്. ഈ സീസൺ അവസാനിക്കുന്നതോടെ ലയണൽ മെസിയും പിഎസ്ജിയും തമ്മിലുള്ള കരാർ അവസാനിക്കുന്നതു കണക്കിലെടുത്താണ് താരത്തെ തിരിച്ചെത്തിക്കാൻ ബാഴ്സ ശ്രമിക്കുന്നത്. പരിശീലകനായ സാവിക്കും ഇക്കാര്യത്തിൽ വളരെയധികം താൽപര്യമുണ്ടെങ്കിലും ഇക്കാര്യത്തിൽ അവസാനത്തെ തീരുമാനം മെസി തന്നെയാണ് എടുക്കേണ്ടത്.