ഖത്തർ ലോകകപ്പിൽ മോശം പ്രകടനത്തിന്റെ പേരിൽ അജന്റീന ആരാധകർ ഏതെങ്കിലും ഒരു താരത്തെ വിമർശിച്ചിട്ടുണ്ടെങ്കിൽ അത് ലൗടാരോ മാർട്ടിനസ് ആയിരിക്കും. ലോകകപ്പിൽ അർജന്റീനക്കായി ഗോളുകൾ അടിച്ചു കൂട്ടുമെന്നു പ്രതീക്ഷിച്ച താരം ഒരു ഗോൾ പോലും നേടാൻ കഴിയാതെ നിറം മങ്ങിയത് മാത്രമല്ല, നിർണായകമായ പല മത്സരങ്ങളിലും അവസരങ്ങൾ നഷ്‌ടമാക്കി അർജന്റീനയെ സമ്മർദ്ദത്തിലേക്ക് കൊണ്ടു പോയതാണ് ആരാധകർക്ക് രോഷമുണ്ടാകാൻ കാരണം.
എന്നാൽ ലോകകപ്പിന് ശേഷം ക്ലബിനായി മിന്നുന്ന ഫോമിലാണ് അർജന്റീന താരം കളിക്കുന്നത്. കഴിഞ്ഞ ദിവസം വെറോണക്കെതിരെ നടന്ന ലീഗ് മത്സരത്തിൽ ഇന്റർ മിലാൻ ആറു ഗോളിന്റെ വിജയം നേടിയപ്പോൾ അതിൽ രണ്ടു ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയത് മാർട്ടിനസായിരുന്നു. താരം നടത്തുന്ന ഉജ്ജ്വല പ്രകടനം ഇന്റർ മിലാനെ ചാമ്പ്യൻസ് ലീഗ് സെമിയിൽ എത്തിച്ചതിനു പുറമെ ലീഗിൽ ടോപ് ഫോറിലും അവർ ഇപ്പോഴുണ്ട്.
Lautaro Martínez scores two goals for Inter in 6-0 win vs. Verona. https://t.co/iFpnMEPR0V pic.twitter.com/IpYalhRIMP
— Roy Nemer (@RoyNemer) May 4, 2023
ലോകകപ്പിൽ തനിക്ക് മികച്ച പ്രകടനം നടത്താൻ കഴിയാതിരുന്നത് ഇന്റർ മിലാനു ചാമ്പ്യൻസ് ലീഗ് നേടിക്കൊടുത്ത് ലൗടാരോ മാർട്ടിനസ് പരിഹരിക്കുമോയെന്നാണ് ആരാധകർ ഇപ്പോൾ ഉറ്റു നോക്കുന്നത്. കഴിഞ്ഞ നാലു മത്സരങ്ങളിലും വിജയം നേടിയ ഇന്റർ മിലാൻ, യുവന്റസ് അടക്കമുള്ള ടീമുകളെ തോൽപ്പിച്ചിരുന്നു. ചാമ്പ്യൻസ് ലീഗ് സെമിയിൽ ലീഗിൽ തങ്ങൾക്ക് പിന്നിൽ നിൽക്കുന്ന എസി മിലാനാണ് എതിരാളികൾ എന്നതിനാൽ അവരെ മറികടക്കാമെന്ന പ്രതീക്ഷ ഇന്റർ മിലാനുണ്ട്.
സെമിയിൽ വിജയം നേടിയാൽ റയൽ മാഡ്രിഡ് അല്ലെങ്കിൽ മാഞ്ചസ്റ്റർ സിറ്റി ആയിരിക്കും ഇന്റർ മിലൻറെ എതിരാളികൾ. ഇന്ററിനെ സംബന്ധിച്ച് ഈ രണ്ടു ടീമുകളും കടുപ്പമാണെങ്കിലും ലൗടാരോയുടെ ഫോം അവർക്ക് പ്രതീക്ഷയാണ്. ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിൽ എത്തുന്നത്. 2010നു ശേഷം അവരെ ആദ്യമായി ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിപ്പിക്കാനും കിരീടം നേടിക്കൊടുക്കാനും അർജന്റീന താരത്തിന് കഴിയുമോയെന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.
ഈ സീസണിലിതു വരെ മുപ്പത്തിരണ്ട് ഗോളുകളിലാണ് അർജന്റീന താരം പങ്കാളിയായിരിക്കുന്നത്. ഇരുപത്തിമൂന്നു ഗോളുകൾ നേടിയ ലൗടാരോ ഒൻപതു ഗോളുകൾക്ക് വഴിയൊരുക്കി. താരത്തിന്റെ മികച്ച പ്രകടനം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നും ടീമുകളെ ആകർഷിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടനം എന്നീ ക്ലബുകളാണ് ലൗടാരോക്കായി ശ്രമം നടത്തുന്നത്.
Lautaro Martinez Giving Champions League Hope To Inter Fans