ഖത്തർ ലോകകപ്പിൽ അർജന്റീന ആരാധകർ ഏതെങ്കിലുമൊരു താരത്തിനെതിരെ വിമർശനം നടത്തിയിട്ടുണ്ടെങ്കിൽ അത് സ്ട്രൈക്കർ ലൗടാരോ മാർട്ടിനസിനു എതിരെയാകും. അർജന്റീനയുടെ പ്രധാന സ്ട്രൈക്കറായി ടൂർണമെന്റിനെത്തിയ താരത്തിന് പക്ഷെ ടൂർണമെന്റിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല ആദ്യത്തെ രണ്ടു മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇറങ്ങിയ താരം പിന്നീട് പകരക്കാരനായി. ഹൂലിയൻ അൽവാരസാണ് അർജന്റീനക്കായി പിന്നീട് സ്ട്രൈക്കർ പൊസിഷനിൽ ഇറങ്ങിയത്.
മോശം പ്രകടനം നടത്തിയതിനു പുറമെ നിർണായക മത്സരങ്ങളിൽ ലൗടാരോ മാർട്ടിനസ് അവസരങ്ങൾ തുലക്കുകയും ചെയ്തു. ഓസ്ട്രേലിയക്കെതിരായ പ്രീ ക്വാർട്ടർ മത്സരത്തിലും ഫ്രാൻസിനെതിരായ ഫൈനലിലും അർജന്റീനയുടെ വിജയം ഉറപ്പിക്കാൻ കഴിയുമായിരുന്ന രണ്ടു വീതം അവസരങ്ങളാണ് താരം തുലച്ചത്. ഇതിനെ തുടർന്നാണ് താരത്തിനെതിരെ വിമർശനം ശക്തമായത്. എങ്കിലും അർജന്റീനയുടെ രണ്ടു ഷൂട്ടൗട്ട് വിജയങ്ങളിലും ഗോൾ നേടാൻ ലൗറ്റാറോക്ക് കഴിഞ്ഞിരുന്നു.
ലോകകപ്പിനു ശേഷം ക്ലബ്ബിലേക്ക് തിരിച്ചെത്തിയ ലൗടാരോ ഇപ്പോൾ യൂറോപ്പിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന സ്ട്രൈക്കർമാരിൽ ഒരാളാണ്. ഇന്നലെ നടന്ന കോപ്പ ഇറ്റാലിയ മത്സരത്തിൽ മിലാനെതിരെയും ഗോൾ നേടിയതോടെ തുടർച്ചയായ നാലാമത്തെ മത്സരത്തിലാണ് താരം ഗോൾ നേടുന്നത്. ലോകകപ്പിനു ശേഷം അഞ്ചു മത്സരങ്ങൾ കളിച്ച താരം അതിൽ നാലെണ്ണത്തിലും ഗോൾ കണ്ടെത്തി. ഈ മത്സരങ്ങളിൽ ഒരെണ്ണത്തിൽ പോലും താരത്തിന്റെ ക്ലബായ ഇന്റർ മിലാൻ തോൽവി അറിയുകയും ചെയ്തിട്ടില്ല.
Lautaro Martínez scores for Inter and makes it four goals since winning the World Cup! https://t.co/IFgt1AXnOv pic.twitter.com/MYBwFw2qHt
— Roy Nemer (@RoyNemer) January 18, 2023
ലോകകപ്പിനു മുൻപ് അർജന്റീന ടീമിന്റെ പ്രധാന സ്ട്രൈക്കറായ ലൗടാരോ നിരവധി ഗോളുകളും അടിച്ചിട്ടുണ്ട്. എന്നാൽ ടൂർണമെന്റിൽ എന്തുകൊണ്ടോ താരത്തിന് തിളങ്ങാൻ കഴിഞ്ഞില്ല. അതിൽ ആത്മവിശ്വാസം നഷ്ടപ്പെടാതെ ക്ലബിൽ തിരിച്ചെത്തി തകർപ്പൻ പ്രകടനം നടത്തുകയാണ് ലൗടാരോ. ഈ സീസണിൽ ഇന്റർ മിലാനായി പതിനെട്ടു ലീഗ് മത്സരങ്ങളിൽ നിന്നും ഒൻപതു ഗോളുകളാണ് താരം നേടിയത്. നിലവിൽ ലീഗിൽ ഇന്റർ നാലാം സ്ഥാനത്ത് നിൽക്കുമ്പോൾ ടോപ് സ്കോറർ ലിസ്റ്റിൽ ലൗറ്റാറോ രണ്ടാം സ്ഥാനത്താണ്.