ആ പെനാൽറ്റിയിൽ മെസി എന്തു മന്ത്രവിദ്യയാണ്‌ പ്രയോഗിച്ചത്, അതിനു ശേഷം ലൗടാരോ മാർട്ടിനസ് ഉജ്ജ്വല ഫോമിലാണ്

കഴിഞ്ഞ ലോകകപ്പിൽ നിരാശപ്പെടുത്തിയെങ്കിലും ഈ കോപ്പ അമേരിക്കയിൽ അതിന്റെ കടം വീട്ടുന്ന പ്രകടനമാണ് ലൗടാരോ മാർട്ടിനസ് നടത്തുന്നത്. കോപ്പ അമേരിക്കയിൽ മൂന്നു മത്സരങ്ങൾ കഴിഞ്ഞപ്പോൾ നാല് ഗോളുകളുമായി ടോപ് സ്‌കോറർ സ്ഥാനത്തു നിൽക്കുന്നത് ലൗടാരോയാണ്. രണ്ടു മത്സരങ്ങളിൽ താരം പകരക്കാരനായാണ് ഇറങ്ങിയതെന്ന് പ്രത്യേകം എടുത്തു പറയേണ്ട കാര്യമാണ്.

ലൗടാരോ മാർട്ടിനസിന്റെ ഈ ഫോമിന് പിന്നിൽ ലയണൽ മെസിയാണെന്നാണ് ആരാധകർ ഒന്നടങ്കം വിശ്വസിക്കുന്നത്. ലോകകപ്പിന് ശേഷം ലൗടാരോ മാർട്ടിനസ് അർജന്റീന ടീമിന് വേണ്ടി അത്ര മികച്ച ഫോമിൽ അല്ലായിരുന്നു. താരത്തിന്റെ കോൺഫിഡൻസ് വർധിപ്പിച്ചത് കോപ്പ അമേരിക്കക്ക് മുൻപ് ഗ്വാട്ടിമാലക്കെതിരെ നടന്ന മത്സരത്തിൽ ലയണൽ മെസി ചെയ്‌ത പ്രവൃത്തിയാണെന്നാണ് ആരാധകർ പറയുന്നത്.

ഗ്വാട്ടിമാലക്കെതിരെ അർജന്റീനക്ക് ലഭിച്ച പെനാൽറ്റി ലയണൽ മെസി ലൗടാരോ മാർട്ടിനസിനു നൽകി. ഗോളടിക്കാൻ ബുദ്ധിമുട്ടുന്ന താരത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കാനാണ് മെസി അതു ചെയ്‌തത്‌. ആ പെനാൽറ്റി അടക്കം ഗ്വാട്ടിമാലക്കെതിരെ രണ്ടു ഗോളുകൾ നേടിയ ലൗടാരോ മാർട്ടിനസ് കോപ്പ അമേരിക്കയിലും ആ ഫോം തുടരുകയാണ്.

ലയണൽ മെസി നൽകിയ ആ പെനാൽട്ടിയുൾപ്പെടെ കഴിഞ്ഞ നാല് മത്സരങ്ങളിൽ ആറു ഗോളുകളാണ് ലൗടാരോ മാർട്ടിനസ് നേടിയത്. ചിലി, പെറു എന്നീ ടീമുകൾക്കെതിരെ അർജന്റീനയുടെ വിജയം ഉറപ്പിച്ചത് ഇന്റർ മിലാൻ താരത്തിന്റെ ഗോളുകളാണ്. കോപ്പ അമേരിക്കയിൽ തന്നിൽ നിന്നും ഗംഭീര പ്രകടനം പ്രതീക്ഷിക്കാമെന്ന് ലൗടാരോ മാർട്ടിനസ് ഓരോ മത്സരത്തിലും തെളിയിച്ചു കൊണ്ടിരിക്കുന്നു.

ലയണൽ മെസി ആ പെനാൽറ്റി നൽകിയതിന്റെ കടപ്പാട് ലൗടാരോ മാർട്ടിനസ് കാണിക്കുകയും ചെയ്‌തു. ഇന്ന് ആദ്യത്തെ ഗോൾ നേടിയതിന്റെ ആഘോഷം കഴിഞ്ഞതിനു ശേഷം താരം നേരെ ചെന്നത് ലയണൽ മെസിയുടെ അരികിലേക്കാണ്. തന്റെ ആത്മവിശ്വാസം വർധിപ്പിക്കാൻ അർജന്റീന നായകന്റെ പ്രവൃത്തി സഹായിച്ചിട്ടുണ്ട് എന്ന് ലൗടാരോ മത്സരത്തിന് ശേഷം പറയുകയും ചെയ്‌തു.

ArgentinaLautaro MartinezLionel Messi
Comments (0)
Add Comment